വേനൽക്യാമ്പുകൾ സജീവം, എങ്ങും ആഘോഷം


ഷാർജയിൽ കുട്ടികൾ നീന്തൽ പരിശീലനത്തിൽ

ഷാർജ : കോവിഡിന്റെ വേവലാതികൾ അവസാനിച്ചതോടെ യു.എ.ഇ. യിലെങ്ങും കുട്ടികളുടെ വേനൽക്യാമ്പുകളും മുതിർന്നവരുടെ ആഘോഷങ്ങളും തന്നെ. രണ്ടുവർഷത്തോളം വീടുകളിൽ ഒതുങ്ങിപ്പോയ കുട്ടികൾക്കാണ് വേനൽക്യാമ്പുകളിലൂടെ സന്തോഷം തിരിച്ചുകിട്ടിയത്. രണ്ടുമാസത്തെ വേനലവധി കഴിഞ്ഞ് സ്കൂളുകൾ ഈ മാസം അവസാനത്തോടെ അധ്യയനം പുനരാരംഭിക്കുന്നതോടെ വേനൽക്യാമ്പുകളും അവസാനിക്കും. വീണ്ടും അധ്യയനത്തിലേക്ക് തിരിച്ചുപോകുമ്പോൾ നേരിയതോതിൽ മടിയും ഇല്ലാതെയില്ലെന്ന് രക്ഷിതാക്കളും മക്കളുടെ മനസ്സ് പങ്കുവെയ്ക്കുന്നുണ്ട്. ഈ മാസം 26 - ന് യു.എ.ഇ. യിലെ മിക്ക വേനൽക്യാമ്പുകളും അവസാനിക്കും.

വേനൽക്യാമ്പുകളിൽ കുട്ടികൾ ഉത്സാഹത്തോടെയാണ് പങ്കെടുക്കുന്നത്. സംഘടനകളും വിദ്യാഭ്യാസ പരിശീലന സ്ഥാപനങ്ങളും കുട്ടികൾക്കായി യു.എ.ഇ. യിൽ വേനൽക്യാമ്പുകൾ സംഘടിപ്പിക്കുന്നുണ്ട്. പാട്ട്, നൃത്തം, ഉപകരണസംഗീതം, വിവിധ കായിക പരിശീലനങ്ങൾ എന്നിവയെല്ലാം വേനൽക്യാമ്പുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നു. നീന്തൽ അടക്കമുള്ള പരിശീലനങ്ങൾ കൃത്യമായ സുരക്ഷിത നിർദേശങ്ങൾ പാലിച്ചാണ് കുട്ടികൾ പങ്കെടുക്കുന്നത്. യു.എ.ഇ.യിലെ പാർക്കുകളിലും മറ്റുവിനോദ സഞ്ചാരകേന്ദ്രങ്ങളിലും തിരക്കനുഭവപ്പെടുന്നുണ്ട്. വിനോദവും വിജ്ഞാനവും നൽകുന്ന പരിപാടികളാണേറെയും. ഷാർജയിലെ അൽ മുംതസ, അൽ മജാസ് നാഷണൽ പാർക്കുകളിലെല്ലാം തിരക്കുതന്നെ. കനത്ത വേനൽച്ചൂടിന് ആശ്വാസം തേടി ഷാർജ അൽ നൂർ ദ്വീപ് അടക്കമുള്ള പച്ചപ്പ് നിറഞ്ഞ പ്രദേശങ്ങളിലും കുടുംബങ്ങളെത്തുന്നു. കടൽകാഴ്ചകളുടെ സൗന്ദര്യംതേടി ബീച്ചുകളിലെത്തുന്നവരും കുറവല്ല.

