മസാജിന് ക്ഷണിച്ച് കൊള്ള:ഏഷ്യൻ സംഘം പിടിയിൽ


ഷാർജയിൽ പിടിയിലായ ഏഷ്യൻ സംഘം

ഷാർജ : സ്‌പാ, മസാജ് സേവനങ്ങൾ നൽകാമെന്ന് പറഞ്ഞ് ആളുകളെ ക്ഷണിച്ച് പണം കൊള്ളയടിക്കുന്ന സംഘത്തെ ഷാർജ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചുപേരടങ്ങുന്ന ഏഷ്യൻ സംഘമാണ് ഷാർജ റോളയിൽ പിടിയിലായത്.

നഗരത്തിൽ ബിസിനസ് കാർഡുകൾ വിതരണംചെയ്ത് ആളുകളെ ആകർഷിച്ച് കൊണ്ടുപോയി കത്തികാട്ടി ഭീഷണിപ്പെടുത്തി പണവും വിലപ്പെട്ട സാധനങ്ങളും കൊള്ളയടിക്കുകയാണ് സംഘത്തിന്റെ രീതി. വ്യാജ മസാജ് പാർലറിന്റെ പേരിലാണ് സംഘം ബിസിനസ് കാർഡ് വിതരണംചെയ്ത് ആളുകളെ എത്തിക്കുന്നത്.

റോളയിൽ ഇത്തരത്തിൽ കാർഡ് വിതരണം ചെയ്യുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയതെന്ന് ഷാർജ പോലീസ് കുറ്റാന്വേഷണ വിഭാഗം ഡയറക്ടർ കേണൽ ഒമർ അബു സഊദ് പറഞ്ഞു.

സംഘം പ്രവർത്തിക്കുന്ന മുറി കണ്ടെത്തുകയും പെട്ടിനിറയെ വ്യാജ മസാജ്, സ്‌പാ സെന്ററിന്റെ പേരിലുള്ള ബിസിനസ് കാർഡുകൾ കണ്ടെടുക്കുയും ചെയ്തു. കൂടാതെ വ്യത്യസ്ത ആകൃതികളിലുള്ള ഒട്ടേറെ കത്തികളും പ്രതികളിൽനിന്ന് കണ്ടെടുത്തിരുന്നു. അറസ്റ്റിലായവർ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.

തട്ടിപ്പുകാരെ കരുതിയിരിക്കണം

മസാജ് സെന്ററുകളുടെ പേരിൽ ആളുകളെ ആകർഷിച്ച് കൊണ്ടുപോയി പണവും സാധനങ്ങളും കൊള്ളയടിക്കുന്ന സംഘത്തെ കരുതിയിരിക്കണമെന്ന് ഷാർജ പോലീസ് മുന്നറിയിപ്പ് നൽകി.

ഇത്തരം ഒട്ടേറെ പരാതികളാണ് യു.എ.ഇ.യിൽ ഉണ്ടാവുന്നത്. നിർത്തിയിട്ട വാഹനങ്ങളിലും വഴികളിലുമാണ് തട്ടിപ്പുസംഘം പ്രധാനമായും ബിസിനസ് കാർഡുകളിടുന്നത്. വാഹനങ്ങളുടെ ചില്ലുകൾ ഇക്കൂട്ടർ തകരാറിലാക്കുന്നതും പതിവാണ്. വിദേശ വിനോദസഞ്ചാരികളടക്കം സംഘത്തിന്റെ കെണിയിൽ വീണ ഒട്ടേറെ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

യഥാർഥ മസാജ് പാർലറുകളിൽ ആളുകളെ എത്തിച്ച് കൊള്ളയടിക്കുന്നവരുമുണ്ട്. ഇതിനായി വലിയ സംഘംതന്നെ പ്രവർത്തിക്കുന്നതായാണ് വിവരം. ജോലി നഷ്ടപ്പെട്ടവരും നാട്ടിൽ പോകാൻ നിയമതടസ്സമുള്ളവരുമാണ് പ്രധാനമായും തട്ടിപ്പുസംഘത്തിൽ ഉൾപ്പെടുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..