ഇന്ത്യ ദുഃഖമറിയിച്ചു


ന്യൂഡൽഹി : യു.എ.ഇ. പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിര്യാണത്തിൽ ഇന്ത്യ അഗാധമായി ദുഃഖിക്കുന്നതായി വിദേശകാര്യമന്ത്രി എസ്. ജയ്‌ശങ്കർ പറഞ്ഞു.

യു.എ.ഇ.യെ ആധുനികീകരിക്കുകയും ശാക്തീകരിക്കുകയുംചെയ്ത ദീർഘദർശിയായ നേതാവായിരുന്നു അദ്ദേഹമെന്ന് വിദേശകാര്യമന്ത്രി ട്വിറ്ററിൽ അഭിപ്രായപ്പെട്ടു. ഇന്ത്യ-യു.എ.ഇ. ബന്ധത്തിന്റെ പരിവർത്തനങ്ങൾക്കും ഇത് അടിത്തറയിട്ടെന്ന് ജയ്‌ശങ്കർ ചൂണ്ടിക്കാട്ടി. കരുത്തനായ ഭരണാധികാരിയെയാണ് നഷ്ടമായതെന്ന് കേന്ദ്ര വ്യവസായമന്ത്രി പിയൂഷ് ഗോയലും പറഞ്ഞു.

യു.എ.ഇ.യുടെ ദ്രുതഗതിയിലുള്ള വികസനത്തിന് വഴിയൊരുക്കിയ ദീർഘദർശിയായിരുന്നു ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാനെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും അനുശോചിച്ചു.

ദുഃഖമറിയിച്ച് പ്രധാനമന്ത്രി

ദുബായ് : യു.എ.ഇ. പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു. ‘ഇന്ത്യയും യു.എ.ഇ.യുമായുള്ള ബന്ധം അഭിവൃദ്ധിപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിച്ച നേതാവായിരുന്നു ശൈഖ് ഖലീഫ ബിൻ സായിദ്. ഇന്ത്യൻ ജനതയുടെ അഗാധമായ ദുഃഖം അറിയിക്കുന്നു’ -ട്വിറ്ററിൽ നരേന്ദ്രമോദി കുറിച്ചു.

കേരളവുമായി അടുത്ത ബന്ധം സൂക്ഷിച്ച ഭരണാധികാരി -മുഖ്യമന്ത്രി

യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. യു.എ.ഇ.യുടെ ‘‘ആധുനികവത്കരണത്തിന് നേതൃത്വം നൽകിയ അദ്ദേഹം കേരളവുമായി എന്നും അടുത്ത ബന്ധം സൂക്ഷിച്ച ഭരണാധികാരിയായിരുന്നു. നമ്മുടെ രാജ്യവുമായുള്ള ബന്ധം സുദൃഢമാക്കുന്നതിൽ വലിയ പങ്കാണ് അദ്ദേഹം വഹിച്ചിരുന്നത്’’ -മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു. യു.എ.ഇ.യിലെ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമം ഉറപ്പാക്കുന്ന കാര്യത്തിൽ ആദ്ദേഹം പുലർത്തിയ കരുതൽ എക്കാലവും ഓർമിക്കപ്പെടും. പ്രളയസമയത്തുൾപ്പെടെ കേരളത്തിനായി സഹായഹസ്തം നീട്ടിയ അദ്ദേഹം എന്നും കേരളത്തിന്റെ സുഹൃത്തായി നിലകൊണ്ടു. അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി സന്ദേശത്തിൽ പറഞ്ഞു.

മലയാളികൾക്ക് കരുതലായ ഭരണാധികാരി- വി.ഡി. സതീശൻ

ദുബായ് : യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിര്യാണത്തിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അനുശോചിച്ചു. കാലത്തിനനുസരിച്ച് രാജ്യത്തെ വികസനത്തിലേക്കും പുരോഗമന ചിന്താധാരയിലേക്കും നയിച്ച ഭരണാധികാരിയായിരുന്നു ശൈഖ് ഖലീഫ. ഭരണത്തിൽ വനിതകൾക്കും തുല്യപരിഗണന അദ്ദേഹം നൽകി. യു.എ.ഇ.യുടെ ചരിത്രത്തിൽ ആദ്യമായി ഒരു വനിതാമന്ത്രിയെയും വനിതാ ജഡ്ജിയെയും നിയമിക്കുകയും സർക്കാരിലെ ഉന്നതപദവികളിൽ സ്ത്രീകൾക്ക് 30 ശതമാനം പ്രതിനിധ്യം നൽകുകയും ചെയ്തത് ഖലീഫ പുലർത്തിയിരുന്ന പുരോഗമന കാഴ്ചപ്പാടുകളുടെ അടയാളമായാണ് വിലയിരുത്തപ്പെടുന്നത്. വി.ഡി സതീശൻ അനുശോചനസന്ദേശത്തിൽ കുറിച്ചു.

ഇന്ത്യയിൽ ശനിയാഴ്ച ദുഃഖാചരണം

ന്യൂഡൽഹി : ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന് ആദരമർപ്പിച്ച് ഇന്ത്യ ശനിയാഴ്ച ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..