ഡിജിറ്റൽവത്കരണം ദ്രുതഗതിയിൽ; മേൽനോട്ടത്തിന് ഉന്നതാധികാര സമിതി


അബുദാബി : യു.എ.ഇ.യിൽ സർക്കാർ സംവിധാനങ്ങളുടെയും സേവനങ്ങളുടെയും ഡിജിറ്റൽവത്കരണം ദ്രുതഗതിയിലാക്കുന്നു. ഇതുസംബന്ധിച്ചുള്ള പ്രവർത്തനങ്ങൾ നടത്താനായി ഉന്നതാധികാരസമിതിക്ക്‌ മന്ത്രിസഭ അംഗീകാരം നൽകി.

യു.എ.ഇ. വികസനവകുപ്പ് മന്ത്രി ഒഹൂദ് ഖൽഫാൻ അൽ റൂമിയാണ് ഉന്നതസമിതിയുടെ അധ്യക്ഷൻ. സർക്കാരിന്റെ ഡിജിറ്റൽവത്കരണ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് നടപ്പാക്കാൻ സമിതി മേൽനോട്ടം വഹിക്കും. നിർമിതബുദ്ധി, ഡിജിറ്റൽ സമ്പദ് വ്യവസ്ഥ, റിമോട്ട് വർക്ക് ആപ്ലിക്കേഷൻസ് വകുപ്പുകളുടെ സഹമന്ത്രിയായ ഒമർ ബിൻ സുൽത്താൻ അൽ ഒലാമയാണ് സമിതിയുടെ ഉപാധ്യക്ഷൻ.

അടുത്ത പത്തുവർഷത്തിനകം രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ (ജി.ഡി.പി.) ഡിജിറ്റൽ സമ്പദ്ഘടനയുടെ സംഭാവന 9.7 ശതമാനത്തിൽനിന്ന് 19.4 ശതമാനമായി വർധിപ്പിക്കാൻ പദ്ധതി ലക്ഷ്യമിടുന്നു. വിവിധ മേഖലകളിലായി 30-ലേറെ സംരംഭങ്ങൾ ആരംഭിക്കാനും സർക്കാർ പദ്ധതിയിടുന്നുണ്ട്.

യു.എ.ഇ. സർക്കാരിന്റെ ഡിജിറ്റൽ എക്കോസിസ്റ്റം പദ്ധതിയുടെ വികസനത്തിനുള്ള മേൽനോട്ടവും ഉന്നതാധികാരസമിതി വഹിക്കും. സർക്കാർ സേവനങ്ങൾ, വാണിജ്യം, മറ്റ്‌ ഉദ്യമങ്ങൾ എന്നിവയുടെ ഡിജിറ്റൽവത്കരണവുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ നൽകുന്നതിനുള്ള ഉത്തരവാദിത്വവും ഉന്നതാധികാര സമിതിക്കായിരിക്കും.

ഡിജിറ്റൽ സമ്പദ് വ്യവസ്ഥയുടെ വികസനത്തിന് ഊന്നൽ നൽകിക്കൊണ്ട് ഒട്ടേറെ പ്രവർത്തനങ്ങൾക്ക് യു.എ.ഇ. നേതൃത്വം നൽകുന്നുണ്ട്.

ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനും മെറ്റാവേഴ്സിൽ കൂടുതൽ നിക്ഷേപങ്ങൾ നടത്തി നിർമിതബുദ്ധിയുടെ ഭാവി രൂപപ്പെടുത്തുന്നതിനും ഉന്നതതല സമിതി നേരത്തേ രൂപവത്കരിച്ചിരുന്നു. അഞ്ചു വർഷത്തിനുള്ളിൽ 40,000 പുതിയ തൊഴിലവസരങ്ങൾ ഒരുക്കുന്ന ദുബായ് മെറ്റാവേഴ്സ് സ്ട്രാറ്റജി അടുത്തിടെയാണ് പ്രഖ്യാപിച്ചത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..