മനുഷ്യക്കടത്ത്: നിയമം കടുപ്പിക്കണമെന്ന് ആവശ്യപ്പെട്ട്‌ പ്രവാസികൾ


Caption

ഷാർജ : കേരളത്തിൽനിന്ന് വിദേശത്തേക്ക് മനുഷ്യക്കടത്ത് വർധിക്കുന്നതായി പരാതി. നിയമവും നിയന്ത്രണങ്ങളുമെല്ലാം നിലവിലുണ്ടെങ്കിലും അതൊന്നും ഫലവത്താകുന്നില്ലെന്നാണ് പ്രവാസികളുടെ ഉൾപ്പെടെ പ്രധാന പരാതി. ദിവസങ്ങൾക്കുമുമ്പാണ് കുവൈത്തിൽ കുടുങ്ങിപ്പോയ കൊച്ചി സ്വദേശിനിയായ യുവതിയുടെ സങ്കടം ലോകമറിഞ്ഞത്. കൊല്ലം, തൃക്കാക്കര എന്നിവിടങ്ങളിൽനിന്നുള്ള യുവതികൾക്കും സമാനമായ അനുഭവങ്ങളുണ്ടായി. ഈയിടെ സമാപിച്ച ലോക കേരളസഭയിലും പ്രത്യേക ഓപ്പൺഫോറത്തിലൂടെ പ്രവാസിസംഘടനാ പ്രതിനിധികൾ കേരളത്തിൽനിന്ന് മനുഷ്യക്കടത്ത് വർധിക്കുന്നത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. കുറ്റക്കാർക്കെതിരേ നടപടിയെടുക്കണമെങ്കിൽ ഇതുസംബന്ധിച്ച പരാതികൾ ലഭിക്കുന്നില്ലെന്നാണ് അധികൃതർ നൽകുന്ന മറുപടി. സർക്കാരിന്റെ ഭാഗത്തുനിന്നുള്ള ഇത്തരം മറുപടികൾ നിരുത്തരവാദപരമാണെന്ന് പ്രവാസി സംഘടനകളും പറയുന്നു.

മനുഷ്യക്കടത്ത് സന്ദർശക വിസയിൽ

കേരളത്തിൽനിന്നു ഗൾഫിലേക്കാണ് പ്രധാനമായും മനുഷ്യക്കടത്ത് നടക്കുന്നത്. പരാതികളധികവും ഗൾഫിൽനിന്നാണ്. പലപ്പോഴും ഇടനിലക്കാർ രക്ഷപ്പെടുന്നത് നിയമത്തിന്റെ ആനുകൂല്യത്തിലാണ്. ഗൾഫിൽ യു.എ.ഇ.ക്കുപുറമേ മസ്‌കറ്റ്, കുവൈത്ത് എന്നിവിടങ്ങളിലും മനുഷ്യക്കടത്ത് വ്യാപകമായിട്ടുണ്ട്. ഗാർഹിക തൊഴിലുകളുടെ പേരിലാണ് ഭൂരിഭാഗം ആളുകളെയും നാട്ടിൽനിന്നു കയറ്റിവിടുന്നത്. യു.എ.ഇ. അടക്കമുള്ള 18 രാജ്യങ്ങളിലേക്ക് ഗാർഹിക തൊഴിലെടുക്കാൻ വരുന്നവരും പത്താംക്ലാസ് പാസാകാത്തവരും ഇ- മൈഗ്രേറ്റ് പോർട്ടലിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന നിയമം ഇന്ത്യയിൽ പ്രാബല്യത്തിലുണ്ട്.

പ്രവാസി തൊഴിൽസുരക്ഷ ഉറപ്പുവരുത്താനാണ് നിയമം നടപ്പാക്കിയത്. അതിനെ മറികടക്കാൻ കൂടിയാണ് സന്ദർശകവിസയിൽ ആളുകളെ കയറ്റിവിടുന്നത്. സന്ദർശക വിസയിലുള്ളവർ അതത് രാജ്യത്തുനിന്നു തൊഴിൽ വിസയിലേക്ക് മാറുമ്പോൾ ഇ- മൈഗ്രേറ്റ് പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതില്ലെന്നതാണ് മനുഷ്യക്കടത്തുകാർക്ക് ലഭിക്കുന്ന സൗകര്യം. എന്നാൽ, തൊഴിൽവിസയിലേക്ക് മാറുമ്പോൾ ഇന്ത്യൻ എംബസികൾ മുഖേന തൊഴിലാളികളുടെ കുടിയേറ്റ രേഖകൾ അറ്റസ്റ്റുചെയ്യണമെന്ന ആവശ്യം ലോക കേരളസഭയിലും ഉന്നയിക്കുകയുണ്ടായി.

