താമസസ്ഥലങ്ങളിൽ പരിശോധന കർശനമാക്കി


ദുബായ് : സുരക്ഷയും സൗകര്യങ്ങളുമുറപ്പാക്കാൻ താമസയിടങ്ങളിൽ ദുബായ് നഗരസഭാ ഉദ്യോഗസ്ഥർ കർശന പരിശോധന നടത്തും. നഗരസഭയുടെ 'മാർഗനിർദേശങ്ങളുടെ ലംഘനങ്ങൾ' എന്ന പ്രമേയത്തിന്റെ പ്രചാരണാർഥമാണ് താമസയിടങ്ങളിലും പരിശോധന കർശനമാക്കിയത്. പരിശോധനയിൽ കുടുംബങ്ങൾക്കുമാത്രമായുള്ള പ്രദേശങ്ങളിൽ ബാച്ചിലേഴ്‌സ് താമസിക്കുന്നുവെന്ന് കണ്ടെത്തിയാൽ താമസിപ്പിക്കുന്നവർക്കെതിരെ നിയമലംഘനത്തിന് നടപടി സ്വീകരിക്കും. കുടുംബങ്ങൾക്ക് മാത്രമായുള്ള പ്രദേശങ്ങളിൽ ബാച്ചിലേഴ്‌സിന് താമസയിടങ്ങൾ വാടകയ്ക്ക് നൽകുന്നത് നിയമവിരുദ്ധമാണ്.

നഗരസഭ ഇതുവരെയായി ദുബായിൽ 19,837 താമസയിടങ്ങൾ പരിശോധിച്ചുകഴിഞ്ഞു. പരിശോധനകളിൽ നിയമവിരുദ്ധ താമസക്കാർക്കും അവരെ താമസിപ്പിക്കുന്നവർക്കുമെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. പരിശോധന കർശനമാക്കിയതോടെ നിയമലംഘനങ്ങളുടെ എണ്ണംകുറഞ്ഞതായി നഗരസഭാധികൃതർ വ്യക്തമാക്കി. ഉടമകളും താമസക്കാരും മാനദണ്ഡങ്ങൾക്കനുസൃതമായി താമസിക്കണം.ഉടമകൾ നഗരസഭയുടെ അനുമതിയില്ലാതെ താമസയിടം പങ്കിട്ട് വാടകയ്ക്ക് നൽകരുത്. അനുവാദമില്ലാതെ മുറികൾ പങ്കിടുന്ന താമസക്കാരെ ഒഴിപ്പിക്കാൻ ഉടമയ്ക്ക് അവകാശമുണ്ടെന്നും നഗരസഭ അറിയിച്ചു.

അബുദാബിയിൽ താമസയിടം അനധികൃതമായി നാല് കുടുംബങ്ങൾക്കായി വിഭജിച്ചുനൽകിയ വാടകക്കാരനോട് നഷ്ടപരിഹാരമായി വീട്ടുടമയ്ക്ക് മൂന്നുലക്ഷം ദിർഹം നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടിരുന്നു. ഇത്തരക്കാർക്കെതിരേ കനത്ത പിഴയീടാക്കാനും നിയമമുണ്ട്. ഷാർജയിൽ കുടുംബങ്ങൾക്കുമാത്രമായുള്ള പ്രദേശത്ത് നടത്തിയ പരിശോധനയിൽ ആയിരക്കണക്കിന് ബാച്ചിലേഴ്‌സും താമസിക്കുന്നതായി കണ്ടെത്തിയിരുന്നു. നിയമലംഘനങ്ങൾക്ക് കനത്ത പിഴയീടാക്കുകയും ചെയ്തു.

ആളുകൾ തിങ്ങിപ്പാർക്കുന്നയിടങ്ങളിൽ വൈദ്യുതി ശരിയായി ഉപയോഗിച്ചില്ലെങ്കിൽ തീപ്പിടിത്തത്തിനും കാരണമാവുമെന്ന് അധികൃതർ ഓർമിപ്പിച്ചു. നിയമം ലംഘിക്കുന്നവരുടെ വൈദ്യുതി വിച്ഛേദിക്കാനും നിയമമുണ്ട്. ദുബായിൽ താമസക്കാർ തങ്ങൾക്കൊപ്പം താമസിക്കുന്നവരുടെ വിശദവിവരങ്ങൾ 'ദുബായ് റസ്റ്റ്' എന്ന ആപ്പിലൂടെ രണ്ടാഴ്ചയ്ക്കുള്ളിൽ രജിസ്റ്റർ ചെയ്യണമെന്ന് ദുബായ് ലാൻഡ് ഡിപ്പാർട്ടമെന്റ് കഴിഞ്ഞദിവസമറിയിച്ചിരുന്നു. താമസക്കാർ തങ്ങളുടെ എമിറേറ്റ്സ് ഐ.ഡി.യിലൂടെ വ്യക്തിഗത വിവരങ്ങൾ രജിസ്റ്റർ ചെയ്യണം.

രജിസ്റ്റർ നടപടികൾ എട്ടുഘട്ടങ്ങളിലായി പൂർത്തിയാക്കാം. ഒപ്പം താമസിക്കുന്നവരുടെയും എമിറേറ്റ്സ് ഐ.ഡി.യോ പാസ്പോർട്ട് വിവരങ്ങളോ നൽകി ദുബായ് റസ്റ്റ് ആപ്പിൽ രജിസ്റ്റർ ചെയ്യണം. ഒരുതവണ രജിസ്റ്റർചെയ്താൽ പിന്നീടുള്ള വാടകക്കരാർ പ്രമാണങ്ങളിൽ വിശദാംശങ്ങൾ സ്വമേധയാ പുതുക്കപ്പെടും. ദുബായിൽ നിയമലംഘനങ്ങൾ അധികൃതരെ അറിയിക്കാൻ 800900 എന്ന നമ്പറിൽവിളിക്കാനും അധികൃതർ നിർദേശിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..