മജീദിന് പുതിയ സ്‌പോൺസർ; നാട്ടിലെത്തിക്കുക വിഷമമാകും


കൊച്ചി : കുവൈത്ത് മനുഷ്യക്കടത്ത് കേസിലെ മുഖ്യകണ്ണി കണ്ണൂർ സ്വദേശി മജീദിനെ നാട്ടിലെത്തിക്കാൻ ശ്രമിക്കുന്ന പോലീസിന് തിരിച്ചടി.

കുവൈത്തിൽ മജീദിന് നാട്ടുകാരനായ പുതിയ സ്പോൺസറെ ലഭിച്ചതായാണ് സൂചന. കേരള പോലീസ് കുവൈത്തിലെ ഇന്ത്യൻ എംബസിയെ ബന്ധപ്പെട്ടതിനെ തുടർന്ന് പഴയ സ്പോൺസറായ കുവൈത്ത് സ്വദേശി മജീദിനെ കൈയൊഴിഞ്ഞിരുന്നു. ഇതോടെ ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ഊർജിതമായി മുന്നോട്ടുപോകവേയാണ് മജീദിന് പുതിയ സ്‌പോൺസറെ കിട്ടിയത്. ഇതോടെ ഇയാൾക്ക് കുവൈത്തിൽ തങ്ങാനുള്ള വഴി തെളിഞ്ഞു.

എങ്കിലും മജീദിനെ നാട്ടിലെത്തിക്കാനുള്ള നടപടിയുമായി മുന്നോട്ടുപോവുകയാണ് പോലീസ്. കുവൈത്തിലെ ഇന്ത്യൻ എംബസി വിഷയം ഗൗരവമായി എടുത്തിട്ടില്ലെന്ന് ആക്ഷേപമുയരുന്നുണ്ട്. മജീദിനും കേസിലെ ഒന്നാംപ്രതി അജുമോനും എംബസിയിലും ചില അടുപ്പക്കാരുണ്ടെന്ന് മനുഷ്യക്കടത്തിൽ നിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തിയ വീട്ടമ്മമാർ നേരത്തെ മുതൽ ആരോപിക്കുന്നുണ്ട്. ഇതിനെക്കുറിച്ച് പോലീസ് അന്വേഷിക്കുന്നുമുണ്ട്.

മജീദിന്റെ ആദ്യത്തെ സ്പോൺസർക്ക് മനുഷ്യക്കടത്ത് ഇടപാടുമായി ബന്ധമുണ്ടെന്ന നിഗമനത്തിലാണ് പോലീസ്. എന്നാൽ, മജീദിനെ കസ്റ്റഡിയിൽ ലഭിച്ചാലേ ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂ. ഇതിനിടെ, നാട്ടിൽ മടങ്ങിയെത്തിയ വീട്ടമ്മമാരെ സ്വാധീനിക്കാൻ ഫോണിലൂടെ മജീദ് ശ്രമിച്ചിരുന്നു. ഈ ഫോൺ കോളുകളെക്കുറിച്ചും അന്വേഷണം ആരംഭിച്ചു.

അജുമോനാണ് സ്ത്രീകളെ വിദേശത്ത് എത്തിക്കാൻ പ്രവർത്തിച്ചതെന്നും തനിക്ക് ലൈസൻസുള്ള ഏജൻസിയാണ് കുവൈത്തിലുള്ളതെന്നും കാണിച്ച് വിദേശത്തുനിന്ന് മജീദ് രംഗത്തു വന്നിരുന്നു. ഓരോ സ്ത്രീകൾക്കും ഒന്നര ലക്ഷം രൂപ വീതം അജുമോൻ വാങ്ങിയെന്നാണ് മജീദിന്റെ ആരോപണം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..