നന്മയുടെ പൂമരങ്ങൾ


സ്വപ്നതുല്യമായ സൗഭാഗ്യങ്ങൾ വാരിക്കോരി തന്ന നന്മയുടെയും സ്നേഹത്തിന്റെയും പൂമരമായ യു.എ.ഇ.യുടെ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ 2004-ൽ വിടപറഞ്ഞപ്പോൾ യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂം കുറിച്ച വേദനയുടെ വരികൾ ഇങ്ങനെയാണ്- ‘‘അങ്ങ് സുഷുപ്തിയിൽ വിശ്വസിക്കുക, ഞങ്ങളും ഒരുനാൾ ഒപ്പംചേരാതിരിക്കില്ല. ഈ രാജ്യമുള്ള കാലംവരെ, മനുഷ്യരുള്ള കാലംവരെ അങ്ങ് ഓരോ ജനമനസ്സുകളിലും സ്മരിക്കപ്പെടും. അങ്ങ് കാട്ടിത്തന്ന നേരിന്റെ വഴികൾ ഞങ്ങളിൽ അഭിമാനം നിറയ്ക്കുന്നു. അങ്ങ് ഏതു കൊടുങ്കാറ്റിലും ഉലയാത്ത കപ്പിത്താനായിരുന്നു. അങ്ങയുടെ മകൻ ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അങ്ങ് വെട്ടിത്തെളിച്ച വികസനത്തിന്റെയും സ്നേഹത്തിന്റെയും പന്ഥാവിലൂടെ യു.എ.ഇ.യുടെ ആശയാദർശങ്ങൾ മുറുകെപ്പിടിച്ച് മുന്നേറും...’’ശൈഖ് മുഹമ്മദ് അന്നു പറഞ്ഞതുപോലെ ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ യു.എ.ഇ.യെ ഇക്കാലമത്രയും മുന്നിൽനിന്ന് നയിച്ചു. പിതാവായ ശൈഖ് സായിദ് ബിൻ സുൽത്താൻ സ്വപ്നംകണ്ട, പ്രയോഗത്തിൽ വരുത്തിയ യു.എ.ഇ.യുടെ ഒരു വസന്തകാലം അതേപോലെ കാത്തുസൂക്ഷിച്ചു. രാഷ്ട്രപിതാവായ ശൈഖ് സായിദ് ഉദ്‌ബോധിപ്പിച്ച ഒരു വാചകമുണ്ട്, ‘‘യാതനാപൂർണമായ ഇന്നലെകളുടെ സംഭാവനകളാണ് സുഖസമൃദ്ധമായ ഇന്ന്. ഭൂതകാലമറിയാത്തവന് വർത്തമാനമില്ല, വർത്തമാനമറിയാത്തവന് ശോഭനമായ ഭാവിയുമില്ല. യുവതലമുറ ചരിത്രം പഠിക്കുകതന്നെ വേണം...’’ ആ മഹാനുഭാവൻ പറഞ്ഞ വരികൾ അദ്ദേഹത്തിനുശേഷം യു.എ.ഇ.യുടെ രണ്ടാമത്തെ പ്രസിഡന്റായി അവരോധിക്കപ്പെട്ട മകൻ ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ യുവതലമുറയ്ക്ക് അക്ഷരംപ്രതി പകർന്നുകൊടുത്തു. ഭൂപടത്തിൽ ശ്രദ്ധിക്കപ്പെടുകപോലും ചെയ്യാതിരുന്ന ഒരു രാജ്യത്തെ കണ്ണടച്ചുതുറക്കുന്ന വേഗത്തിൽ യുണൈറ്റഡ് അറബ് എമിറേറ്റ് എന്ന സ്വപ്നസമാനരാജ്യമാക്കി മാറ്റാൻ ആ ഭരണാധികാരിക്ക് കഴിഞ്ഞു.

രണ്ടരനൂറ്റാണ്ടിലേറെ അബുദാബി ഭരിച്ച ശൈഖ് നഹ്യാൻ കുടുംബത്തിലെ അന്നത്തെ ഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ സായിദ് ബിൻ ഖലീഫ അൽ നഹ്യാന്റെ നാലാമത്തെ മകനായ ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ 19 മക്കളിൽ മൂത്തമകനായി അബുദാബിയുടെ കിഴക്കൻ പ്രവിശ്യയായ അൽഐനിൽ അൽമുവൈജി കോട്ടയിലായിരുന്നു ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ ജനനം. 1946 കാലഘട്ടങ്ങളിൽ അബുദാബി ഭരിച്ച ശൈഖ് സായിദിന്റെ സഹോദരൻ ശൈഖ് ശഖ് ബൂത്ത് ബിൻ സുൽത്താൻ അൽ നഹ്യാന്റെ പ്രതിനിധിയായി അൽ ഐൻ പ്രവിശ്യയുടെ ഭരണത്തിൽ ശൈഖ് സായിദ് തിളങ്ങി നിൽക്കുന്ന കാലമായിരുന്നു അത്. ഒരു രാജ്യം അതുവരെ സ്വപ്നത്തിൽപ്പോലും ദർശിക്കാൻ കഴിയാത്ത സൗഭാഗ്യങ്ങളിലേക്ക് കാലുവെക്കുന്ന കാലഘട്ടം.

