വിമാനയാത്രാനിരക്ക് വർധന പ്രശ്‌നം പരിഹരിക്കാൻ ഐക്യപ്പെടണം പ്രവാസി സംഘടനകൾ


 ഇ.കെ. ദിനേശൻ

3 min read
Read later
Print
Share

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഗൾഫ് പ്രവാസികളുള്ള സംസ്ഥാനമാണ് കേരളം. അതിന്റെ സാമ്പത്തികവും സാമ്പത്തികേതരവുമായ സൗകര്യങ്ങൾ സംസ്ഥാനം അനുഭവിച്ചുകൊണ്ടിരിക്കയാണ്. അതുകൊണ്ടുതന്നെ മറ്റ് സംസ്ഥാനങ്ങളിൽ ഇല്ലാത്ത ഒട്ടേറെ സാമൂഹിക സുരക്ഷാപദ്ധതികൾ കേരളത്തിലെ പ്രവാസികൾക്ക് ലഭ്യമാണ്. എന്നിട്ടും എന്തുകൊണ്ട് വിമാനയാത്രയിലെ പകൽക്കൊള്ള അവസാനിപ്പിക്കാൻ കഴിയുന്നില്ല

.

മലയാളിയുടെ ഗൾഫ് പ്രവാസത്തിന്റെ രണ്ടാംഘട്ടത്തിൽ ശക്തിപ്പെട്ട പ്രവാസിസംഘടനകൾ എല്ലാ ഗൾഫ് രാജ്യങ്ങളിലും ഇന്ന് സജീവമാണ്. അതിന്റെ പ്രവർത്തനമേഖലകൾ രാഷ്ട്രീയം, മതം, ജാതി, സാംസ്കാരികം തുടങ്ങി സർവരംഗത്തും വ്യാപിച്ചുകിടക്കുകയാണ്. ഈ സംഘടനകൾ പ്രവർത്തിക്കുന്നത് അതത് പ്രസ്ഥാനങ്ങളുടെ പ്രഖ്യാപിത അജൻഡകൾക്ക് അകത്തായിരിക്കും. അതിനപ്പുറം പ്രവാസികളുടെ പൊതുപ്രശ്നങ്ങളിൽ നേരിട്ട് ഇടപെടാനുള്ള പൊതുവേദി ഇന്നുവരെ ഗൾഫിൽ രൂപപ്പെട്ടുവന്നിട്ടില്ല. അത്തരമൊരു ഐക്യപ്രസ്ഥാനത്തിന് തടസ്സം നിൽക്കുന്ന ഒട്ടേറെ ഘടകങ്ങൾ ഉണ്ടായിരിക്കാം. എന്നാൽ, എല്ലാതരം പ്രവാസികളെയും ബാധിക്കുന്ന വിഷയങ്ങളിൽ ഇത്തരം സംഘടനകൾ ഇനിയെങ്കിലും ഒന്നിക്കേണ്ടതുണ്ട്.
ഇത്തരമൊരു ചിന്തയിലേക്ക് ഇന്ന് പ്രവാസികളെ എത്തിക്കുന്ന പല വിഷയങ്ങൾ ഉണ്ട്. അതിൽ വളരെ പ്രധാനപ്പെട്ടതാണ് എല്ലാവർഷവും അനുഭവിക്കേണ്ടിവരുന്ന വിമാനയാത്രാനിരക്ക് വർധന. ഈവിഷയത്തിൽ ഇനിയെങ്കിലും പ്രവാസി സംഘടനകൾ ഐക്യപ്പെടേണ്ടതുണ്ട്.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഗൾഫ് പ്രവാസികളുള്ള സംസ്ഥാനമാണ് കേരളം. അതിന്റെ സാമ്പത്തികവും സാമ്പത്തികേതരവുമായ സൗകര്യങ്ങൾ സംസ്ഥാനം അനുഭവിച്ചുക്കൊണ്ടിരിക്കയാണ്. അതുകൊണ്ടുതന്നെ മറ്റ് സംസ്ഥാനങ്ങളിൽ ഇല്ലാത്ത ഒട്ടേറെ സാമൂഹിക സുരക്ഷാപദ്ധതികൾ കേരളത്തിലെ പ്രവാസികൾക്ക് ലഭ്യമാണ്. എന്നിട്ടും എന്തുകൊണ്ട് വിമാനയാത്രയിലെ പകൽക്കൊള്ള അവസാനിപ്പിക്കാൻ കഴിയുന്നില്ല. നിലവിൽ യു.