മങ്കി പോക്‌സ്: പ്രതിരോധം ശക്തമാക്കാൻ യു.എ.ഇ.


-

അബുദാബി : ലോകമാകെ പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന കുരങ്ങുപനി അഥവാ മങ്കി പോക്‌സിനെതിരേ യു.എ.ഇ. പ്രതിരോധം ശക്തമാക്കുന്നു. അബുദാബി പൊതുജനാരോഗ്യവകുപ്പിന്റെ നേതൃത്വത്തിലാണ് പ്രതിരോധ നടപടികൾ തുടങ്ങിയിരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ നിർദേശപ്രകാരം അബുദാബിയിലെ എല്ലാ ആരോഗ്യ പരിപാലന കേന്ദ്രങ്ങളോടും മങ്കി പോക്‌സിനെതിരേ ജാഗ്രത പുലർത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ദുബായ് ഹെൽത്ത് അതോറിറ്റിയും എല്ലാ ആരോഗ്യപരിപാലന കേന്ദ്രങ്ങൾക്കും ഇത് സംബന്ധിച്ചുള്ള സർക്കുലർ നൽകിയിട്ടുണ്ട്. യു.എ.ഇ.യിൽ രോഗം നേരത്തെ കണ്ടെത്തുന്നതിനും വ്യാപനം പരിമിതപ്പെടുത്തുന്നതിനുമായി എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. ആരോഗ്യവിദഗ്ധരോട് സുരക്ഷാ നിർദേശങ്ങൾ കൃത്യമായി പാലിക്കാനും സർക്കുലറിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

യൂറോപ്യൻ രാജ്യങ്ങളിൽ കുരങ്ങുപനി സ്ഥിരീകരിച്ചതോടെ ലോകാരോഗ്യ സംഘടന അടിയന്തര യോഗം ചേർന്നിരുന്നു. ആഫ്രിക്കൻ ഭാഗങ്ങളിൽ മാത്രം കണ്ടുവന്നിരുന്ന കുരങ്ങുപനി യൂറോപ്പ്, അമേരിക്ക തുടങ്ങിയ മേഖലകളിലേക്ക് വ്യാപിക്കുന്നതിൽ ലോകാരോഗ്യ സംഘടന ഉൾപ്പെടെയുള്ള ആരോഗ്യ ഏജൻസികൾ ആശങ്കയിലാണ്.

1958-ലാണ് ആദ്യമായി കുരങ്ങുകളിൽ രോഗം സ്ഥിരീകരിച്ചത്. 1970-ലാണ് ആദ്യമായി മനുഷ്യരിൽ രോഗബാധ കണ്ടെത്തിയത്. 1970 മുതൽ 11 ആഫ്രിക്കൻ രാജ്യങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്. വൈറസ് ബാധയുള്ള മൃഗങ്ങളിൽനിന്നോ മനുഷ്യരിൽനിന്നോ ആണ് രോഗം പകരുന്നത്. പനി, പേശിവേദന, ക്ഷീണം, ലിംഫ് ഗ്രന്ഥികളിലെ വീക്കം എന്നിവയാണ് കുരങ്ങുപനിയുടെ പ്രാഥമിക ലക്ഷണങ്ങൾ. പിന്നീട് ചിക്കൻപോക്സിലുണ്ടാകുന്നതു പോലെ കുമിളകൾ മുഖത്തും ശരീരത്തിലും പ്രത്യക്ഷപ്പെടും. രോഗംബാധിച്ചുള്ള മരണം കുറവാണ് എന്നതാണ് ആശ്വാസകരമായ വസ്തുത.

Content Highlights: Monkey pox, UAE

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..