സായിദിന്റെ സ്വപ്നങ്ങൾക്ക് നിറംപകർന്ന ഭരണം


അബുദാബി : ഒന്നുമില്ലായ്മയിൽനിന്ന് ഒരു രാജ്യത്തെ കൈപിടിച്ച് ലോകം ഉറ്റുനോക്കുന്ന ഒന്നാക്കിമാറ്റിയ ഭരണമികവിന്റെ സുവർണകാലഘട്ടത്തിനാണ് പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വേർപാടോടെ അവസാനമാകുന്നത്. എന്നാൽ, അദ്ദേഹം തുറന്നിട്ട പാതകളിലൂടെയുള്ള ഈ രാജ്യത്തിന്റെ ജൈത്രയാത്ര തുടർന്നുകൊണ്ടേയിരിക്കും.

സാമ്പ്രദായിക വിദ്യാഭ്യാസത്തിനൊപ്പംതന്നെ ഭരണപരിശീലനത്തിനും നിയോഗിക്കപ്പെട്ട അൽഐനിലെ ബാല്യകാലം അദ്ദേഹത്തിൽ രാഷ്ട്രതന്ത്രജ്ഞതയുടെ അടിസ്ഥാനശിലകൾ പാകി. പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ പാത പിന്തുടർന്നുകൊണ്ടാണ് ശൈഖ് ഖലീഫയുടെ ഭരണരംഗത്തേക്കുള്ള ചുവടുവെപ്പ്.

മരുഭൂമിയിൽ ശൈഖ് സായിദ് പാകിയ സ്വപ്നങ്ങളുടെ വിത്ത് വെള്ളവും വളവും നൽകി കായ്ഫലമുള്ള വടവൃക്ഷമായി മാറ്റുകയെന്നതായിരുന്നു ശൈഖ് ഖലീഫയുടെ നിയോഗം. ശൈഖ് സായിദിന് ശേഷം രാഷ്ട്രം ഏറ്റവുംശക്തമായ കരങ്ങളിൽത്തന്നെയാണ് ഏൽപ്പിക്കപ്പെട്ടതെന്ന് ശൈഖ് ഖലീഫയുടെ കാലഘട്ടം അടയാളപ്പെടുത്തുന്നു. മരുപ്പച്ചകളുടെ തണലുള്ള അൽ ഐനിൽ 1948-ൽ ജനിച്ച അദ്ദേഹത്തിന് ചെറുപ്പംമുതൽക്ക് പിതാവിനൊപ്പം അൽ ഐൻ, അൽ ബുറൈമി ഭാഗങ്ങളിലെ ഭരണരീതികൾ നേരിൽക്കണ്ട് മനസ്സിലാക്കാനുള്ള അവസരമുണ്ടായി. രാജ്യത്തെ സുപ്രധാന കാർഷികമേഖലയായ ഇവിടുത്തെ രീതികൾ നേരിട്ടറിയുന്നതിനും ജനങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കി പരിഹാരങ്ങൾ കണ്ടെത്തുന്നതിനും അദ്ദേഹത്തിന് സാധിച്ചു. ഉത്തരവാദിത്വം, വിശ്വാസ്യത, നീതി, അവകാശം തുടങ്ങിയ മൂല്യങ്ങൾ അദ്ദേഹമാർജിച്ചത് കർഷകസമൂഹവുമായുള്ള ഇത്തരം നിരന്തര ഇടപെടലുകളിലൂടെയായിരുന്നു.