എ.ഇ.യിൽനിന്ന് കേരളത്തിലേക്കുള്ള യാത്രാച്ചെലവ് കേരളത്തിൽനിന്ന് മറ്റു യുറോപ്യൻ രാജ്യങ്ങളിലേക്ക് ഉള്ളതിനെക്കാൾ കൂടുതലാണ്. അതാകട്ടെ മണിക്കൂറുകൾകൊണ്ട് കൂടിക്കൊണ്ടിരിക്കുന്നു. ഒരു സർക്കാർ സംവിധാനത്തിനും നിയന്ത്രിക്കാൻ കഴിയാത്തവിധം പ്രവാസികളെ ചൂഷണംചെയ്യുകയാണ് വിമാനക്കമ്പനികൾ. കേന്ദ്ര സർക്കാരിന് ഒരുവിധത്തിലും ഇടപെടാൻ കഴിയാത്തവിധം വിമാനക്കമ്പനികൾ നടത്തുന്ന ചൂഷണത്തിന്റെ ഇരകൾ ആരൊക്കെയാണ് എന്നുകൂടി നാട്ടിലെ രാഷ്ട്രീയപ്രസ്ഥാനങ്ങളും ഉദ്യോഗസ്ഥവർഗങ്ങളും അറിയേണ്ടതുണ്ട്.
കോവിഡിന്റെ ആഘാതത്തിൽ മൂന്നുവർഷത്തോളമായി നാട്ടിൽ പോകാത്ത പ്രവാസി കുടുംബങ്ങളുണ്ട്. അവരിൽ ഭാര്യക്കോ ഭർത്താവിനോ ജോലി നഷ്ടമായവരും ഉണ്ട്. നാലോ അഞ്ചോ അംഗങ്ങൾ ഉള്ള അത്തരം കുടുംബങ്ങൾക്ക് നിലവിലെ അവസ്ഥയിൽ ഒരു ഭാഗത്തേക്കുള്ള യാത്രയ്ക്ക് മാത്രം നാലുലക്ഷത്തോളം രൂപവേണം. ഒരു സാധാരണ കുടുംബത്തിന് വീട്ടുവാടക, കുട്ടികളുടെ പഠിപ്പ്, ജീവിതച്ചെലവ് തുടങ്ങിയവ കഴിച്ച് ഈ തുക കണ്ടെത്തണമെങ്കിൽ ഒരുവർഷം മതിയാവില്ല. അത്തരം കുടുംബങ്ങൾ നാട്ടിലേക്കുള്ള യാത്ര നീട്ടിവെക്കുന്നു. പ്രായമായ മാതാപിതാക്കളെ കാണാനുള്ള ആഗ്രഹം മനസ്സിലെ നോവായിമാറുന്നു. ചിലർക്ക്, വർഷങ്ങളായി കാണാത്ത മാതാപിതാക്കൾ എന്നെന്നേക്കുമായി ഓർമയാകുന്നു.
ഇതൊക്കെ വ്യക്തിപരമായ വിഷയങ്ങൾ അല്ലേ എന്ന് ചിലർക്ക് തോന്നാം. ശരിയാണ്, പക്ഷെ ഇത്തരം വ്യക്തിദുഃഖങ്ങളുടെ ആഴക്കടലിൽനിന്നാണ് കേരളം സാമ്പത്തികമായി നിവർന്നുനിന്നത് എന്നകാര്യം അത്തരക്കാർ മറന്നുപോകരുത്. ഏതോ കാരണത്താൽ ഒരു പ്രവാസിയായിത്തീർന്ന് ആ ചുഴിയിൽനിന്ന് രക്ഷനേടാൻ കഴിയാതെവന്ന അടിസ്ഥാന, മധ്യ വർഗ പ്രവാസിസമൂഹമാണ് സ്കൂൾ അവധിക്കാലത്ത് കേരളത്തിലെ പച്ചപ്പിലേക്ക്, ഉറ്റവരുടെ സാന്നിധ്യത്തിലേക്ക് പറന്നിറങ്ങാൻ കഴിയാതെ മരുഭൂമിയിൽക്കിടന്ന് വേവുന്നത്.
