ഓപ്പൺ വൈഫൈ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക : വ്യക്തിഗതവിവരങ്ങൾ ചോരരുത്


അബുദാബി : പൊതു വൈഫൈ സേവന ഉപയോക്താക്കൾ കൂടുതൽ ജാഗ്രത പുലർത്താൻ നിർദേശം. വ്യക്തിഗതവിവരങ്ങൾ ചോർന്നുപോകാതിരിക്കാനാണ് യു.എ.ഇ.യിലെ ബാങ്കുകളും മറ്റു ധനവിനിമയസ്ഥാപനങ്ങളും ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുന്നത്.

രാജ്യത്തെ ഷോപ്പിങ് മാളുകൾ, വിമാനത്താവളങ്ങൾ, ഹോട്ടലുകൾ, കഫെ ഷോപ്പുകൾ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം സൗജന്യ ഇന്റർനെറ്റ് സേവനം ലഭ്യമാണ്. ഇത്തരം ഓപ്പൺ നെറ്റ്‌വർക്കുകളിലൂടെ പൊതു വൈഫൈ സൗകര്യവും ലഭിക്കും. അത്തരം സാഹചര്യങ്ങളിൽ വ്യക്തിഗതവിവരങ്ങൾ ചോരാൻ സാധ്യത കൂടുതലാണെന്ന് യു.എ.ഇ.യിലെ ബാങ്ക് അധികൃതർ ഓർമിപ്പിക്കുന്നു.

ഓപ്പൺ വൈഫൈ ഉപയോഗിക്കുമ്പോൾ വ്യാജ വൈഫൈ ഹോട്ട് സ്പോട്ടുകളെകുറിച്ചും അറിഞ്ഞിരിക്കണം. ഇവയിലൂടെ ഉപയോക്താക്കളുടെ ഡേറ്റ മോഷ്ടിക്കപ്പെടാൻ സാധ്യതയുണ്ട്. തുറന്ന വൈഫൈ നെറ്റ്‌വർക്കുകളിലൂടെ വെബ്സൈറ്റുകളിലേക്ക് ലോഗിൻ ചെയ്യരുതെന്നും അധികൃതർ നിർദേശിക്കുന്നു. ഇത് സ്വകാര്യവിവരങ്ങൾ ചോരാൻ കാരണമാവും. യു.എ.ഇ.യിൽ വ്യക്തിഗത വിവരങ്ങൾ ഇ-മെയിൽ, ഫോൺ വഴി ഹാക്കർമാർ ചോർത്തുന്നത് വർധിച്ചിട്ടുണ്ട്.

വി.പി.എൻ. ദുരുപയോഗത്തിനെതിരേ മുന്നറിയിപ്പ്

അബുദാബി : യു.എ.ഇ.യിൽ നിയന്ത്രണമുള്ള ആപ്പുകളും വെബ്സൈറ്റുകളും വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്കുകളിലൂടെ (വി.പി.എൻ.) ഉപയോഗിക്കുന്നതിനെതിരേ കർശന മുന്നറിയിപ്പുമായി അധികൃതർ. വി.പി.എൻ. ദുരുപയോഗം കുറ്റകൃത്യമാണെന്ന് അധികൃതർ ഓർമിപ്പിച്ചു. വി.പി.എൻ ഉപയോഗിച്ച് അശ്ലീലചിത്രങ്ങളും വീഡിയോകളും കാണുന്നവരും കൂടിവരുന്നുണ്ട്. ഇത്തരക്കാരെ കണ്ടെത്തി പിഴയീടാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

വി.പി.എൻ. ഉപയോഗിച്ച് ഡേറ്റിങ്, ചൂതാട്ടം തുടങ്ങിയ വെബ്സൈറ്റുകൾ സന്ദർശിക്കുന്നവർ കൂടിവരുന്നതും അധികൃതരുടെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഓഡിയോ, വിഡിയോ കോളിങ് ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നവരും ഗൾഫ് മേഖലയിൽ വർധിച്ചതായി കണ്ടെത്തിയിട്ടുണ്ട്. വി.പി.എൻ. ദുരുപയോഗം ചെയ്താൽ അഞ്ചുലക്ഷം മുതൽ 20 ലക്ഷം ദിർഹംവരെ പിഴയും തടവും ശിക്ഷ ലഭിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..