കാറിന്റെ അറയിൽ സൂക്ഷിച്ച 20 ലക്ഷം രൂപ പിടിച്ചു; രണ്ടുപേർ അറസ്റ്റിൽ


കുഴൽപ്പണമെന്ന് പോലീസ്

കാഞ്ഞങ്ങാട് : കാറിന്റെ ഡാഷ് ബോർഡിന് താഴെയായി പ്രത്യേക അറ. ഡാഷ് ബോർഡ് തുറന്നാലും ഈ അറ കാണില്ല. ഇതിനകത്ത് 500 രൂപയുടെ നോട്ടുകെട്ടുകൾ. കാറിന്റെ ഉൾഭാഗം മുഴുവൻ പരിശോധിച്ചിട്ടും ആദ്യമൊന്നും പോലീസിന് പണം കണ്ടെത്താൻ കഴിഞ്ഞില്ല. ഒടുവിൽ പ്രതികൾതന്നെ കാണിച്ചുകൊടുത്തു. പോലീസുകാർ ഡാഷ്‌ബോർഡ് ഇളക്കിനോക്കിയപ്പോൾ പ്രത്യേക അറ കണ്ടത്തെി. 20 ലക്ഷം രൂപ. അത്രയും നോട്ടുകെട്ടുകൾ വയ്ക്കാൻ മാത്രം പാകത്തിലുള്ള അറയായിരുന്നു. കാറിലുണ്ടായിരുന്ന കാസർകോട് അടുക്കത്തുബയലിലെ കെ.എ. മഹമൂദ് (54), എ.എ. മുഹമ്മദ് (64) എന്നിവരെ ഹൊസ്ദുർഗ് പോലീസ് അറസ്റ്റ്‌ ചെയ്തു. കാറും കസ്റ്റഡിയിലെടുത്തു.

ഓപ്പറേഷൻ ക്ലീൻ കാസർകോടിന്റെ ഭാഗമായി കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ ചിത്താരിയിൽ നടത്തിയ വാഹന പരിശോധനയ്ക്കിടയൊണ് ഇവരെ പിടിച്ചത്. ഇതു കുഴൽപ്പണമാണെന്ന് പോലീസ് പറഞ്ഞു. മംഗളൂരുവിൽനിന്ന്‌ പടന്നയിലേക്ക്‌ പോകുകയായിരുന്നു തങ്ങളെന്ന് പ്രതികൾ പോലീസിനു മൊഴി നൽകി.

ഇരുവരെയും ഹൊസ്ദുർഗ് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (ഒന്ന്) കോടതിയിൽ ഹാജരാക്കി. പ്രതികളെ കോടതി ജാമ്യത്തിൽ വിട്ടു. ഹൊസ്ദുർഗ് ഇൻസ്പെക്ടർ കെ.പി. ഷൈൻ, പ്രിൻസിപ്പൽ എസ്.ഐ. കെ.പി. സതീഷ്, അഡീഷണൽ എസ്.ഐ. കെ. രാജീവൻ, ജൂനിയർ എസ്.ഐ. ടി. ശരത്, എ.എസ്.ഐ. രാമചന്ദ്രൻ, ഡിവൈ.എസ്.പി.യുടെ സ്‌ക്വാഡംഗങ്ങളായ എ.എസ്.ഐ. അബൂബക്കർ കല്ലായി, സിവിൽ പോലീസ് ഓഫീസർമാരായ നികേഷ്, സജിത്ത്, ജിനേഷ്, പ്രണവ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..