അവധിയ്ക്ക് നാട്ടിലുള്ള കുടുംബങ്ങളും അടുത്തയാഴ്ചയോടെ തിരിച്ചെത്തിത്തുടങ്ങും. കേരളത്തിൽനിന്നുള്ള കനത്ത യാത്രാനിരക്ക് കാരണം മലയാളി കുടുംബങ്ങൾ പലരും തിരിച്ചുവരവ് അടുത്തമാസത്തേക്ക് നീട്ടാനുള്ള ആലോചനയിലാണ്. സെപ്റ്റംബർ ആദ്യം ഓണം ആയതിനാൽ ഓണത്തോടനുബന്ധിച്ചുള്ള വർധനയും വിമാനയാത്ര പ്രതികൂലമാകുമെന്ന ആധിയുമില്ലാതെയില്ല. യു.എ.ഇ. യിലെ സ്കൂൾ അധ്യാപകരും ഈ മാസം 20 - നുശേഷം നാട്ടിൽനിന്ന് തിരിച്ചെത്തും.

യു.എ.ഇ.യിൽ മുതിർന്നവർ ആഘോഷങ്ങളിലും കായിക മത്സരങ്ങളിലും മറ്റു സാംസ്കാരിക പരിപാടികളുമായി തിരക്കിൽ തന്നെ. ശില്പശാല, സെമിനാർ, ബോധവത്കരണം, കുടുംബസംഗമം, കലാപരിപാടികൾ തുടങ്ങി അവധിദിവസങ്ങൾ ആഘോഷങ്ങൾക്ക് മതിയാവുന്നില്ലെന്നാണ് സംഘടനകളുടെയും അഭിപ്രായം. സെപ്റ്റംബർ ആദ്യത്തോടെ യു.എ.ഇ. യിലും ഓണാഘോഷങ്ങൾക്കും തുടക്കമാവും. ഇപ്പോൾത്തന്നെ പാർട്ടി ഹാളുകളും ഓഡിറ്റോറിയങ്ങളും പരിപാടികൾക്കായി ബുക്ക് ചെയ്തുതുടങ്ങി. ഒട്ടേറെ കലാകാരന്മാരും നാട്ടിൽനിന്ന് ആഘോഷങ്ങളിൽ പങ്കെടുക്കാനായി എത്തുന്നുണ്ട്. 'ആസാദി കാ അമൃത് മഹോത്സവ്' ഭാഗമായും വിവിധ പരിപാടികളാണ് നടക്കുന്നത്.

ഓഫറുകളും തുടങ്ങി

സ്കൂൾ തുറക്കുന്നതോടെ ഷാർജയിൽ സ്കൂൾ ബാഗ് അടക്കമുള്ള കുട്ടികൾക്കാവശ്യമുള്ള സാധനങ്ങൾക്ക് ഓഫറുകളും പ്രഖ്യാപിച്ചാണ് വിൽപ്പന നടക്കുന്നത്. എക്സ്പോ സെന്ററിൽ അടക്കം സ്റ്റേഷനറി സാധനങ്ങളുടെ 'വിൽപ്പന ഉത്സവങ്ങളും' നടക്കുന്നുണ്ട്. ഷാർജ റോളയിലെ കടകളിൽ കുട്ടികൾക്കുള്ള സ്കൂൾ സാധനങ്ങളുടെ വിൽപ്പന മേളകൾ നടക്കുന്നുണ്ട്. സാധാരണ കുടുംബങ്ങൾക്ക് ചെലവേറിയ കാലം കൂടിയാണ്. വേനലവധി കഴിഞ്ഞ് നാട്ടിൽനിന്നും തിരിച്ചെത്തിയ 'കീശ കാലിയായ' വേളയിൽത്തന്നെ കുട്ടികളുടെ അധ്യയന ചെലവും പിന്നലെയെത്തും. വിലക്കിഴിവിൽ കുട്ടികൾക്കാവശ്യമായ പല സാധനങ്ങളും ലഭിക്കുന്നത് ആശ്വാസമാണെന്ന് രക്ഷിതാക്കൾ പറയുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..