Caption
ദുബായ് : ഗൾഫ് രാജ്യങ്ങളിലെ കേന്ദ്രബാങ്കുകൾ അടിസ്ഥാനപലിശനിരക്ക് വർധിപ്പിച്ചു. യു.എ.ഇ., സൗദി അറേബ്യ, ഖത്തർ, ബഹ്‌റൈൻ എന്നീ രാജ്യങ്ങൾ മുക്കാൽശതമാനവും കുവൈത്ത് കാൽ ശതമാനവുമാണ് വർധിപ്പിച്ചത്. യു.എസ്. ഫെഡറൽ റിസർവ് പലിശനിരക്ക് വർധിപ്പിച്ചതിനെത്തുടർന്നാണ് ഗൾഫ് രാജ്യങ്ങളിലെ സെൻട്രൽ ബാങ്കുകളും പലിശനിരക്ക് വർധിപ്പിച്ചത്.
ഗൾഫ് കറൻസികളുടെ മൂല്യം യു.എസ്. ഡോളറുമായി ബന്ധപ്പെടുത്തിയിട്ടുള്ളതിനാലാണ് പലിശനിരക്ക് ഉയർത്തേണ്ടിവന്നത്. ആഗോള സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ സാമ്പത്തികസ്ഥിരത നിലനിർത്താനുള്ള നടപടിയായാണ് പലിശനിരക്ക് വർധിപ്പിച്ചതിനെ സൗദി വിശേഷിപ്പിച്ചത്. മുക്കാൽ ശതമാനമാണ് സൗദി സെൻട്രൽ ബാങ്ക് പലിശനിരക്ക് കൂട്ടിയത്. ഇതോടെ രാജ്യത്തെ റിപ്പോനിരക്ക് 3.75 ശതമാനത്തിലെത്തി.
യു.എ.ഇ. സെൻട്രൽബാങ്കും നിരക്ക് വർധിപ്പിച്ചു. യു.എ.ഇ.യിലെ പുതുക്കിയ നിരക്ക് 3.15 ശതമാനമാണ്. സൗദിക്കും യു.എ.ഇ.ക്കും സമാനമായി ബഹ്‌റൈനും പലിശനിരക്ക് കൂട്ടി. ഇതോടെ ബഹ്‌റൈനിൽ നാലുശതമാനമായി പലിശനിരക്ക്.
ഖത്തറിൽ പലിശനിരക്ക് 3.75 ശതമാനത്തിൽനിന്ന് നാലര ശതമാനത്തിലേക്കാണ് വർധിച്ചത്. ഇതോടെ ഗൾഫ് രാജ്യങ്ങളിൽ ബാങ്ക് നിക്ഷേപങ്ങൾക്ക് പലിശനിരക്ക് കൂടും. എന്നാൽ വായ്പകൾക്ക് കൂടുതൽപലിശ കൊടുക്കേണ്ടിവരുമെന്ന് സാമ്പത്തികവിദഗ്ധർ സൂചിപ്പിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..