ആരോഗ്യപ്രവർത്തകർക്ക് ആദരമായി ‘ഹാർക്കൻ’


ഹാർക്കൻ സംഗീത വീഡിയോയിൽനിന്ന്

ദുബായ് : ലോകമെമ്പാടുമുള്ള ആരോഗ്യപ്രവർത്തകരെ അതിരുകളില്ലാത്ത സംഗീതത്തിലൂടെ ആദരിക്കാൻ ഹാർക്കൻ എന്ന സംഗീതവീഡിയോ പുറത്തിറക്കി ഒരുകൂട്ടം സംഗീതജ്ഞർ.

മനുഷ്യരാശിക്കുവേണ്ടി അക്ഷീണം പ്രവർത്തിക്കുന്ന മുന്നണിപ്പോരാളികൾ നടത്തുന്ന നിസ്വാർഥ സേവനങ്ങൾക്ക് നന്ദിരേഖപ്പെടുത്തുകയാണ് ഇന്ത്യയിലെയും മിഡിലീസ്റ്റിലെയും സംഗീതജ്ഞർ. ഇന്ത്യയിൽനിന്ന് തൈക്കുടം ബ്രിഡ്ജും യു.എ.ഇ.യിലെ ആദ്യവനിതാസംഗീത സംവിധായകയായ ഇമാൻ അൽ ഹാഷ്മിയും മിഡിലീസ്റ്റിലെ യുവഗായകനായ അമീർ സർക്കാനിയുമാണ് ഹാർക്കൻ സംഗീതവീഡിയോക്ക്‌ പിന്നിലുള്ളവർ. മൂന്നുഭാഷകളിലുള്ള വരികൾക്ക് ശബ്ദവും സംഗീതവും പകർന്നതും ഇവർതന്നെ.

യു.എ.ഇ.യുടെ ആദ്യ എമിറേറ്റ്‌സ് മെഡിക്കൽ ദിനത്തോടനുബന്ധിച്ച് വി.പി.എസ്. ഹെൽത്ത്‌കെയർ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ഷംഷീർ വയലിൽ വീഡിയോ പ്രകാശനംചെയ്തു.

തൈക്കുടം ബ്രിഡ്ജിൽ അംഗമായ അശോക് ബെറ്റി നെൽസനാണ് ഹാർക്കന്റെ രചയിതാവ്. അറബി, ഉറുദു, ഇംഗ്ലീഷ് ഭാഷകളിലാണ് വരികൾ. ദുബായ്, അബുദാബി, കൊച്ചി എന്നിവിടങ്ങളിലാണ് ചിത്രീകരണം. യു.എ.ഇ.യിലെ ആരോഗ്യപ്രവർത്തകരാണ് വീഡിയോയിൽ അണിനിരക്കുന്നത്. ഇമാൻ അൽ ഹാഷ്മി അബുദാബിയിലെ പ്രശസ്തമായ ലൂവ്ര് മ്യൂസിയത്തിൽനിന്ന് ഇവർക്കൊപ്പം പിയാനോ വായിക്കുന്നുണ്ട്.

ആരോഗ്യപ്രവർത്തകരുടെ നിസ്വാർഥ സേവനങ്ങൾക്ക് ലോകം എപ്പോഴും കടപ്പെട്ടിരിക്കുമെന്ന് സംഗീതസംവിധായകനും ഗായകനുമായ ഗോവിന്ദ് വസന്ത പറഞ്ഞു.

തൈക്കുടം ബ്രിഡ്ജിലെ ഗായകരായ അനീഷ് ഗോപാലകൃഷ്ണനും കൃഷ്ണ ബൊംഗാനെയുമാണ് ‘ഹാർക്കനിലെ’ ഇംഗ്ലീഷ്, ഉറുദു വരികൾ ആലപിച്ചത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..