അടിസ്ഥാനസൗകര്യമേഖലകളിൽ വികസനമെത്തിക്കുകയെന്നതാണ് എക്കാലത്തും യു.എ.ഇ.യുടെ മുൻഗണന. നാമെല്ലാവരും അതിന്റെ ഗുണഭോക്താക്കളാണ്. ഇതിന്റെ തുടർച്ചയെന്നോണം അൺ എംപ്ലോയ്‌മെന്റ് ഇൻഷുറൻസ് അഥവാ തൊഴിലില്ലായ്മാ ഇൻഷുറൻസ് എന്ന പുതിയ പദ്ധതി രാജ്യത്ത് നടപ്പാക്കിക്കഴിഞ്ഞു. കഴിഞ്ഞവർഷം മേയ് മാസത്തിലാണ് യു.എ.ഇ. സർക്കാർ പദ്ധതി പ്രഖ്യാപിച്ചത്. ഈമാസം 30 വരെ പിഴയടയ്ക്കാതെ താമസക്കാർക്ക് പദ്ധതിയുടെ ഭാഗമാകാം.
എന്താണ് തൊഴിലില്ലായ്‌മാ ഇൻഷുറൻസ്
നിലവിലെ ജോലി നഷ്ടമായാൽ നിബന്ധനകൾക്ക് വിധേയമായി ഇൻഷുറൻസ് പരിരക്ഷ ലഭിക്കുമെന്നതാണ് പദ്ധതിയുടെ പ്രത്യേകത. അടിസ്ഥാനശമ്പളത്തിന്റ 60 ശതമാനം മൂന്ന് മാസക്കാലയളവിൽ ലഭ്യമാകുന്ന രീതിയിലാണ് പദ്ധതി രൂപവത്കരിച്ചിരിക്കുന്നത്.
ആർക്കൊക്കെ ബാധകം
ഫെഡറൽ സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന എല്ലാ താമസക്കാർക്കും തൊഴിലില്ലായ്മാ ഇൻഷുറൻസ് നിർബന്ധമാണ്. അർധസർക്കാർ സ്ഥാപനങ്ങൾക്കും ഫ്രീസോൺ (പ്രത്യേക സാമ്പത്തികമേഖല) മേഖലയിൽ തൊഴിലെടുക്കുന്നവർക്കും പദ്ധതി അടുത്തിടെ ബാധകമാക്കിയിരുന്നു.
ബാധകമല്ലാത്ത വിഭാഗങ്ങൾ
നിക്ഷേപകർ, വീട്ടുജോലിക്കാർ, താത്കാലിക കരാർ ജീവനക്കാർ, 18 വയസ്സിന് താഴെയുള്ളവർ, നിലവിൽ ജോലിയുണ്ടെങ്കിലും വിരമിക്കൽ പെൻഷൻ ലഭിക്കുന്നവർ എന്നീ വിഭാഗങ്ങൾക്ക് പദ്ധതി ബാധകമല്ല.
രണ്ട് തരം പ്ലാനുകൾ;
തുച്ഛമായ പ്രീമിയം
അഞ്ച് ദിർഹംമുതൽ 10 ദിർഹംവരെയാണ് പ്രതിമാസം ജീവനക്കാർ പ്രീമിയമായി നൽകേണ്ടത്. ഇത് പലഘട്ടങ്ങളായി അടയ്ക്കാനുള്ള സൗകര്യവും ലഭ്യമാണ്. വേതനത്തിന്റെ അടിസ്ഥാനത്തിൽ രണ്ട് വിഭാഗമായി തിരിച്ചാണ് ഇൻഷുറൻസ് പ്രീമിയം നിശ്ചയിച്ചിരിക്കുന്നത്. അടിസ്ഥാനവേതനം 16,000 ദിർഹവും അതിൽ കുറവുമാണെങ്കിൽ അഞ്ച് ദിർഹവും, 16,000 ദിർഹത്തിന് മുകളിലാണെങ്കിൽ 10 ദിർഹവുമാണ് പ്രതിമാസം ഈടാക്കുക. കാറ്റഗറി എ, കാറ്റഗറി ബി എന്നിങ്ങനെ തിരിച്ചാണ് പ്രീമിയം തീരുമാനിച്ചിരിക്കുന്നത്.
ക്ലെയിം നിബന്ധനകൾക്ക് വിധേയമായി
തുടർച്ചയായി മൂന്നുമാസം പ്രീമിയം അടച്ചവർക്കാണ് െക്ലയിം ചെയ്യാൻ അർഹതയുള്ളത്. ജോലിയിൽനിന്ന് രാജിവെക്കുകയാണെങ്കിൽ പദ്ധതി ക്ലെയിംചെയ്യാൻ സാധിക്കില്ല. തൊഴിൽ ഉപേക്ഷിച്ചതല്ലെന്ന് തെളിയിക്കുന്ന രേഖ സമർപ്പിക്കണം. കമ്പനി വ്യാജമാണെന്ന് വ്യക്തമാകുകയോ രേഖകളിൽ തിരിമറി നടത്തുകയോ ചെയ്താൽ നഷ്ടപരിഹാരത്തിന് അർഹതയുണ്ടാകില്ല. അപേക്ഷകർ യു.എ.ഇ.ക്കുള്ളിൽ തങ്ങുന്നവരായിരിക്കണം.
ജോലി നഷ്ടമായി 30 ദിവസത്തിനുള്ളിൽ അപേക്ഷിക്കണമെന്നാണ് വ്യവസ്ഥ. നിബന്ധനകൾ പാലിച്ചുള്ള അപേക്ഷകളിൽ രണ്ടാഴ്ചയ്ക്കുള്ളിൽ നഷ്ടപരിഹാരം ലഭിക്കും. കാറ്റഗറി എ.യിൽ 10,000 ദിർഹംവരെയും, കാറ്റഗറി ബി.യിൽ 20,000 ദിർഹംവരെയും മൂന്നുമാസത്തേക്ക് ലഭിക്കും. ഒരു വർഷത്തേക്കോ, രണ്ടു വർഷത്തേക്കോ ജീവനക്കാർക്ക് പദ്ധതിയുടെ ഭാഗമാകാം. കൂടാതെ ഘട്ടംഘട്ടമായി പ്രീമിയം അടയ്ക്കാനും സംവിധാനമുണ്ട്. പ്രതിമാസം, വാർഷികം, അർധവാർഷികം, മൂന്നുമാസം എന്നിങ്ങനെയും പണമടയ്ക്കാം.
പദ്ധതിയിൽ എങ്ങനെ അംഗമാകാം
ഇടനിലക്കാരില്ലാതെ, ഇൻഷുറൻസ് കമ്പനിയിൽനിന്ന് നേരിട്ട് ജീവനക്കാർക്ക് വരിക്കാരാകാം. ഔദ്യോഗിക വെബ്‌സൈറ്റ് വഴി, (www.iloe.com) വളരെ എളുപ്പത്തിൽ നടപടികൾ ഓൺലൈനായി പൂർത്തിയാക്കാം.
(ലേഖകൻ കഴിഞ്ഞ 25 വർഷമായി ഇൻഷുറൻസ് മേഖലയിൽ ഭരണനിർവഹണചുമതലയിൽ പ്രവർത്തിക്കുന്നയാളാണ്)
Content Highlights: gulffeature


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..