ശൈഖ് ഖലീഫയുടെ നിര്യാണത്തിൽ അനുശോചന പ്രവാഹം


കേരള മുസ്‌ലിം ജമാഅത്ത്

അബുദാബി : ജനങ്ങളുടെ ക്ഷേമം എന്നത് രാജ്യഭരണത്തിന്റെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുകയും ഹാപ്പിനെസ് ഇൻഡക്‌സിൽ ലോകരാഷ്ട്രങ്ങൾക്കിടയിൽ യു.എ.ഇ.യെ ഉന്നത സ്ഥാനത്തേക്ക് എത്തിക്കുകയുംചെയ്ത നേതാവായിരുന്നു ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാനെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജന. സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി അനുസ്മരിച്ചു. രാഷ്ട്രീയമായും സാമൂഹികമായും പാരിസ്ഥിതികമായും ഒട്ടേറെ വെല്ലുവിളികളെ അഭിമുഖീകരിക്കുന്ന വർത്തമാന കാലത്ത് അദ്ദേഹത്തിന്റെ അഭാവം വലിയ നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.

സീതിസാഹിബ് ഫൗണ്ടേഷൻ

ദുബായ് : ശൈഖ് ഖലീഫയുടെ നിര്യാണത്തിൽ സീതിസാഹിബ് ഫൗണ്ടേഷൻ അനുശോചിച്ചു. പ്രസിഡന്റ് സീതി പടിയത്ത്, ജനറൽ സെക്രട്ടറി അഷ്റഫ് കൊടുങ്ങല്ലൂർ, നാസർ കുറുമ്പത്തൂർ, സലാം തിരുനെല്ലൂർ എന്നിവർ അനുശോചനം രേഖപ്പെടുത്തി

കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ കമ്മിറ്റി

കൽബ : യു.എ.ഇ. പ്രസിഡന്റിന്റെ നിര്യാണത്തിൽ കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ കമ്മിറ്റി, ഇൻകാസ് ഫുജൈറ കമ്മിറ്റി പ്രസിഡന്റ് കെ.സി. അബൂബക്കർ അനുശോചനം രേഖപ്പെടുത്തി. പുരോഗതിയുടെയും വികസനത്തിന്റെയും ആധുനികയുഗത്തിലേക്ക് യു.എ.ഇ.യെ കൈപിടിച്ചുയർത്തിയ ദീർഘവീക്ഷണവും ഇച്ഛാശക്തിയുമുള്ള മനുഷ്യസ്‌നേഹിയായ ഭരണാധികാരിയായിരുന്നു ശൈഖ് ഖലീഫ. പ്രവാസി സമൂഹത്തെ സംബന്ധിച്ചിടത്തോളം സഹോദരതുല്യം സ്‌നേഹിക്കുകയും സംരക്ഷിക്കുകയും ചേർത്തുനിർത്തുകയും ചെയ്ത രക്ഷിതാവിനെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്.

ശക്തി തിയേറ്റേഴ്സ് അബുദാബി

അബുദാബി : ഭരണരംഗത്ത് നൂതനമായ തീരുമാനങ്ങൾ കൈക്കൊണ്ട് രാജ്യത്തെ വികസനക്കുതിപ്പിലേക്ക്‌ നയിച്ച ഭരണാധികാരിയായിരുന്നു ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാനെന്ന് ശക്തി തിയേറ്റേഴ്സ് ഭാരവാഹികൾ പറഞ്ഞു. മാനവമൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് സമാധാനത്തിന്റെ സന്ദേശം അദ്ദേഹം ലോകത്തിന് നൽകി. മലയാളി സമൂഹം ഉൾപ്പെട്ട ഇന്ത്യക്കാരോട് പ്രത്യേക മമത വെച്ചുപുലർത്തിയ ഭരണാധികാരികൂടിയായിരുന്നു അദ്ദേഹമെന്ന് ശക്തി തിയേറ്റേഴ്സ് പ്രസിഡന്റ് ടി.കെ. മനോജും ജനറൽ സെക്രട്ടറി സഫറുള്ള പാലപ്പെട്ടിയും അനുസ്മരിച്ചു.

ജനതാ കൾച്ചറൽ സെന്റർ

ദുബായ് : യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാന്റെ വിയോഗത്തിൽ ജനതാ കൾച്ചറൽ സെന്റർ യു.എ.ഇ. കമ്മിറ്റി പ്രസിഡന്റ് പി.ജി. രാജേന്ദ്രനും ജന. സെക്രട്ടറി ടെന്നിസൺ ചേന്നപിള്ളിയും അനുശോചനം അറിയിച്ചു.

കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാർ

ദുബായ് : ആധുനിക യു.എ.ഇ.യെ കെട്ടിപ്പടുക്കുന്നതിലും ശൈഖ് സായിദിനു ശേഷം രാജ്യത്തെ മുന്നിൽനിന്ന് നയിക്കുന്നതിലും ഇന്ത്യയടക്കമുള്ള രാജ്യങ്ങളുമായുള്ള ഊഷ്മളമായ ബന്ധം ഉറപ്പാക്കുന്നതിലും നിർണായ പങ്കുവഹിച്ച നേതാവായിരുന്നു ശൈഖ് ഖലീഫ എന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാർ അനുസ്മരിച്ചു. വികസന മാതൃകകളും സാങ്കേതിക മികവുംകൊണ്ട് രാജ്യത്തെ സമ്പന്നമാക്കാൻ അദ്ദേഹത്തിനായി. നേരിട്ട് കണ്ട സമയത്ത് സൗമ്യമായി സൗഹൃദം പങ്കിട്ട അദ്ദേഹത്തെ അടുത്തറിയാൻ സാധിച്ചിട്ടുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..