യു.എ.ഇ.- ഇന്ത്യ വ്യാപാരത്തിൽ നേട്ടം


• സമഗ്ര സാമ്പത്തികപങ്കാളിത്ത കരാറിന്റെ ആദ്യത്തെ മൂന്നുമാസത്തെ കണക്ക്‌

Caption

ദുബായ് : യു.എ.ഇ.- ഇന്ത്യ സമഗ്ര സാമ്പത്തികപങ്കാളിത്ത കരാർ (സെപ) നടപ്പാക്കി ആദ്യമൂന്നുമാസത്തിൽത്തന്നെ ഇരുരാജ്യങ്ങളും തമ്മിലെ വ്യാപാരത്തിൽ മികച്ചനേട്ടമുണ്ടായതായി റിപ്പോർട്ട്. കഴിഞ്ഞ മേയ് ഒന്നിന് സെപ നടപ്പാക്കിയതിനുശേഷമുള്ള ഇന്ത്യ- യു.എ.ഇ. വ്യാപാരത്തെക്കുറിച്ചുള്ള ഇന്ത്യൻ വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ സമഗ്രപഠനത്തിലാണ് ഇക്കാര്യമുള്ളത്.

സെപ ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷിവ്യാപാരത്തിൽ കാര്യമായ സ്വാധീനംചെലുത്തുന്നുണ്ട്. പെട്രോളിയം ഉത്‌പന്നങ്ങൾ ഒഴികെ യു.എ.ഇ.യിലേക്കുള്ള ഇന്ത്യൻ കയറ്റുമതി കഴിഞ്ഞ ജൂൺ-ഓഗസ്റ്റ് കാലയളവിൽ 592 കോടി ഡോളറായിരുന്നു. കഴിഞ്ഞവർഷം ഇതേകാലയളവിലെ 517 കോടി ഡോളറിൽനിന്നാണ് ഈ വർധന. വർഷംതോറും 14 ശതമാനം വർധനയാണ് ഉണ്ടാകുന്നതെന്നും മന്ത്രാലയം സൂചിപ്പിച്ചു. ഇതേകാലയളവിൽ യു.എ.ഇ.യിൽനിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതി 556 കോടി ഡോളറിൽനിന്ന് 561 കോടി ഡോളറായി ഉയരുകയുംചെയ്തു. കണക്കുപ്രകാരം ഇരുദിശകളിലും ശക്തമായ വ്യാപാരവർധനയാണ് ഉണ്ടായിരിക്കുന്നതെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.ഇന്ത്യക്കുപിന്നാലെ ഇസ്രയേലും ഇൻഡൊനീഷ്യയുമായി കരാർ ഒപ്പുവെച്ചത് യു.എ.ഇ.ക്ക് ചരിത്രനേട്ടമാണ് സമ്മാനിച്ചത്. ഈവർഷം ആദ്യപകുതി പിന്നിടുമ്പോൾ 18,000 കോടി ദിർഹത്തിന്റെ കയറ്റുമതി നടത്തി റെക്കോഡാണ് യു.എ.ഇ. നേടിയത്. കഴിഞ്ഞവർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് എട്ടുശതമാനമാണ് വർധന. ഇടപാടുകളിൽ ഒന്നാമത് ഇന്ത്യയാണ്. ഈവർഷം അവസാനത്തോടെ കൂടുതൽ രാജ്യങ്ങളുമായി യു.എ.ഇ. കരാർ ഒപ്പുവെക്കുമെന്നാണ് വിവരം.

സെപയിൽ ഒപ്പുവെച്ച രാജ്യങ്ങൾക്ക് പരസ്പരം കയറ്റുമതി വർധിപ്പിക്കാനും ഇതരരാജ്യങ്ങളിലേക്ക് പുനർകയറ്റുമതി ചെയ്യാനും കഴിയും. യു.എ.ഇ.യുമായി ഈ തന്ത്രപ്രധാനക്കരാറിൽ ഒപ്പുവെക്കുന്ന ആദ്യ ആഫ്രിക്കൻ രാജ്യമാണ് കെനിയ. ഇന്ത്യയുടെയും കെനിയയുടെയും പൊതുപങ്കാളിയായി യു.എ.ഇ. മാറുന്നത് മൂന്നുരാജ്യങ്ങൾക്കും നേട്ടമാകും. ഇന്ത്യ, ആഫ്രിക്ക വികസന ഇടനാഴിയടക്കമുള്ള പദ്ധതികൾ പുരോഗമിക്കുകയാണ്. അന്താരാഷ്ട്ര വ്യാപാര ഇടപാടിൽ വൻമുന്നേറ്റം നടത്തി 2030 ആകുമ്പോഴേക്കും യു.എ.ഇ.യുടെ സമ്പദ്ഘടനയുടെ വളർച്ച ഇരട്ടിയാകുമെന്ന് നേരത്തേ വിദേശവ്യാപാര സഹമന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സിയൂദി സൂചിപ്പിച്ചിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..