യു.എ.ഇ.സ്ഥാനപതിമാർ അധികാരമേറ്റു


യു.എ.ഇ. പ്രസിഡന്റിനൊപ്പം പുതുതായി അധികാരമേറ്റ സ്ഥാനപതിമാർ

അബുദാബി : യു.എ.ഇ. യെ പ്രതിനിധീകരിക്കാൻ വിവിധ രാജ്യങ്ങളിലേക്ക് നിയമിതരായ സ്ഥാനപതിമാർ യു.എ.ഇ.പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. യു.എ.ഇ. യും മറ്റു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും സഹകരണവും ദൃഢമാക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുന്നതിനായി സ്ഥാനപതിമാർക്ക് ശൈഖ് മുഹമ്മദ് ആശംസകൾ നേർന്നു. കൂടാതെ ബന്ധപ്പെട്ട രാജ്യങ്ങളിലെ ഇമിറാത്തി പൗരന്മാരുടെ ക്ഷേമത്തിനായി അക്ഷീണം പ്രയത്‌നിക്കണമെന്നും അദ്ദേഹം സ്ഥാനപതിമാരോട് അഭ്യർത്ഥിച്ചു. യു.എ.ഇ. പുതിയ വികസന ഘട്ടത്തിലാണ്.

അതിൽ വിദേശ നയതന്ത്ര കാര്യങ്ങളുൾപ്പടെ വിവിധ രാജ്യങ്ങളുമായുള്ള പങ്കാളിത്തത്തിനും സാമ്പത്തിക സഹകരണത്തിനും വലിയ പ്രാധാന്യമുണ്ട്. രാജ്യം ഏൽപ്പിക്കുന്ന ഉത്തരവാദിത്വങ്ങൾ പൂർത്തീകരിക്കാനും നയങ്ങൾ അറിയിക്കാനും പ്രതിനിധീകരിക്കപ്പെടുന്ന രാജ്യങ്ങളിൽ യു.എ.ഇ.യുടെ താല്പര്യങ്ങൾ വികസിപ്പിക്കാനുമുള്ള സ്ഥാനപതിമാരുടെ കഴിവിൽ നിറഞ്ഞ ആത്മവിശ്വാസമുണ്ടെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.

ആത്മാർഥത,സത്യസന്ധത,രഹസ്യസ്വഭാവം എന്നിവ മുൻനിർത്തി പ്രവർത്തിക്കുമെന്ന് യു.എ.ഇ. സ്ഥാനപതിമാർ സത്യപ്രതിജ്ഞ ചെയ്തു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട സ്ഥാനപതിമാരുടെ പട്ടികയിൽ ഇന്ത്യയിലെ യു.എ.ഇ. സ്ഥാനപതിയായി നിയമിതനായ ഡോ.അബ്ദുൾ നാസ്സർ അൽ ഷാലിയും ഉൾപ്പെടുന്നുണ്ട്. ഉപപ്രധാനമത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്റ്റനന്റ് ജനറൽ ശൈഖ് സൈഫ് ബിൻ സായിദ് അൽ നഹ്യാൻ, ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ തുടങ്ങിയ മന്ത്രിമാരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..