വിഴിഞ്ഞം സമരത്തിനുപിന്നിൽ രഹസ്യ അജണ്ട -മന്ത്രി


2 min read
Read later
Print
Share

മന്ത്രി അഹമ്മദ് ദേവർകോവിൽ ദുബായിൽ മാധ്യമങ്ങളെ കാണുന്നു

ദുബായ് : വിഴിഞ്ഞം സമരത്തിന് പിന്നിൽ രഹസ്യഅജണ്ടയുണ്ടെന്നും സമരം നടത്തുന്നത് പ്രദേശവാസികളല്ലെന്നും തുറമുഖ, പുരാവസ്തുവകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. ദുബായിൽ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രദേശവാസികൾക്ക് പദ്ധതി നടപ്പാക്കണമെന്നാണ് ആഗ്രഹം. വിഴിഞ്ഞം തുറമുഖപദ്ധതി നിർത്തിവെക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ല. ഇതിന് പിന്നിൽ അന്താരാഷ്ട്ര ഗൂഢാലോചനയുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. എല്ലാ സുരക്ഷാ സംവിധാനങ്ങളും ഉറപ്പാക്കിയാണ് പദ്ധതി നടപ്പാക്കുന്നത്. സമരക്കാർ ഉന്നയിച്ച ഏഴ് ആവശ്യങ്ങളിൽ അഞ്ചെണ്ണത്തിലും തീരുമാനമായിട്ടുണ്ട്. ഏത് ചർച്ചകൾക്കും സർക്കാർ തയ്യാറാണ്-മന്ത്രി പറഞ്ഞു.

വ്യത്യസ്തമായ കാരണങ്ങളാൽ നീണ്ടുപോയ പദ്ധതി രണ്ടാം പിണറായി സർക്കാരിന് കീഴിൽ ദ്രുതഗതിയിലാണ് പുരോഗമിക്കുന്നത്. നിർമാണസാമഗ്രികളുടെ ലഭ്യതക്കുറവ്, പ്രകൃതിക്ഷോഭങ്ങൾ, മഹാമാരി തുടങ്ങിയ കാരണങ്ങളാൽ മന്ദഗതിയിലായ പദ്ധതിപ്രവർത്തനം സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. ഈ പ്രയാസങ്ങളെ കൃത്യമായി പരിഹരിക്കുന്നതിന് കൗണ്ട് ഡൗൺ തയ്യാറാക്കിയാണ് സർക്കാർ പ്രവർത്തിച്ചുവരുന്നത്. അടുത്ത വർഷം സെപ്റ്റംബറിൽ ആദ് കപ്പൽ വിഴിഞ്ഞത്ത് എത്തുന്ന വിധമാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ഈ പദ്ധതി കമ്മിഷൻ ചെയ്യുന്നതോടെ ലോക ചരക്കുനീക്ക ഭൂപടത്തിൽ കേരളത്തിന്റെ സ്ഥാനം ഉയരും. അന്താരാഷ്ട്ര കപ്പൽചാലിൽനിന്ന് 10 നോട്ടിക്കൽ മൈൽ മാത്രം അകലവും 20 മീറ്ററിന്റെ സ്വാഭാവിക ആഴവുമുള്ളതാണ് ഈ തുറമുഖം എന്നത് വിഴിഞ്ഞത്തിന്റെ സാധ്യതകളെ വർധിപ്പിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

കേരള മാരിടൈം ബോർഡിന്റെ ആഭിമുഖ്യത്തിൽ 26-ന് രാത്രി എട്ട് മണിക്ക് മാരിടൈം സെക്ടറിലും മറ്റ് ബിസിനസ് മേഖലകളിലുമുള്ള പ്രമുഖരെ പങ്കെടുപ്പിച്ച് ദുബായിൽ ബിസിനസ് കോൺക്ലേവ് സംഘടിപ്പിക്കും. കേരളത്തിന്റെ തുറമുഖ മേഖലയിലുള്ള നിക്ഷേപസാധ്യതകളെ ഈ രംഗത്തെ വ്യവസായികൾക്ക് പരിചയപ്പെടുത്താനും നിക്ഷേപ സാഹചര്യം ഒരുക്കുന്നതിനും വേണ്ടിയാണ് ഈ സംഗമം സംഘടിപ്പിക്കുന്നത്. കഴിഞ്ഞ ഏപ്രിൽ ആറിന് ഇന്ത്യക്കകത്തും പുറത്തുമുള്ള നൂറോളം നിക്ഷേപകർ പങ്കെടുത്ത പ്രിസം നിക്ഷേപക സംഗമത്തിന്റെ തുടർച്ചയായാണ് ബിസിനസ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്. സംഗമത്തിൽ കേരളാ മാരിടൈം ബോർഡ് ചെയർമാൻ എൻ.എസ്. പിള്ള, സി.ഇ.ഒ. സലീംകുമാർ, കേരളാ മാരിടൈം ബോർഡ് അംഗം കാസിം ഇരിക്കൂർ തുടങ്ങിയവർ സംബന്ധിക്കുമെന്നും മന്ത്രി പത്രസമ്മേളനത്തിൽ അറിയിച്ചു.

മന്ത്രിയായശേഷം ആദ്യമായാണ് അഹമ്മദ് ദേവർകോവിൽ ഒരാഴ്ചത്തെ സന്ദർശനത്തിനായി യു.എ.ഇ.യിൽ എത്തുന്നത്. ഇന്ത്യൻ നാഷണൽ ലീഗ് സംസ്ഥാന പ്രസിഡന്റ് കൂടിയായ അഹമ്മദ് ദേവർകോവിൽ യു.എ.ഇയിലെ വിവിധ സംഘടനകൾ സംഘടിപ്പിക്കുന്ന പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..