ഇന്ന് ദേശീയ വ്യാപാരി ദിനം : പ്രളയവും കോവിഡും പൂട്ടിട്ടത് 5,000 കച്ചവട സ്ഥാപനങ്ങൾക്ക്


കൊച്ചി

: മാറി മാറി വന്ന പ്രളയവും കോവിഡും സൃഷ്ടിച്ച പ്രതിസന്ധികളിൽനിന്ന് കരകയറാനാകാതെ സംസ്ഥാനത്ത് പൂട്ടിക്കെട്ടിയത് അയ്യായിരത്തോളം കച്ചവട സ്ഥാപനങ്ങൾ. രണ്ട് വർഷം തുടർച്ചയായുണ്ടായ പ്രളയത്തിൽ ആയിരത്തോളം കടകൾക്കാണ് താഴുവീണത്. കോവിഡും കൂടിയെത്തി സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയതോടെ 4,000 വ്യാപാര സ്ഥാപനങ്ങൾ സംസ്ഥാനത്ത് അടച്ചുപൂട്ടേണ്ടി വന്നിട്ടുണ്ടെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ് (സി.എ.ഐ.ടി.) കേരള ഘടകത്തിന്റെയും കണക്കുകൾ വ്യക്തമാക്കുന്നു.

ഇതിനുപുറമെ സംസ്ഥാനത്തുടനീളം നടന്നിട്ടുള്ള റോഡ് വികസന പ്രവർത്തനങ്ങളുടെ പേരിലും വ്യാപാരികൾ കുടിയൊഴിപ്പിക്കപ്പെട്ടിട്ടുണ്ട്. 2018-2022 വരെയുള്ള കാലയളവിൽ രണ്ടായിരത്തോളം കടകൾ ഒഴിപ്പിച്ചിട്ടുണ്ടെന്നാണ് വ്യാപാരി അസോസിയേഷനുകളിൽനിന്നുള്ള കണക്ക്. ഇവരിൽ ചുരുക്കം വ്യാപാര സ്ഥാപനങ്ങൾക്ക് മാത്രമേ മറ്റിടങ്ങളിലേക്ക് മാറി പ്രവർത്തനം പുനരാരംഭിക്കാൻ കഴിഞ്ഞിട്ടുള്ളൂ.

നഗര വികസനത്തിന്റെ ഇരകൾ

കേരളത്തിന്റെ വാണിജ്യ തലസ്ഥാനമായ കൊച്ചിയിൽ വികസനത്തിന്റെ പേരിൽ പ്രതാപം മങ്ങിപ്പോയ ഇടങ്ങളുടെ പട്ടികയിൽ ഒരുകാലത്ത് വ്യാപാര സ്ഥാപനങ്ങളുടെ കേന്ദ്രമായിരുന്ന എം.ജി. റോഡുമുണ്ട്. ഇവിടെ നിരവധി വ്യാപാര സ്ഥാപനങ്ങളാണ് കച്ചവടം നിർത്തി ‘വില്പനയ്ക്ക്’, ‘പാട്ടത്തിന്’, ‘വാടകയ്ക്ക്’ എന്നിങ്ങനെ ബോർഡുകളെഴുതി ഒഴിച്ചിട്ടിരിക്കുന്നത്.മെട്രോയുടെയും അനുബന്ധ വികസന പ്രവർത്തനങ്ങളുടെയും ഫലമായി എം.ജി. റോഡ് പരിസരത്ത് പ്രവർത്തിച്ചിരുന്ന മിക്ക കടകളിലും വ്യാപാരം കുറഞ്ഞു. പാർക്കിങ് സൗകര്യമുള്ള കടകളിൽ മാത്രം ആളുകൾ കയറുന്ന സ്ഥിതിയാണ്. ഇതിനിടയിൽ കോവിഡ് ലോക്ഡൗണും കോർപ്പറേഷൻ നികുതിയും വാടകയുമെല്ലാം താങ്ങാനാകാതെ വന്നതോടെയാണ് പലരും കടകളൊഴിഞ്ഞു പോകാൻ നിർബന്ധിതരായത്.

കൊച്ചിയിൽ മാത്രമല്ല, നഗര വികസനം ദീർഘവീക്ഷണമില്ലാതെ ആസൂത്രണം ചെയ്യുന്നതിന്റെ പരിണത ഫലം അനുഭവിക്കുന്ന വ്യാപാരികൾ സംസ്ഥാനത്ത് എല്ലാ ജില്ലകളിലെയും കാഴ്ചയാണ്. കാശുകൊടുത്താൽ മാത്രം വിശാലമായ പാർക്കിങ് സൗകര്യവും മറ്റു സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്ന വലിയ മാളുകളും ഷോപ്പിങ് കോംപ്ലക്സുകളും ഇതിന്റെ നേട്ടം കൊയ്യുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..