പ്രവാസികളുടെ ഏതൊരു സാമൂഹികവിഷയവും വൈയ്യക്തികംകൂടിയാണ്. പ്രവാസി രാഷ്ട്രീയത്തിന്റെ പരിമിതിയും അതാണ്. അതുകൊണ്ട് വിഷയത്തിന്റെ പ്രാധാന്യം അതത് കാലത്ത് മാത്രം നിലനിൽക്കുന്നതായി മാറി. പതിവായി യാത്രാച്ചെലവ് കൂടുന്നത് സ്കൂൾ അവധിക്കാലത്താണ്. അതിനുശേഷം ആ വിഷയത്തെ എല്ലാവരും മറക്കുന്നു. എന്നാൽ അടുത്തവർഷം പഴയതിനെക്കാൾ ശക്തിയോടെ വിഷയം ചർച്ചയാകുന്നു. അതിനെ രാഷ്ട്രീയമായി അവതരിപ്പിക്കാനോ, മുന്നോട്ട് കൊണ്ടുപോകാനോ പ്രവാസികൾക്ക് കഴിയുന്നില്ല. കഴിയേണ്ട സംഘടനകൾ എന്തുകൊണ്ട് അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നില്ല.?
പ്രവാസി സംഘടനകളുടെ പ്രധാന പരിമിതി അത് നാട്ടിലെ രാഷ്ട്രീയപ്രസ്ഥാനത്തിന്റെ ബി ടീമായി പ്രവർത്തിക്കുന്നു എന്നുള്ളതാണ്. പ്രവാസലോകത്തെ വിഷയങ്ങളെ നാട്ടിൽ അവതരിപ്പിച്ച് പരിഹാരം കാണാൻ സംഘടനകൾക്ക് കഴിയുന്നില്ല. അതേസമയം നാട്ടിൽ ഉണ്ടാകുന്ന ഏതൊരു നീതിനിഷേധത്തിനുമെതിരെ ഇത്തരം സംഘടനകളും വ്യക്തികളും സാമൂഹികമാധ്യമങ്ങളിലൂടെയും അല്ലാതെയും പ്രവാസലോകത്ത് നിന്നുകൊണ്ട് ശക്തമായി പ്രതികരിക്കുന്നു. തങ്ങളുടെവിഷയത്തെ രാഷ്ട്രീയമായി ഉന്നയിക്കാൻ കഴിയാതെവരുകയും നാട്ടിലെ പ്രശ്നങ്ങളെ തങ്ങളുടെ പ്രശ്നമായി കാണുകയുംചെയ്യുമ്പോഴാണ് ഇത്തരം പ്രസ്ഥാനങ്ങൾ പ്രവാസിവിഷയങ്ങൾക്ക് പുറത്താകുന്നത്. അത് പാടില്ല എന്നല്ല പറയുന്നത്. പകരം പൊതുവിഷയങ്ങളിൽ ദീർഘകാലത്തേക്ക് സമരപരിപാടികൾ സംഘടിപ്പിക്കണം. പ്രവാസികൾ നാട്ടിലെത്തുമ്പോൾ കേന്ദ്ര-സംസ്ഥാന സംവിധാനങ്ങളിൽ ഈവിഷയങ്ങൾ അവതരിപ്പിക്കാൻ കഴിയണം. അതിനു കഴിയാത്തിടത്തോളം കാലം ഈവിഷയം പ്രവാസികളിൽ മാത്രം ഒതുങ്ങിനിൽക്കും.
പ്രവാസികളെ മറന്നുള്ള ഏതൊരു കാഴ്ചപ്പാടും ഇന്ന് സാമ്പത്തികമായി തകർന്നു നിൽക്കുന്ന കേരളത്തിനെ ഒന്നുകൂടി പിറകോട്ടടുപ്പിക്കും. ഈ യാഥാർഥ്യത്തെ ഉൾക്കൊണ്ട് കേരളത്തിലെ മുഴുവൻ രാഷ്ട്രീയപ്രസ്ഥാനങ്ങളും ഈവിഷയത്തിൽ അടിയന്തരമായി ഇടപെടണം. അതിനുള്ള ശ്രമം പ്രവാസി സംഘടനകൾ ആരംഭിക്കേണ്ട കാലം എന്നോ കഴിഞ്ഞിരിക്കുന്നു. അതുകൊണ്ടാണ് പ്രവാസി സംഘടനകൾക്ക് എന്ത് ചെയ്യാൻ കഴിയും എന്ന ചോദ്യം നിരന്തരം ഉയർന്നുവരുന്നത്.

Content Highlights: gulffeature

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..