ഇതോടൊപ്പംതന്നെ പൊതു മജ്‌ലിസുകളിൽനിന്ന് രാഷ്ട്രീയപരവും നേതൃപരവുമായ വൈദഗ്ധ്യം അദ്ദേഹമാർജിച്ചു. ജനനന്മയ്ക്കായി ശൈഖ് സായിദ് നടത്തുന്ന ഇടപെടലുകൾ ശൈഖ് ഖലീഫയെ ഏറെ സ്വാധീനിക്കുകയും ഭാവി യു.എ.ഇ. വികസനങ്ങളിൽ അത് പ്രതിഫലിക്കുകയും ചെയ്തു. 1966 ഓഗസ്റ്റിൽ അബുദാബിയുടെയും കിഴക്കൻ പ്രവിശ്യകളുടെയും ഭരണാധികാരിയുടെ പ്രതിനിധിയായാണ് ശൈഖ് ഖലീഫ ഔദ്യോഗികരംഗത്തേക്ക് കടന്നുവരുന്നത്. 1969 ഫെബ്രുവരി ഒന്നിന് അദ്ദേഹം അബുദാബിയുടെ കിരീടാവകാശിയായി ചുമതലയേറ്റു. തുടർന്ന് അബുദാബി പ്രധാനമന്ത്രിയായും യു.എ.ഇ. പ്രതിരോധമന്ത്രിയായും യു.എ.ഇ. ഉപ പ്രധാനമന്ത്രിയായും യു.എ.ഇ. സായുധസേനാ ഉപ സർവസൈന്യാധിപനായും വിവിധ കാലയളവുകളിൽ സേവനമനുഷ്ഠിച്ചു. രാഷ്ട്രപിതാവിന്റെ വിയോഗത്തിനുശേഷം 2004 നവംബർ മൂന്നിനാണ് അദ്ദേഹം യു.എ.ഇ.യുടെ പ്രസിഡന്റായി ചുമതലയേൽക്കുന്നത്. തുടർന്നിങ്ങോട്ട് രാഷ്ട്രവികസനമെന്ന ഒറ്റലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങൾക്ക് ജനതയെ സജ്ജരാക്കുകയായിരുന്നു അദ്ദേഹം. ദേശീയ, അന്തർദേശീയ തലങ്ങളിൽ യു.എ.ഇ. ഇന്ന് നിലകൊള്ളുന്ന സ്ഥാനത്തേക്കുള്ള യാത്ര അത്ര എളുപ്പമുള്ളതായിരുന്നില്ല. എങ്കിലും സുസ്ഥിര വികസന ആശയത്തിൽ അടിയുറച്ചുതന്നെ യു.എ.ഇ.യെ മുന്നോട്ടുനയിക്കാൻ അദ്ദേഹത്തിനായി.

പ്രകൃതിവിഭവശേഷിയും മാനവവിഭവശേഷിയും കുറഞ്ഞ ഒരിടത്തെ ലോകത്തിന് അസൂയയുണ്ടാക്കുംവിധം നേട്ടങ്ങളിലേക്ക് നയിക്കാനായത് തീർച്ചയായും ദീർഘവീക്ഷണമൊന്നുകൊണ്ട് മാത്രമാണ്. ശാസ്ത്ര-സാങ്കേതിക-സാമ്പത്തിക-കാർഷിക രംഗങ്ങളിൽ രാജ്യമിന്ന് സുസ്ഥിരവികസനപാതയിൽ സഞ്ചരിക്കുമ്പോൾ അതിലെല്ലാം പ്രസിഡന്റ് ശൈഖ് ഖലീഫയുടെ കൈയൊപ്പ് കാണാനാകും. അതിന് അന്താരാഷ്ട്രസമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പാക്കാനായി എന്നതും ഭരണമികവിന്റെ തെളിവാണ്. ആഗോളതലങ്ങളിൽനിന്നുള്ള പ്രതിഭകൾക്ക് വീടൊരുക്കി ഇന്ന് യു.എ.ഇ. ലോകത്തിന്റെ ഇഷ്ടയിടമായി നിലക്കൊള്ളുന്നത് ശൈഖ് ഖലീഫയുടെ ഭരണതന്ത്രജ്ഞതയുടെ ഏറ്റവും വലിയ ഉദാഹരണമാണ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..