ഇത്തിഹാദ് റെയിൽ : അത്യാധുനിക എൻജിനുകളും കോച്ചുകളുമെത്തി


ഇത്തിഹാദ് റെയിലിനായി എൻജിനുകളും വാഗണുകളും എത്തിക്കുന്നു

ദുബായ് : ഇത്തിഹാദ് റെയിൽശൃംഖലയ്ക്കുവേണ്ടിയുള്ള അത്യാധുനിക തീവണ്ടികളുടെ ആദ്യബാച്ച് യു.എ.ഇ.യിലെത്തി. വ്യത്യസ്ത കാലാവസ്ഥയ്ക്ക് അനുയോജ്യമായ എൻജിനുകളും പുതിയ ചരക്കുവണ്ടികളും ഉൾപ്പെടുന്നതാണ് ആദ്യത്തെ ബാച്ച്. റെയിൽ ശൃംഖലയിൽ ചരക്കുതീവണ്ടി എൻജിനുകളുടെ എണ്ണം 45-ായി വർധിപ്പിക്കും. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രോഗ്രസ് റെയിലാണ് എൻജിനുകളുടെ നിർമാണവും വിതരണവും നടത്തുക. ചൈനയിലെ സി.ആർ.ആർ.സി. ഗ്രൂപ്പ് ചരക്കുതീവണ്ടികളുടെ നിർമാണത്തിനും വിതരണത്തിനും മേൽനോട്ടം വഹിക്കുന്നു.

ഗൾഫ്മേഖലയിലെ ഭൂമിശാസ്ത്രത്തിനും കാലാവസ്ഥയ്ക്കും യോജിച്ച രീതിയിലാണ് പുതുതായി പുറത്തിറക്കിയ തീവണ്ടികൾ രൂപകല്പന ചെയ്തിട്ടുള്ളത്. ചരക്കുഗതാഗതശേഷി വർധിപ്പിക്കുന്നതോടൊപ്പം 70-80 ശതമാനംവരെ കാർബൺഡയോക്‌സൈഡ് പുറന്തള്ളുന്നത് കുറയ്ക്കാനും ഇത്തിഹാദ് റെയിലിന് സാധിക്കുമെന്നാണ് വിലയിരുത്തൽ. ഇന്ധനത്തിലും വൈദ്യുതിയിലും പ്രവർത്തിപ്പിക്കാവുന്ന എൻജിനുകൾ ഉയർന്ന കാര്യക്ഷമതയും ഉറപ്പുനൽകുന്നുണ്ട്.

മരുഭൂമികളിലൂടെ തടസ്സങ്ങളില്ലാതെ കടന്നുപോകാവുന്നതരത്തിൽ എൻജിനുകളിൽ പൾസ് സാൻഡ് ഫിൽട്ടറിങ് സംവിധാനം സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ, ഉയർന്ന സുരക്ഷ ഉറപ്പാക്കാനായി യൂറോപ്യൻ ട്രെയിൻ കൺട്രോൾ സിസ്റ്റം (ഇ.ടി.സി.എസ്.) ലെവൽ രണ്ടുപോലെയുള്ള ആധുനിക സാങ്കേതികവിദ്യകളുമുണ്ട്.

ഓരോ എൻജിനും 100 കോച്ചുകൾ വഹിക്കാൻ ശേഷിയുള്ളതാണ്. നൂതനബ്രേക്കിങ്, നിയന്ത്രണം, ആശയവിനിമയം, സുരക്ഷാസംവിധാനങ്ങൾ തുടങ്ങിയവ ചരക്കുവണ്ടികളിൽ സ്ഥാപിച്ചിട്ടുണ്ട്. പെട്രോകെമിക്കൽ വസ്തുക്കൾ, സിമന്റ്, നിർമാണസാമഗ്രികൾ, മാലിന്യങ്ങൾ തുടങ്ങി വലുപ്പത്തിലും ആകൃതിയിലും വ്യത്യാസമുള്ള സാധനങ്ങൾ വഹിച്ചുകൊണ്ടുപോകാൻ ഇത്തിഹാദ് റെയിലിലൂടെ സാധിക്കും. ഇതുവഴി ഗതാഗതച്ചെലവ് കുറയ്ക്കാനും ചരക്കുനീക്കം വേഗത്തിലാക്കാനും കഴിയും.

ഇത്തിഹാദ് റെയിൽ സി.ഇ.ഒ. ഷാദി മലക്, പ്രോഗ്രസ് റെയിൽ പ്രസിഡന്റും സി.ഇ.ഒ.യുമായ മാർട്ടി ഹേക്രാഫ്ട്, സി.ആർ.ആർ.സി. എക്സിക്യുട്ടീവ് ഡയറക്ടറായ ഹെൻറിപാങ് എന്നിവർ പങ്കെടുത്ത ചടങ്ങിലാണ് എൻജിനുകൾ, ചരക്കുവണ്ടുകൾ എന്നിവയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സുപ്രധാനവിവരങ്ങൾ പങ്കുവെച്ചത്.

യു.എ.ഇ.യുടെ റെയിൽശൃംഖല യാഥാർഥ്യമാകുമ്പോൾ അത്യാധുനിക സാങ്കേതികവിദ്യയോടൊപ്പം മികച്ച സൗകര്യങ്ങളോടുകൂടിയ പുതിയ യാത്രാനുഭവങ്ങൾക്കും തുടക്കമാവുമെന്നതാണ് വിലയിരുത്തൽ.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..