ഊർജമേഖലയിൽ യുവപ്രതിഭകൾക്കായി ‘ക്ലീൻ ടെക്ക് യൂത്ത്’പദ്ധതി


ദുബായിൽ ആരംഭിച്ച ‘ക്ലീൻ ടെക്ക് യൂത്ത്’ പദ്ധതി

ദുബായ് : യു.എ.ഇ.യിലെ വിവിധ മേഖലകളിൽ നിന്നുള്ള യുവപ്രതിഭകളെ ഉൾപ്പെടുത്തി ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദേവ) നടപ്പാക്കുന്ന ‘ക്ലീൻ ടെക്ക് യൂത്ത്’ പദ്ധതിയുടെ രണ്ടാമത്തെ ബാച്ച് ദേവ ഇന്നൊവേഷൻ കേന്ദ്രത്തിൽ ആരംഭിച്ചു. ശുദ്ധവും പുനരുപയോഗ്യവുമായ ഊർജത്തെക്കുറിച്ചും ഈ മേഖലയിലെ സംരംഭത്വത്തെക്കുറിച്ചുമുള്ള യുവപ്രതിഭകളുടെ വൈദഗ്ധ്യവും അറിവും വികസിപ്പിക്കുകയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം.

യു.എ.ഇ.യിലെ 13 അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നുള്ള 25 യുവപ്രതിഭകൾ രാജ്യത്തിന്റെ ഊർജമേഖലയ്ക്ക് മുതൽക്കൂട്ടാകുന്നതാണ് ദേവയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിലെ പങ്കാളിത്തം തെളിയിക്കുന്നത്. അപേക്ഷകരായ 145 പേരിൽനിന്നുമാണ് ബിരുദധാരികളായ 25 പേരെ തിരഞ്ഞെടുത്തത്. സ്കൂളുകൾ, സർവകലാശാലകൾ, സംഘടനകൾ, വിവിധ മേഖലയിലെ വിദഗ്ധർ തുടങ്ങിയവരുടെ പങ്കാളിത്തത്തോടെ ശില്പശാലകളും സ്ഥലസന്ദർശനങ്ങളും ഒട്ടേറെ സെമിനാറുകളും ക്ലീൻ ടെക്ക് യൂത്ത് പദ്ധതിയുടെ ഭാഗമായി നടക്കുന്നു.

ശുദ്ധപുനരുപയോഗ ഊർജമേഖലയുടെ വികസനത്തെപ്പറ്റി ചർച്ചചെയ്യാനും അവ പ്രാബല്യത്തിലാക്കാനും പദ്ധതി നിർണായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാഴ്ചപ്പാടുകൾക്ക് അനുസൃതമായി രാജ്യത്തിന്റെ സുസ്ഥിരവികസനത്തിന് യുവജനങ്ങളെ ശാക്തീകരിക്കുന്നതിനും അവരുടെ കഴിവും അനുഭവസമ്പത്തും സമ്പന്നമാക്കുന്നതിനും പരിശ്രമിക്കുമെന്ന്‌ ദേവ സി.ഇ.ഒ. സയീദ് മുഹമ്മദ് അൽ തായർ പറഞ്ഞു. ദേശീയ വികസന ലക്ഷ്യങ്ങളിൽ യുവജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും ശുദ്ധപുനരുപയോഗ ഊർജമേഖലകളിൽ യോഗ്യതയുള്ള തൊഴിലാളികളുടെയും വിദഗ്ധരുടെയും സേവനം ഉറപ്പാക്കാനും ദേവ മുൻഗണന നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ദുബായിയുടെ ക്ലീൻ എനർജി സ്ട്രാറ്റജി-2050, ദുബായ് നെറ്റ് സീറോ കാർബൺ എമിഷൻസ് സ്ട്രാറ്റജി 2050 എന്നിവയ്ക്ക് അനുസൃതമായി ശുദ്ധ പുനരുപയോഗ ഊർജ ഉത്പാദനം വർധിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. 2050 ആകുന്നതോടെ ശുദ്ധ ഊർജസ്രോതസ്സുകളിൽനിന്നുള്ള ദുബായുടെ ഊർജ ഉത്പാദനശേഷി 100 ശതമാനം ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ശുദ്ധ ഊർജപദ്ധതികൾ വികസിപ്പിക്കുന്നതിന് ആവശ്യമായ അറിവും സാങ്കേതികവിദ്യകളും യുവപ്രതിഭകൾക്കായി ലഭ്യമാക്കും. സുസ്ഥിരവും ശുദ്ധവും പുനരുപയോഗിക്കാവുന്നതുമായ ഊർജമേഖലയിലെ കണ്ടുപിടിത്തങ്ങൾക്കുള്ള ആഗോള വേദിയാണ് ദേവയുടെ ഇന്നൊവേഷൻ സെന്ററെന്ന് സയീദ് മുഹമ്മദ് അൽ തായർ പറഞ്ഞു. ജല, വൈദ്യുത ഉപയോഗ പ്രവചനങ്ങളെ അടിസ്ഥാനമാക്കി 2031-വരെയുള്ള അടിസ്ഥാനസൗകര്യ വിപുലീകരണ പദ്ധതികൾ ഇതിനോടകം ആവിഷ്കരിച്ചിട്ടുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..