ഓഹരിവിപണിയിൽ സാലികിന് വൻമുന്നേറ്റം


Caption

ദുബായ് : ടോൾഗേറ്റ് പ്രവർത്തന സംവിധാനമായ സാലികിന്റെ ഓഹരികൾ സ്വന്തമാക്കുന്നവരുടെ എണ്ണത്തിൽ വൻ വർധന. ഇനീഷ്യൽ പബ്ലിക് ഓഫറിങ്ങിലൂടെ (ഐ.പി.ഒ.) സാലിക് ഓഹരികൾ സ്വന്തമാക്കാൻ ഒട്ടേറെപേർ മുന്നോട്ടുവന്നിരുന്നു. സെപ്റ്റംബർ 13 മുതൽ 20 വരെയായിരുന്നു ഓഹരി വിൽപ്പന നടന്നത്.

ഐ.പി.ഒ. യുടെ ഡിമാൻഡ് 18420 കോടി ദിർഹത്തിലേറെയായിട്ടുണ്ട്. ഇത് ലഭ്യമായ ഓഹരികളുടെ എണ്ണത്തേക്കാൾ 49 മടങ്ങ് അധികമാണ്. ലോകമെമ്പാടുമുള്ള നിക്ഷേപകരിൽ നിന്നായി 14950 കോടി ദിർഹത്തിന്റെ നിക്ഷേപം സാലികിന് പുതുതായി ലഭിച്ചു. ഇത് നിലവിൽ കമ്പനി ഓഹരി വാങ്ങുന്നവർക്കായി ലഭ്യമാക്കിയ എണ്ണത്തേക്കാൾ 43 മടങ്ങ് അധികമാണെന്ന് സാലിക് അധികൃതർ വ്യക്തമാക്കി.

വിപണിയിലെ ചില്ലറ വ്യാപാരത്തിലൂടെ പ്രാദേശിക നിക്ഷേപകരുടെ എണ്ണം 119 മടങ്ങ് വർധിച്ച് 34.7 ബില്യൻ ദിർഹത്തിന് മുകളിലെത്തിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഐ.പി.ഒ. യിൽ പങ്കെടുക്കുത്ത നിക്ഷേപകർക്ക് അവരുടെ ഓഹരി വിഭജനം സംബന്ധിച്ച വിവരങ്ങൾ തിങ്കളാഴ്ച എസ്.എം.എസിലൂടെ ലഭിക്കും.

നിലവിൽ സാധാരണ ഓഹരികളുടെ എണ്ണം 1,86,75,00,000 ആയി ഉയർന്നിട്ടുമുണ്ട്. ഇതിന്റെ ഫലമായി 370 കോടി ദിർഹം വരുന്ന മൊത്തം ഐ.പി.ഒ. വരുമാനം ദുബായ് സർക്കാരിലേക്ക് നൽകും.

റോഡ് ടോൾ ഗേറ്റുകൾ പ്രവർത്തിപ്പിക്കുന്ന സംവിധാനമായ സാലികിന്റെ സുശക്തമായ സ്ഥാനം, വ്യാപാരരീതി എന്നിവയ്ക്ക് പുറമേ ഗതാഗതമേഖലയിലെ പദ്ധതികളുടെ വിപുലീകരണത്തിനും എമിറേറ്റിന്റെ സാമ്പത്തിക വളർച്ചയ്ക്കും ഓഹരി വിൽപ്പന നിർണായക പിന്തുണ നൽകുന്നുണ്ടെന്ന് ആർ.ടി.എ. ചെയർമാൻ മത്തർ അൽ തായർ വിശദീകരിച്ചു.

എമിറേറ്റിൽ വിദേശനിക്ഷേപം ആകർഷിക്കുന്നതിനുള്ള വിശാലമായ പദ്ധതികളുടെ സുപ്രധാന ചുവടുവെപ്പാണിതെന്ന് സാലിക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ ഇബ്രാഹിം സുൽത്താൻ അൽ ഹദ്ദാദ് പറഞ്ഞു. സാലിക് ഐ.പി.ഒ. പൂർത്തിയായതോടെ മൊത്തം ഓഹരി മൂലധനത്തിന്റെ 75.1 ശതമാനം ദുബായ് സർക്കാരിന് അവകാശപ്പെട്ടതാണ്. യു.എ.ഇ. സ്ട്രാറ്റജിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട്, ദുബായ് ഹോൾഡിങ്, ഷമൽ ഹോൾഡിങ്,അബുദാബി പെൻഷൻ ഫണ്ട് എന്നിവ സംയുക്തമായി 16.2 ശതമാനം സംഭാവന ചെയ്തിട്ടുണ്ട്.

4.1 ബില്യൻ ഡോളറിന്റെ വിപണി മൂലധനത്തോടെ 'സാലിക്' ചിഹ്നത്തിൽ ദുബായ് ഫിനാൻഷ്യൽ മാർക്കറ്റിലെ (ഡി.എഫ്.എം.) വ്യാപാരം 29-ന് ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു. 2007-ലാണ് എമിറേറ്റിൽ സാലിക് നിലവിൽ വന്നത്. നിലവിൽ എട്ട് ടോൾ ഗേറ്റുകളാണ് കമ്പനിക്ക് കീഴിൽ പ്രവർത്തിക്കുന്നത്. കഴിഞ്ഞ വർഷം 169 കോടി ദിർഹം വരുമാനമാണ് സാലികിലൂടെ സർക്കാരിന് ലഭിച്ചത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..