മകളുടെ ഓട്ടൻതുള്ളലിൽ താളവും പാട്ടുമായി അച്ഛനും അമ്മയും


കൃഷ്ണപ്രിയ ഓട്ടൻതുള്ളൽ അവതരിപ്പിക്കുന്നു. വേദിയിൽ കൃഷ്ണമണി മാരാർ, രതീഷ്, ഹൈമാ ബാലകൃഷ്ണൻ എന്നിവർ

ഷാർജ : ''നോക്കെടാ നമ്മുടെ മാർഗേ കിടക്കുന്ന മർക്കടാ. നീയങ്ങു മാറിക്കിട ശഠാ !

ദുർഘടസ്ഥാനത്തുവന്നു ശയിപ്പാൻ നിനക്കെടാ ! തോന്നുവാനെന്തെടാ സംഗതി ?' പാഞ്ചാലിയുടെ ആഗ്രഹപ്രകാരം സൗഗന്ധികപ്പൂ തേടിപ്പോകുന്ന ഭീമൻ ഒരു വൃദ്ധവാനരനെന്ന മട്ടിൽ വഴിമുടക്കികിടന്ന ഹനുമാനോട് കയർക്കുന്ന ഭാഗം വായ്പാട്ടായി വേദിയിൽ മനോഹരമായി ചൊല്ലിയത് അച്ഛനും അമ്മയും. പാട്ടിനൊത്ത് ഓട്ടൻതുള്ളൽ നടത്തിയത് മകൾ. ഇടയ്ക്ക കൊട്ടിയത് ഭർത്താവും.ഷാർജ ഇന്ത്യൻ അസോസിയേഷന്റെ ഓണാഘോഷ വേദിയിലാണ് ഒരു കുടുംബം മുഴുവൻ കല്യാണ സൗഗന്ധികം ഓട്ടൻതുള്ളലിന്റെ ഭാഗമായത്.

സോപാന സംഗീതജ്ഞൻ പയ്യന്നൂർ കൃഷ്ണമണിമാരാർ ചിട്ടപ്പെടുത്തിയ ഓട്ടൻതുള്ളലാണ് കൃഷ്ണപ്രിയ വേദിയിൽ അവതരിപ്പിച്ചത്. കൃഷ്ണമണി മാരാർക്കൊപ്പം മകളുടെ ഭർത്താവ് രതീഷിന്റെ അമ്മ ഹൈമാ ബാലകൃഷ്ണമാരാരും കൂടെ പാടി. രതീഷ് പയ്യന്നൂർ ആയിരുന്നു ഭാര്യയുടെ ഓട്ടൻതുള്ളലിന് ഇടയ്ക്ക കൊട്ടിയത്. അരമണിക്കൂർ നീണ്ടുനിന്ന ഓട്ടൻതുള്ളൽ ആസ്വദിച്ച് പ്രോത്സാഹിപ്പിച്ചത് ആയിരക്കണക്കിന് ആളുകളാണ്. കണ്ണൂർ പയ്യന്നൂർ സ്വദേശികളാണ് ഈ കലാകുടുംബം. കൃഷ്ണപ്രിയയുടെ മകൾ നീലാംബരി എന്ന ഒമ്പതുവയസ്സുകാരിയും പാട്ടുപാടാനും നൃത്തമാടാനും മിടുക്കിയാണ്. മുത്തച്ഛൻ തന്നെയാണ് നീലാംബരിയുടെയും ഗുരു. കൃഷ്ണമണിമാരാരിൽനിന്നും നൃത്തം, സോപാനസംഗീതം, ഇടയ്ക്ക എന്നിവയും കൃഷ്ണപ്രിയ പഠിച്ചിരുന്നു. സ്കൂൾ കലോത്സവങ്ങളിൽ സംസ്ഥാനതലത്തിൽ കൃഷ്ണപ്രിയ സമ്മാനം നേടിയിട്ടുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..