ഹസീനാ നിഷാദും കുടുംബവും
ദുബായ് : കൊണ്ടുവരുന്നഭക്ഷണം തിരികെ ഡെലിവറി ബോയ്‌സിന്, കൂടെ ഒരു സമ്മാനവും. ഷാർജയിലാണ് ഒരു മലയാളി കുടുംബം വ്യത്യസ്തമായ ജന്മദിനാഘോഷം നടത്തിയത്. യു.എ.ഇ. യിലെ ബിസിനസ് സംരംഭകയും കണ്ണൂർ കണ്ണാടിപ്പറമ്പ് സ്വദേശിനിയുമായ ഹസീനാ നിഷാദിന്റെ ജന്മദിനത്തോടനുബന്ധിച്ച്, ഭർത്താവ് നിഷാദ് ഹുസൈനും മക്കളായ ഷിനാസ്, ഹംദാൻ, ഹനാൻ, ഹെസ്ലിൻ എന്നിവരും ചേർന്നാണ് വ്യത്യസ്തമായ ആഘോഷമൊരുക്കിയത്.
റോഡിലെ തടസ്സം നീക്കിയതിന് ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഒരു ഡെലിവറി ബോയിയെ നേരിൽകണ്ട് അഭിനന്ദിച്ച പ്രവൃത്തിയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് നിത്യജീവിതത്തിൽ സ്ഥിരമായി കാണാറുള്ള ഡെലിവറി ബോയ്‌സിന് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന ആഗ്രഹം ഉണ്ടായത്. ഈ ആശയം ആദ്യം പറഞ്ഞത് മക്കളാണ്. അങ്ങിനെ ഹസീനയുടെ പിറന്നാൾ ദിനത്തിൽ അഞ്ചുപേരും ചേർന്ന് സമ്മാനങ്ങളൊരുക്കിയെന്ന് നിഷാദ് ഹുസൈൻ പറഞ്ഞു.
‘ഇന്ന് ഞങ്ങളുടെ ഉമ്മയുടെ പിറന്നാളാണ്, ആ സന്തോഷം നിങ്ങളുമായി പങ്കുവെയ്ക്കുന്നു’ എന്നെഴുതിയ മനോഹരമായ സമ്മാനപ്പൊതി മക്കൾ നാലുപേരും ചേർന്ന് ഒരുക്കിവെച്ചു. ഫുഡ് ഡെലിവറി ആപ്പിൽ മുൻകൂറായി പണമടച്ച് ഷാർജയിലെ വിവിധ റെസ്റ്റോറന്റുകളിൽനിന്ന് ഇഷ്ട വിഭവങ്ങൾ ഓർഡർ ചെയ്തു. അങ്ങിനെ ജന്മദിനത്തിൽ 50-ഓളം ഡെലിവറി ബോയ്‌സ് പല സമയങ്ങളിലായി ഡെലിവറിക്കായി ഇവരുടെ വില്ലയിലെത്തി. ഷിനാസ്, ഹംദാൻ, ഹനാൻ, ഹെസ്ലിൻ എന്നിവർ ചേർന്ന് അവരെ സ്വീകരിച്ചു. കൊണ്ടുവന്ന ഭക്ഷണം തിരികെ അവർക്ക് കഴിക്കാനായി നൽകി, കൂടെ സമ്മാനപ്പൊതിയും നൽകി സന്തോഷത്തോടെ തിരിച്ചയച്ചു. ആദ്യമൊന്നും വിശ്വസിച്ചില്ലെങ്കിലും പിന്നീട് കണ്ണുനിറഞ്ഞ് കുട്ടികളോട് നന്ദി രേഖപ്പെടുത്തിയാണ് എല്ലാവരും മടങ്ങിയത്.
അഞ്ച് വർഷത്തെ ഡെലിവറി ജീവിതത്തിൽ ഇങ്ങനെയൊരു അനുഭവം ആദ്യമായാണെന്ന് പാകിസ്താൻ സ്വദേശിയായ അബ്ദുൽ റസാഖ് പറഞ്ഞു. ബംഗ്ലാദേശ് സ്വദേശിയായ നൂറുൽ ഹസ്സനും മറ്റ് ചില ഡെലിവറി ബോയ്‌സും കുട്ടികളോടൊപ്പംനിന്ന് സെൽഫിയെടുത്തു. ബിഹാർ സ്വദേശിയായ അശോക് കുമാർ, കൊണ്ടുവന്ന ഭക്ഷണപ്പൊതി തിരികെ നൽകിയപ്പോൾ കുട്ടികൾ പറ്റിയ്ക്കാൻ വേണ്ടി ചെയ്യുന്നതാണോ എന്ന സംശയത്തിൽ തിരിച്ചുപോകാനൊരുങ്ങി. എന്നാൽ വീട്ടുകാർ വന്ന് നിർബന്ധിച്ചപ്പോഴാണ് കാര്യം ബോധ്യമായത്. സഹായ മനസ്കതയും സഹജീവികളോട് കരുണയോടെ പെരുമാറേണ്ടതിന്റെ ആവശ്യകതയും കുട്ടികൾക്ക് മനസ്സിലാക്കാൻ ഇത് കൂടുതൽ സഹായകമായി എന്ന് നിഷാദ് ഹുസ്സൈനും ഭാര്യ ഹസീന നിഷാദും പറഞ്ഞു.
ദമ്പതിമാരായ ഈ ബിസിനസ് സംരംഭകർ സ്വന്തം തൊഴിലാളികൾക്ക് നൽകുന്ന കാരുണ്യ പ്രവർത്തനങ്ങളിലൂടെ പ്രശസ്തരാണ്. കഴിഞ്ഞ അന്താരാഷ്ട്ര തൊഴിലാളി ദിനത്തിൽ തങ്ങളുടെ ഏഴായിരത്തോളം തൊഴിലാളികളിൽനിന്ന് മുൻവർഷങ്ങളിൽ മികച്ച സേവനം കാഴ്ചവെച്ച എട്ടുപേരെ റോൾസ് റോയിസ് കാറിൽ കൊണ്ടുപോയി ബുർജ് ഖലീഫയും ബുർജ് അൽ അറബും കാണിച്ച് പഞ്ചനക്ഷത്ര ഹോട്ടലിൽ രണ്ട് ദിവസത്തെ ആഡംബര ജീവിതം സമ്മാനിച്ചത് ഏറെ പ്രശംസനേടിയിരുന്നു.
ഷാർജ ജെംസ് മില്ലേനിയം സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് ഷിനാസ് നിഷാദ്. അതെ സ്‌കൂളിലെ രണ്ടാം ക്‌ളാസ് വിദ്യാർഥിനിയാണ് ഹനാൻ അമീറ. ഷാർജ കേംബ്രിജ് ഇന്റർനാഷണൽ സ്കൂളിലെ അഞ്ചാം ക്ളാസ് വിദ്യാർഥിയാണ് ഹംദാൻ നിഷാദ്. നാലാമത്തെ കുട്ടിയായ ഹെസ്ലിൻ അമീറയ്ക്ക് രണ്ടുവയസ്സാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..