അബുദാബി : യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻസായിദ് അൽ നഹ്യാന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി യു.എ.ഇ. നേതാക്കൾ. ‘‘പ്രതിജ്ഞ നിറവേറ്റി, രാഷ്ട്രത്തെ സേവിച്ചു, ജനങ്ങളെ സ്നേഹിച്ചു’’ എന്നാണ് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻറാഷിദ് അൽമക്തൂം യു.എ.ഇ. പ്രസിഡന്റിനെ അനുസ്മരിച്ചത്. സംതൃപ്തിയോടെയാണ് അദ്ദേഹം ജനങ്ങളെ വിട്ടുപോയതെന്നും ശൈഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു.
തന്റെ മാർഗദർശിയും ഗുരുനാഥനുമായിരുന്നു അന്തരിച്ച ശൈഖ് ഖലീഫയെന്ന് അദ്ദേഹത്തിന്റെ സഹോദരനും അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധ സേനാ ഉപസർവസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അനുസ്മരിച്ചു. രാഷ്ട്രത്തിന് പ്രിയപ്പെട്ടൊരു പൗരനെയും അതിന്റെ ശാക്തീകരണ കാലഘട്ടത്തിന്റെ നേതാവിനെയും ആ യാത്രയുടെ സംരക്ഷകനെയുമാണ് നഷ്ടമായതെന്നും അദ്ദേഹം ഓർമിച്ചു.
രാജ്യത്തിന്റെ പ്രതാപത്തിനും ജനങ്ങളുടെ അഭിവൃദ്ധിക്കുംവേണ്ടി ജീവിതം സമർപ്പിച്ച നേതാവിനോട് വിടപറയേണ്ടിവരുന്നത് എളുപ്പമല്ലെന്ന് ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. രാഷ്ട്രപിതാവ് ശൈഖ് സായിദിന്റെ കാലടികൾ പിൻപറ്റിയ നേതാവായിരുന്നു ശൈഖ് ഖലീഫയെന്നും അദ്ദേഹം അനുസ്മരിച്ചു. വിവിധ എമിറേറ്റുകളിലെ ഭരണാധികാരികൾ, യു.എ.ഇ. മന്ത്രിമാർ, ഗൾഫ് രാജ്യങ്ങളുടെ പ്രതിനിധികൾ ഉൾപ്പെടെയുള്ളവരും പ്രിയപ്പെട്ട രാഷ്ട്രത്തലവന്റെ നിര്യാണത്തിൽ അനുശോചിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..