അറേബ്യൻ ട്രാവൽ മാർക്കറ്റിൽ അടുത്തവർഷം കേരളവും


Caption

ദുബായ് : അടുത്തവർഷം മുതൽ കേരളം അതിന്റെ എല്ലാ വിനോദസഞ്ചാര സാധ്യതകളും വിളിച്ചറിയിച്ചുകൊണ്ട് അറേബ്യൻ ട്രാവൽ മാർക്കറ്റിൽ (എ.ടി.എം.) പ്രത്യേക പവിലിയനുമായി പങ്കെടുക്കുമെന്ന് കേരളാ ടൂറിസം സെക്രട്ടറി കെ.എസ്. ശ്രീനിവാസൻ പറഞ്ഞു. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ അറേബ്യൻ ട്രാവൽ മാർക്കറ്റ് സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളാ ടൂറിസം ഡയറക്ടർ കൃഷ്ണതേജയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

ഇരുവരും എ.ടി.എമ്മിലെ ഇന്ത്യൻ പവിലിയൻ സന്ദർശിക്കുകയും ബിസിനസ് ചർച്ചകളിൽ പങ്കെടുക്കുകയും ചെയ്തു. മധ്യപ്രദേശിനും ഉത്തർപ്രദേശിനും കർണാടകത്തിനും അരുണാചലിനുമൊക്കെ മേളയിൽ പ്രത്യേക പവിലിയനുകൾ ഒരുക്കിയിരുന്നു. ലോക ടൂറിസം ഭൂപടത്തിൽ കേരളത്തിന്റെ സ്ഥാനം വളരെ വലുതാണ്. കോവിഡിന് ശേഷം ടൂറിസം പഴയരീതിയിൽ തുടങ്ങിയിരിക്കുകയാണ്. അറേബ്യൻ ട്രാവൽ മാർക്കറ്റ് പോലുള്ള മേളകൾ വിനോദസഞ്ചാര മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകും. കേരളത്തിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് കൃഷ്ണതേജ വ്യക്തമാക്കി.

ഇത്തവണ കേരളത്തിൽനിന്നുള്ള സംരംഭകരുടെ പ്രാതിനിധ്യം കുറവായിരുന്നെങ്കിലും കേരളാ വിനോദസഞ്ചാര വകുപ്പിന്റെ നേതൃത്വത്തിൽ പാക്കേജുകളും ഉത്തരവാദിത്വ ടൂറിസം പ്രവർത്തനങ്ങളും പുതിയ സംരംഭമായ കാരവൻ ടൂറുമൊക്കെ പ്രദർശിപ്പിച്ചിരുന്നു. വൈബ് മൂന്നാർ ജനറൽ മാനേജർ വിമൽറേയ്, മൂന്നാർ ഫോഗ് റിസോർട്ട് ജനറൽ മാനേജർ പ്രവീൺ മേനോൻ, ഗേറ്റ് വേ മലബാർ ഡയറക്ടർ ജിഹാദ് ഹസൻ, കൊണ്ടോടി ഗ്രൂപ്പ് സെയിൽസ് മേധാവി രജീഷ് ഗോപിനാഥ്, റമദാ ഹോട്ടൽ മാനേജർ മനു, സ്റ്റാർക്ക് പ്രതിനിധി ഹരി, മെഹൻസ, ശില്പനായർ, ബിജു കല്ലേലിഭാഗം തുടങ്ങിയവരും സംബന്ധിച്ചു.

ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നാല് ദിവസം നീണ്ടുനിന്ന അറേബ്യൻ ട്രാവൽ മാർക്കറ്റ് വ്യാഴാഴ്ച സമാപിച്ചു. 153 രാജ്യങ്ങളിൽനിന്നായി നാല് ലക്ഷത്തോളം സന്ദർശകരാണ് എ.ടി.എമ്മിലെത്തിയത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..