യു.എ.ഇ. പ്രസിഡന്റിനെ കാണാൻ പ്രധാനമന്ത്രി മോദി അടുത്തയാഴ്ചയെത്തും


ദുബായ് : പുതിയ യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ നേരിൽക്കണ്ട് അഭിനന്ദിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 28-ന് യു.എ.ഇ.യിലെത്തും. ജർമനിയിൽ നടക്കുന്ന ജി-7 ഉച്ചകോടിയിൽ പങ്കെടുത്ത ശേഷമായിരിക്കും അദ്ദേഹം അബുദാബിയിലെത്തുക. അന്ന് രാത്രിതന്നെ അദ്ദേഹം മടങ്ങുകയും ചെയ്യും. ജൂൺ 26 മുതൽ 28 വരെയാണ് ജി-7 ഉച്ചകോടി.

യു.എ.ഇ. പ്രസിഡന്റായിരുന്ന ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗത്തിൽ പ്രധാനമന്ത്രി നേരിട്ട് അനുശോചനം അറിയിക്കും. 2019 ഓഗസ്റ്റിലാണ് പ്രധാനമന്ത്രി ഒടുവിൽ യു.എ.ഇ. സന്ദർശിച്ചത്. അന്ന് ഓർഡർ ഓഫ് സായിദ് പുരസ്കാരം സമ്മാനിച്ചിരുന്നു. യു.എ.ഇ.യിലെ ഏറ്റവും ഉന്നതപുരസ്കാരമാണ് ഓർഡർ ഓഫ് സായിദ്. 2015-ലും 2018-ലും പ്രധാനമന്ത്രി യു.എ.ഇ.യിൽ സന്ദർശനം നടത്തിയിരുന്നു.

സ്വതന്ത്ര വ്യാപാരക്കരാറിൽ ഈ വർഷം ഇരുരാജ്യങ്ങളും ഒപ്പിട്ടിരുന്നു. അതുമായി ബന്ധപ്പെട്ട തുടർനടപടികൾ സംബന്ധിച്ചുള്ള പ്രഖ്യാപനം സന്ദർശനവേളയിൽ ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബി.ജെ.പി. വക്താക്കൾ നടത്തിയ പ്രവാചക വിരുദ്ധപരാമർശത്തിനെതിരേ മേഖലയിൽ പ്രതിഷേധം നിലനിൽക്കുന്നതിനിടെ ഗൾഫ് രാജ്യങ്ങളുമായുള്ള പ്രത്യേകിച്ച് യു.എ.ഇ.യുമായുള്ള ഇന്ത്യയുടെ ബന്ധം ഊട്ടിയുറപ്പിക്കുന്നതിന് സന്ദർശനം സഹായകമാകുമെന്നാണ് പ്രതീക്ഷ.

യു.എ. ഇ.യും വിഷയത്തിൽ അപലപിച്ചിരുന്നു. നേരത്തേ ദുബായ് എക്സ്‌പോ 2020 നടക്കുന്ന കാലയളവിൽ ഇന്ത്യാ പവിലിയൻ സന്ദർശിക്കാൻ നരേന്ദ്രമോദി എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു.

സി.ഇ.പി.എ. കരാറിനുശേഷമുള്ള ആദ്യ സന്ദർശനം

ദുബായ് : സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ (സി.ഇ.പി.എ.) ഒപ്പിട്ടതിനു ശേഷം ആദ്യമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി യു.എ.ഇ. സന്ദർശിക്കുന്നത്. ഈ വർഷം ജനുവരിയിൽ നേരിട്ടെത്തി സി.ഇ.പി. എ. കരാർ ഒപ്പിടാനിരുന്നെങ്കിലും അത് പിന്നീട് ഫെബ്രുവരിയിൽ നടന്ന വെർച്വൽ കൂടിക്കാഴ്ചയിലൂടെ യാഥാർഥ്യമാക്കുകയായിരുന്നു.

ഇന്ത്യയും യു.എ.ഇ. യും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ശക്തിപ്പെടുത്താനും യു.എ.ഇ. യുടെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര പങ്കാളിയായി ഇന്ത്യയുടെ സ്ഥാനം ഉറപ്പിക്കാനും ഈ കരാറിലൂടെ ലക്ഷ്യമിടുന്നു. യു.എ.ഇ. യുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ. വാണിജ്യ മേഖലയിൽ 2020 ആയി താരതമ്യം ചെയ്യുമ്പോൾ 66 ശതമാനം വളർച്ച കഴിഞ്ഞ വർഷത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞമാസം ഊർജ പരിവർത്തനത്തിലെയും വ്യാവസായിക വളർച്ചയിലെയും അവസരങ്ങളെക്കുറിച്ച് ഇരു രാജ്യങ്ങളും ചർച്ചകൾ നടത്തിയിരുന്നു. വ്യവസായ സാങ്കേതിക മന്ത്രി ഡോ. സുൽത്താൻ ബിൻ അഹമ്മദ് അൽ ജാബർ ഇന്ത്യൻ സർക്കാരുമായും വ്യവസായ നേതാക്കളുമായും ചർച്ച നടത്തുകയും ചെയ്തിരുന്നു.

ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഉൾപ്പെടെ ഉന്നത സർക്കാർ ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചകളും നടന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..