മാസ്‌ക് നിർബന്ധമില്ല


ഇളവുകൾ നാളെ മുതൽ പ്രാബല്യത്തിൽ

Caption

ദുബായ് : യു.എ.ഇ.യിൽ കോവിഡ് നിയന്ത്രണങ്ങളിൽ പുതിയ ഇളവുകൾ പ്രഖ്യാപിച്ചു. സ്കൂളുകൾ ഉൾപ്പെടെ മിക്കയിടങ്ങളിലും ഇനി മാസ്ക് നിർബന്ധമില്ല. ആവശ്യമുള്ളവർക്ക് മാത്രം ഇനി മാസ്ക് ധരിച്ചാൽ മതിയാകും. പള്ളികളിൽ സാമൂഹിക അകലവും ഒഴിവാക്കി. കോവിഡ് ബാധിതരുടെ ഐസൊലേഷൻ അഞ്ചുദിവസമായി കുറയ്ക്കുകയും ചെയ്തു. രോഗികളുമായി സമ്പർക്കമുണ്ടായവർ രോഗലക്ഷണമുണ്ടെങ്കിൽമാത്രം കോവിഡ് പരിശോധന നടത്തിയാൽ മതി. എന്നാൽ, പ്രായമേറിയവരും രോഗബാധയ്ക്ക് സാധ്യതയുള്ളവരും രോഗിയുമായി സമ്പർക്കമുണ്ടായാൽ നിർബന്ധമായും കോവിഡ് പരിശോധനയ്ക്ക് വിധേയമാകണം. പൊതുസ്ഥാപനങ്ങളിൽ പ്രവേശിക്കുന്നതിന് അൽഹൊസ്ൻ ആപ്പിലെ ഗ്രീൻപാസിലെ കാലാവധി 30 ദിവസമായി വർധിപ്പിച്ചു. ആപ്പിൽ പച്ചനിറം നിലനിർത്താൻ 30 ദിവസത്തിലൊരിക്കൽ കോവിഡ് പരിശോധനയ്ക്ക് വിധേയമായാൽ മതി. സ്വകാര്യ സ്കൂളുകൾ, ചൈൽഡ്ഹുഡ് സെന്ററുകൾ, യൂണിവേഴ്‌സിറ്റികൾ, ട്രെയിനിങ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സെപ്‌റ്റംബർ 28 മുതൽ മാസ്ക് നിർബന്ധമല്ലെന്ന് ദുബായ് വൈജ്ഞാനിക മാനവ വികസന അതോറിറ്റി അറിയിച്ചു.

അതേസമയം, ആശുപത്രികൾ ഉൾപ്പെടെ മെഡിക്കൽ കേന്ദ്രങ്ങൾ, പള്ളികൾ, പൊതുഗതാഗത സംവിധാനങ്ങൾ എന്നിവിടങ്ങളിൽ മാസ്ക് നിർബന്ധമായിരിക്കും. ഭക്ഷണം വിതരണം ചെയ്യുന്നവരും രോഗലക്ഷണമുള്ളവരും മാസ്ക് ധരിച്ചിരിക്കണം. എന്നാൽ, വിമാനയാത്രകളിൽ മാസ്ക് നിബന്ധന ഒഴിവാക്കിയിട്ടുണ്ട്. പക്ഷേ, വിമാനക്കമ്പനികൾക്ക് വേണമെങ്കിൽ ഇക്കാര്യത്തിൽ നിബന്ധന മുന്നോട്ടുവെക്കാമെന്നും ദേശീയ ദുരന്തനിവാരണ സമിതി അറിയിച്ചു. ബുധനാഴ്ച മുതൽ പുതിയ ഇളവുകൾ പ്രാബല്യത്തിലാകും. കോവിഡ് രോഗികളുടെ എണ്ണവും കോവിഡ് മരണവും ഗണ്യമായി കുറഞ്ഞ പശ്ചാത്തലത്തിലാണ് ദേശീയ ദുരന്തനിവാരണ സമിതി പുതിയ ഇളവുകൾ പ്രഖ്യാപിച്ചത്. യു.എ.ഇ.യിൽ മാസങ്ങൾക്കുമുൻപേ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് ഏർപ്പെടുത്തിയിരുന്നു. തുറസ്സായ സ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നതിന് ഇളവ് നൽകിയിരുന്നു. പ്രതിദിന കോവിഡ് കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് നിർത്താനും യു.എ.ഇ. തീരുമാനിച്ചു.Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..