ലോക കാലാവസ്ഥാ സമ്മേളത്തിന് എക്‌സ്‌പോ സിറ്റി വേദിയാകും


ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ

അബുദാബി : ഐക്യരാഷ്ട്രസഭയുടെ 28-ാം മത് ലോക കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിന് ദുബായ് എക്സ്‌പോ സിറ്റി വേദിയാകും. യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ബുധനാഴ്ച ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ലോകത്തെ ഒന്നിപ്പിച്ച ദുബായ് എക്സ്‌പോ 2020 വേദിയിൽതന്നെ ലോക കാലാവസ്ഥാ സമ്മേളനവും നടക്കണമെന്ന യു.എ.ഇ. പ്രസിഡന്റിന്റെ നിർദേശപ്രകാരമാണിത്. കൂടാതെ മനസ്സുകളെ ബന്ധിപ്പിക്കുക, ഭാവിയെ സൃഷ്ടിക്കുക എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് എക്സ്‌പോ സിറ്റിയെതന്നെ സമ്മേളന വേദിയായി തിരഞ്ഞെടുത്തിരിക്കുന്നത്. കാലാവസ്ഥാ വെല്ലുവിളികളെ അതിജീവിക്കാൻ ഉതകുന്ന പദ്ധതികൾ സമ്മേളനത്തിൽ പ്രധാന ചർച്ചാവിഷയമാകും. വിവിധ രാഷ്ട്രത്തലവന്മാർ, സർക്കാർ ഉദ്യോഗസ്ഥർ, വ്യവസായ പ്രമുഖർ, വിവിധ മേഖലയിലെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ 45,000 ആളുകൾ സമ്മേളനത്തിൽ പങ്കെടുക്കും.

യു.എ.ഇ.വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കഴിഞ്ഞ തിങ്കളാഴ്ചയാണ് എക്സ്‌പോ സിറ്റി പ്രഖ്യാപിച്ചത്. നവീകരണത്തിന്റെയും സർഗാത്മകതയുടെയും ആഗോള കേന്ദ്രമായി എക്സ്‌പോ സിറ്റി ഭാവിയിൽ വിലയിരുത്തപ്പെടും എന്നാണ്‌ പ്രതീക്ഷിക്കുന്നത്. അടുത്ത ഒക്ടോബറിലാണ് ദുബായ് എക്സ്‌പോ സിറ്റി യാഥാർഥ്യമാകുക. ആയിരക്കണക്കിന് പുതിയ താമസക്കാരെയും ബിസിനസുകളെയും ദുബായ് എക്സ്‌പോ സിറ്റിയിലേക്ക് ഉടൻ സ്വാഗതംചെയ്യുമെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.

പുതിയ എക്സ്‌പോ സിറ്റിയിൽ മ്യൂസിയം, ലോകോത്തര എക്സിബിഷൻ സെന്റർ, അത്യാധുനികവും അതിവേഗം വളരുന്നതുമായ കമ്പനികളുടെ ആസ്ഥാനം എന്നിവ കൂടാതെ ചില പവിലിയനുകളും ഉൾപ്പെടും. കൂടാതെ ഈ നഗരം ദുബായിയുടെ അഭിലാഷങ്ങളെ പ്രതിനിധാനംചെയ്യും. എല്ലാ നഗരങ്ങളുടെയും സ്വപ്നങ്ങൾ ഉൾക്കൊള്ളുന്ന നഗരമായിരിക്കും എക്സ്‌പോ സിറ്റിയെന്നും ശൈഖ് മുഹമ്മദ് വ്യക്തമാക്കി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..