എഴുത്ത് ഉപജീവന മാർഗമായിരുന്നില്ല - കെ.ജയകുമാർ


കെ.ജയകുമാറിനെ വൈ.എ.റഹീം പൊന്നാടയണിയിക്കുന്നു

ഷാർജ : എഴുത്തിലും ജീവിതത്തിലുമെല്ലാം യൗവനത്തിലാണെന്ന് കവിയും മുൻ ചീഫ് സെക്രട്ടറിയുമായ കെ. ജയകുമാർ പറഞ്ഞു. 70 വയസ്സ് പൂർത്തിയാകുന്നുവെന്ന് സ്വയംവിശ്വസിക്കാൻപോലും സാധിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. സപ്തതിയിലേക്ക് കടക്കുന്ന കെ. ജയകുമാറിന് ഷാർജയിൽ എം.വി.ആർ. സ്മൃതി സാംസ്‌കാരികവേദി ആദരിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോടമ്പാക്കത്ത് സിനിമാപാട്ട് എഴുതാൻ അലയുകയാണെന്നുപോലും തന്റെ സമാനപദവി അലങ്കരിച്ചവർ അവഹേളിച്ചതൊന്നും മറന്നിട്ടില്ല. 'കോടമ്പാക്കത്ത് സിനിമചെയ്താണ് അച്ഛൻ എം.കൃഷ്ണൻ നായർ ഞങ്ങളെ വളർത്തിവലുതാക്കിയത്. ആ കോടമ്പാക്കത്തെ അന്നമാണ് ഞങ്ങളുടെ ജീവിതം മുന്നോട്ടുകൊണ്ടുപോയത്' - ജയകുമാർ പറഞ്ഞു. 120 സിനിമകളെടുത്ത അച്ഛന്റെ മകൻ ഇതുവരെയായി 120 സിനിമകളിൽ പാട്ടെഴുതിക്കഴിഞ്ഞു. എഴുതിയ പാട്ടുകളെല്ലാം ജനങ്ങൾ സ്വീകരിച്ചതിൽ അഭിമാനമാണ്. എഴുതിയതൊന്നും വെറുതെയായില്ലല്ലോ എന്ന സന്തോഷവും.'ചന്ദനലേപസുഗന്ധവും’, ‘സൗപർണികാമൃത വീചികളും' മാത്രമല്ല നൂറുകണക്കിന് പാട്ടുകൾ വേറെയും എഴുതിയെങ്കിലും വേദികളിൽ ആ പാട്ടുകൾ പാടാനാണ് പുതിയ ഗായകർക്ക് ഇഷ്ടമെന്നും അത് ആ പാട്ടുകൾ ആസ്വാദകരിലുണ്ടാക്കിയ സ്വാധീനമാണെന്നും കെ.ജയകുമാർ വ്യക്തമാക്കി. എഴുത്ത് തനിക്കൊരിക്കലും ഉപജീവന മാർഗമായിട്ടില്ല. സർക്കാർസേവനത്തിലൂടെ തന്നെയാണ് ഉപജീവനംനടത്തിയത്. വയലാർ എഴുതിയതുപോലെ നല്ല പാട്ടുകളെഴുതാനുള്ള കൊതികൊണ്ട് തുടങ്ങിയതാണ് സിനിമാപാട്ടെഴുത്തെന്നും ജയകുമാർ പറഞ്ഞു.

ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.വൈ.എ.റഹീം കെ. ജയകുമാറിനെ പൊന്നാടയണിയിച്ചു. ഇ.ടി. പ്രകാശ് അധ്യക്ഷത വഹിച്ചു. അശ്വതി ഹരികൃഷ്ണൻ, അശ്വതി ആർ. പോറ്റി, ഷിബു ബാബു, സുജീഷ് എന്നിവർ കെ. ജയകുമാറിന്റെ ഗാനങ്ങൾ 'ജയഗീതങ്ങൾ' എന്നപേരിൽ ആലപിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..