ഷാർജ പുസ്തകോത്സവത്തിൽ 150-ലേറെ പുസ്തകപ്രകാശനങ്ങൾ


അബ്ദുസമദ് സമദാനി, ടി.എസ്. കല്യാണരാമൻ, എം.എം. ഹസൻ, മഞ്ജുവാര്യർ, ജയസൂര്യ തുടങ്ങിയവരെത്തും

ഷാർജ പുസ്തകോത്സവം (ഫയൽ ഫോട്ടോ)

ഷാർജ : ഈ വർഷത്തെ അക്ഷരമാമാങ്കമായ 41-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം മലയാളത്തിലെ 150-ലധികം പുതിയ പുസ്തകങ്ങളുടെ പ്രകാശനങ്ങൾക്ക് വേദിയാകും. മലയാളി എഴുത്തുകാരുടെ ഏറ്റവും പുതിയ കൃതികളായിരിക്കും പ്രകാശിതമാവുക. വാക്ക് പ്രകാശിക്കട്ടെ എന്നപ്രമേയത്തിൽ നവംബർ രണ്ടുമുതൽ 13 വരെയാണ് ഷാർജ എക്സ്‌പോ സെന്ററിൽ അന്താരാഷ്ട്ര പുസ്തകോത്സവം നടക്കുന്നത്. ഇറ്റലിയാണ് ഈവർഷത്തെ അതിഥിരാജ്യം.

കേരളത്തിലെ പ്രമുഖരായ എഴുത്തുകാരുടെ പുസ്തകങ്ങളടക്കം ഷാർജ പുസ്തകോത്സവത്തിൽ പ്രകാശിപ്പിക്കും. 500-ലധികം കൃതികളുടെ പ്രകാശനങ്ങൾക്കായി വേദികൾ ചോദിച്ചുകൊണ്ട് അപേക്ഷ ലഭിച്ചിട്ടുണ്ടെന്ന് ഷാർജ ബുക്ക് അതോറിറ്റിയുടെ എക്‌സ്റ്റേണൽ അഫയേഴ്സ് എക്സിക്യൂട്ടീവ് പി.വി. മോഹൻകുമാർ പറഞ്ഞു. ഇത്രയധികം പുസ്തകപ്രകാശനങ്ങൾക്കായി വേദികൾ അനുവദിക്കാൻ സാധിക്കാത്ത സാഹചര്യമാണുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി.

പ്രവാസി എഴുത്തുകാരുടെ കൃതികൾക്കടക്കം പ്രാമുഖ്യംകൊടുത്തുകൊണ്ടാണ് ഈ വർഷവും ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനങ്ങൾ സംഘടിപ്പിക്കുന്നത്. മലയാളി എഴുത്തുകാരുടെ പുസ്തക പ്രകാശനങ്ങൾക്കുമാത്രമാണ് രണ്ടുവർഷംമുമ്പ് ‘ബുക്ക് ഫോറം’ സ്ഥാപിച്ചത്. എന്നാൽ ഓരോവർഷവും പ്രകാശനങ്ങൾ അഭൂതപൂർവമായി വർധിക്കുകയാണെന്ന് മോഹൻകുമാർ സൂചിപ്പിച്ചു.

മാതൃഭൂമി ബുക്സ് അടക്കമുള്ള കേരളത്തിലെ പ്രധാനപ്പെട്ട പ്രസാധകർ ഈ വർഷവും ഷാർജ പുസ്തകോത്സവത്തിൽ പങ്കെടുക്കുന്നുണ്ട്. അബ്ദുസമദ് സമദാനി എഴുതിയ 'പോക്കുവെയിലിലെ സൂര്യകാന്തിപ്പൂക്കൾ', ടി.എസ് . കല്യാണരാമന്റെ 'ആത്മവിശ്വാസം', എൻ.പി. ഫാക്കിയുടെ 'പാഴ് വസ്തുക്കളിൽ ജീവിതം തേടി ഒരു ലോകസഞ്ചാരം' തുടങ്ങി ഒട്ടേറെ പ്രമുഖ പുസ്തകങ്ങളാണ് ഈ വർഷം ഷാർജയിൽ പ്രകാശിതമാവുക. കൂടാതെ കോൺഗ്രസ് നേതാവ് എം.എം. ഹസൻ, നടി മഞ്ജുവാര്യർ, നടൻ ജയസൂര്യ തുടങ്ങിയവരുമായി ബന്ധപ്പെട്ട പുസ്തകങ്ങളും പ്രകാശിപ്പിക്കും.

മലയാളത്തിൽനിന്ന് സി.വി. ബാലകൃഷ്ണൻ, സുനിൽ പി. ഇളയിടം, ജി.ആർ. ഇന്ദുഗോപൻ തുടങ്ങിയവരടക്കം ഒട്ടേെർ പ്രമുഖ എഴുത്തുകാരാണ് പുസ്തകോത്സവത്തിൽ അതിഥികളായെത്തുന്നത്. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായുള്ള മൂന്നുദിവസത്തെ എഴുത്തുകാരുടെയും പ്രസാധകരുടെയും സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിൽനിന്ന് 500 അതിഥികൾ പങ്കെടുക്കും. എക്സ്‌പോ സെന്ററിന് സമീപത്തായി സ്ഥാപിക്കുന്ന പ്രത്യേക ഓഡിറ്റോറിയത്തിലായിരിക്കും പ്രമുഖ വ്യക്തികൾ അണിനിരക്കുന്ന സമ്മേളനം സംഘടിപ്പിക്കുക. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിനായുള്ള തയ്യാറെടുപ്പുകൾ അവസാനഘട്ടത്തിലാണെന്ന് പി.വി. മോഹൻകുമാർ അറിയിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..