പാറക്കെട്ടുകൾകൊണ്ട് പ്രകൃതിഭംഗി തീർത്ത ഹഫീത്ത് മലനിരകളും ആയിരക്കണക്കിന് വർഷങ്ങളുടെ ചരിത്രം ഉറങ്ങിക്കിടക്കുന്ന ഭൂമിയും അൽഐനിന്റെ പച്ചപ്പും ശൈഖ് ഖലീഫയുടെ ബാല്യകാലത്തിന് ഊർജം പകർന്നു. സമൂഹത്തിലെ സമ്പന്നൻമാരുടെയും പാവങ്ങളുടെയും എല്ലാ അവസ്ഥകളും പഠിച്ച് ജീവിതസത്യങ്ങളുടെ പരുപരുപ്പ് തേടിയുള്ള യാത്രയായിരുന്നു ശൈഖ് ഖലീഫയുടെ കൗമാരത്തിൽനിന്ന് യൗവനത്തിലേക്കുള്ള സഞ്ചാരം.

പിതാവിന്റെ ഭരണപാടവങ്ങൾ ശൈഖ് ഖലീഫ കുഞ്ഞുനാളിൽത്തന്നെ നോക്കിപ്പഠിച്ചു. 1966 ഓഗസ്റ്റ് ആറിന്, നീണ്ട 36 വർഷത്തെ ഭരണത്തിനുശേഷം ശൈഖ് ശഖ് ബൂത്ത് അനുജനായ ശൈഖ് സായിദിന് അബുദാബിയുടെ ഭരണം കൈമാറി. ആധുനിക യു.എ.ഇ.യുടെ ചരിത്രം ജന്മമെടുക്കുന്നത് അന്നുമുതൽത്തന്നെ. അങ്ങനെ 1971 ഡിസംബർ രണ്ടിനു അബുദാബിയോടൊപ്പം ആറ്് എമിറേറ്റുകൾ കൂട്ടിചേർത്ത് ഇന്നത്തെ യു.എ.ഇ.യ്ക്ക് രൂപംനൽകി. ഒരുവർഷം കഴിഞ്ഞ് റാസൽഖൈമയും യു.എ.ഇ.യുടെ ഭാഗമായി. യു.എ.ഇ.രൂപം കൊണ്ടതിനുശേഷം ഉണ്ടാക്കിയ 40 അംഗങ്ങളുള്ള രാജ്യത്തിന്റെ എല്ലാവിധ നിയമനിർമാണ അധികാരവുമുള്ള ഫെഡറൽ നാഷണൽ കൗൺസിൽ, ഏഴ് എമിറേറ്റുകളിലെയും ഭരണാധികാരികൾ ചേർന്ന സുപ്രീംകൗൺസിൽ എന്നിവയ്ക്ക് പാർലമെന്റിനു തുല്യമായ അധികാരത്തോടെ മുന്നോട്ടുനയിക്കാൻ ശൈഖ് ഖലീഫയ്ക്ക് സാധിച്ചു.

1971-ൽ യു.എ.ഇ. എന്ന രാജ്യം രൂപംകൊണ്ടശേഷം ശൈഖ് ഖലീഫ പിതാവിന്റെ കീഴിൽ അബുദാബി മന്ത്രിസഭാതലവനും പ്രധാനമന്ത്രിയും ആയി. പ്രതിരോധം, ധനകാര്യം തുടങ്ങിയ സുപ്രധാന വകുപ്പുകളുടെ ചുമതലയും ശൈഖ് ഖലീഫതന്നെ വഹിച്ചു. 1973 ഡിസംബർ 23-ന് യു.എ.ഇ.യുടെ ഉപപ്രധാനമന്ത്രിയായി അദ്ദേഹം ചുമതലയേറ്റു. തൊട്ടടുത്തവർഷം ജനുവരി 20-ന് അബുദാബി എക്സിക്യുട്ടീവ് കൗൺസിൽ മേധാവിയായും സ്ഥാനമേറ്റു. 1976 മേയിൽ യു.എ.ഇ.സൈനികത്തലവനായും 1980 മുതൽ സുപ്രീംപെട്രോളിയം കൗൺസിൽ തലവനായും പരിസ്ഥിതി വകുപ്പിന്റെയും വന്യമൃഗസംരക്ഷണ കേന്ദ്രത്തിന്റെ (ഇ.ആർ.ഡബ്ല്യു.ഡി.എ.) ചെയർമാനായും അദ്ദേഹം സേവനമനുഷ്ഠിച്ചു.

2004 നവംബർ രണ്ടിന് യു.എ.ഇ.യുടെ രാഷ്ട്രപിതാവും വഴികാട്ടിയുമായ ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ വിടപറഞ്ഞപ്പോൾ മൂത്തമകനായ ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ യു.എ.ഇ.യുടെ ഭരണാധികാരിയായി അധികാരമേറ്റു. പിതാവിന്റെ തണലിൽ ആക്ടിങ് പ്രസിഡന്റായ കാലത്തുള്ള അനുഭവപാരമ്പര്യം കൈമുതലായുള്ള അദ്ദേഹത്തിന് യു.എ.ഇ.യുടെ ഭരണം അനായാസം മുന്നോട്ടുകൊണ്ടുപോകാൻ സാധിച്ചു.

അഞ്ചുവർഷമാണ് യു.എ.ഇ.യുടെ പ്രസിഡന്റിന്റെ ഭരണകാലാവധി. എന്നാൽ, ശൈഖ് ഖലീഫയുടെ ഭരണകാലാവധി അവസാനിക്കുമ്പോൾ മറ്റൊരു പേര് യു.എ.ഇ.യുടെ ഭരണാധികാരിയായി ഉയർത്തിക്കാട്ടാൻ ഈ രാജ്യത്തിന് ഉണ്ടായിരുന്നില്ല.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..