യു.എ.ഇ.യിൽ അജ്മാൻ, റാസൽഖൈമ, അൽഐൻ എന്നിവിടങ്ങളിലേക്കാണ് സ്ത്രീകളെയടക്കം കൊണ്ടുവന്ന് മനുഷ്യക്കടത്ത് നടന്നതായി പരാതികളുയർന്നത്. അജ്മാൻ ഇന്ത്യൻ സോഷ്യൽ സെന്റർ പ്രസിഡന്റ് ജാസിം മുഹമ്മദ് മനുഷ്യക്കടത്ത് നിയമംമൂലം നിയന്ത്രിക്കണമെന്ന് ലോക കേരളസഭാ ഓപ്പൺ ഫോറത്തിന്റെ ചർച്ചയിൽ ആവശ്യപ്പെട്ടിരുന്നു.

മനുഷ്യക്കടത്തിനിരകളായ ഏകദേശം 2000 സ്ത്രീകളെ മസ്‌കറ്റിൽനിന്ന് രക്ഷപ്പെടുത്തി നാട്ടിലേക്ക് വിട്ടതായി പ്രവാസി ക്ഷേമനിധി ബോർഡ് അംഗം പി.എം. ജാബിർ പറഞ്ഞു. ഇനിയും ഒട്ടേറെ മലയാളിസ്ത്രീകൾ ഒമാനിലും മറ്റും ബുദ്ധിമുട്ടുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ലോക കേരളസഭയിലെ ഓപ്പൺഫോറത്തിൽ പാനലിസ്റ്റായ ജാബിർ ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നു. ഇന്ത്യയും മസ്‌കറ്റും തമ്മിൽ തൊഴിൽരേഖകൾ സാക്ഷ്യപ്പെടുത്താനായി വാക്കാൽ കരാറുണ്ടെങ്കിലും രേഖാമൂലം വേണമെന്നാണ് പ്രവാസികളുടെ ആവശ്യം. ഇ-മൈഗ്രേറ്റിനെ മറികടക്കാനായി തൊഴിലാളികളെ യു.എ.ഇ.യിലെത്തിച്ചശേഷം മറ്റു രാജ്യങ്ങളിലേക്ക് കടത്തിവിടുന്നതും ഇടനിലക്കാർ മുഖേനതന്നെ.

മനുഷ്യക്കടത്ത് വർധിക്കുന്നതിനാൽ 2020-ൽ ഒമാൻ സർക്കാരും ഇന്ത്യൻ എംബസിയും തമ്മിൽ വാക്കാൽ ഇ- മൈഗ്രേറ്റ് കരാർ നടപ്പാക്കിയിരുന്നു. എന്നാൽ, രേഖാമൂലം ഇരുരാജ്യങ്ങളും തമ്മിൽ കരാർ വേണമെന്നാണ് ആവശ്യമെന്നും പി.എം. ജാബിർ വ്യക്തമാക്കി. ഫിലിപ്പീൻസുമായി മസ്‌കറ്റ് രേഖാമൂലം കരാർ നടപ്പാക്കിയിരുന്നു. ടൂറിസത്തിന്റെ മറവിലും വലിയരീതിയിൽ ഗൾഫിലേക്ക് കേരളത്തിൽനിന്ന് ആളുകളെ കൊണ്ടുവരുന്നുണ്ട്. യു.എ.ഇ.യുടെ ഒമാൻ അതിർത്തിപ്രദേശമായ ബുറൈമിയിൽ ഒട്ടേറെ മലയാളി വ്യാജ റിക്രൂട്ട്‌മെന്റ് ഏജൻസികൾ പ്രവർത്തിക്കുന്നുണ്ടെന്ന് പി.എം. ജാബിർ പറയുന്നു. ലക്ഷക്കണക്കിനുരൂപ ഏജൻസികൾ വിസയുടെ പേരിൽ കേരളത്തിൽനിന്ന് പിരിച്ചെടുക്കുന്നുണ്ട്. മലയാളികളെ കൂടാതെ ആന്ധ്ര, തമിഴ്‌നാട് എന്നിവിടങ്ങളിൽനിന്നുള്ള റിക്രൂട്ട്‌മെന്റ് ഏജൻസികളും മനുഷ്യക്കടത്ത് നടത്തുന്നുണ്ട്.

നിയമനടപടിയും ബോധവത്കരണവും വേണം

ഇന്ത്യയിൽ പ്രവർത്തിക്കുന്ന വ്യാജ റിക്രൂട്ട്‌മെന്റ് ഏജൻസികൾക്കെതിരേ നടപടി ശക്തമാക്കണം. കൂടാതെ, ഇന്ത്യയിൽനിന്ന് ഗൾഫിലേക്ക് വരുന്ന സ്ത്രീകൾ അടക്കമുള്ള തൊഴിലാളികൾക്ക് സർക്കാരും സന്നദ്ധസംഘടനകളും ചേർന്ന് ബോധവത്കരണം നടത്തണം. കുടുംബശ്രീകൾക്കും സ്ത്രീകളെ ബോധവത്കരണം നടത്താനുള്ള ഉത്തരവാദിത്വമുണ്ട്. നോർക്ക റൂട്ട്‌സ്, ഒഡെപെക് എന്നിവ മുഖേന മലയാളികളെ റിക്രൂട്ട് ചെയ്താൽ മനുഷ്യക്കടത്ത് തടയാൻ സാധിക്കുമെന്നാണ് കരുതുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..