യു.എ.ഇ. പ്രസിഡന്റ് ഇന്ന് ഒമാനിൽ


മസ്കറ്റ് : യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ചൊവ്വാഴ്ച ഒമാനിലെത്തും. പ്രസിഡന്റായശേഷം ശൈഖ് മുഹമ്മദിന്റെ ആദ്യ ഒമാൻ സന്ദർശനമാണിത്.

ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖുമായി അദ്ദേഹം കൂടികാഴ്ച നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും സഹകരണവും ഊട്ടിയുറപ്പിക്കുന്നതായിരിക്കും കൂടിക്കാഴ്ച. അതിർത്തി പങ്കിടുന്ന ഇരുരാജ്യങ്ങളും തമ്മിലെ സാമ്പത്തിക സാംസ്കാരിക വിനോദസഞ്ചാര സഹകരണമെല്ലാം ചർച്ചയാകും.മേഖലയിലെ സുരക്ഷാ വിഷയങ്ങളിലും ചർച്ചയുണ്ടാകുമെന്നാണ് വിവരം. ഒമാൻ സുൽത്താന്റെ ക്ഷണം സ്വീകരിച്ചാണ് യു.എ.ഇ. പ്രസിഡന്റ് എത്തുന്നത്.

ചരിത്രപരമായ ബന്ധം ദൃഢമാക്കും

ഒമാനുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയാണ് യു.എ.ഇയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. യു.എ.ഇയും ഒമാനും തമ്മിൽ ചരിത്രാതീത കാലംമുതൽക്കെ നിലനിൽക്കുന്ന ആഴത്തിലുള്ള ബന്ധമുണ്ടെന്ന് നേരത്തെ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രസ്താവിച്ചിട്ടുണ്ട്. അവർ ഞങ്ങളുടെ സഹോദരങ്ങളാണ്, ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാല ബന്ധത്തിൽ അഭിമാനിക്കുന്നുവെന്ന യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ വാക്കുകളും യു.എ.ഇ.-ഒമാൻ ബന്ധത്തിന്റെ ദൃഢത എടുത്തുകാണിക്കുന്നു. ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനും സുൽത്താൻ ഖാബൂസ് ബിൻ സെയ്ദും തമ്മിൽ നടത്തിയ ചരിത്രപരമായ കൂടിക്കാഴ്ചയിലൂടെ ശക്തിപ്പെടുത്തിയ ഒട്ടേറെ മുന്നേറ്റങ്ങളുണ്ട്. 1971-ന് ശേഷവും ബന്ധം തീവ്രമായെന്ന് മാത്രമല്ല ഇരുരാജ്യങ്ങൾക്കുമിടയിൽ ഒട്ടേറെ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ കരാറുകൾ ഒപ്പുവെച്ചു.

ശൈഖ് സായിദ് ബിൻ സുൽത്താന്റെ ഒമാനിലെ ചരിത്രപരമായ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ വഴിത്തിരിവായിരുന്നു. സന്ദർശന ഫലമായി ഒരു സംയുക്ത ഉന്നത സമിതിതന്നെ രൂപവത്‌കരിച്ചു. പാസ്‌പോർട്ടിന് പകരം എമിറേറ്റ്‌സ് ഐ.ഡി. ഉപയോഗിച്ച് പൗരന്മാർക്ക് ഇരു രാജ്യങ്ങളിലും പ്രവേശിക്കാൻ അനുമതി നൽകിയതും ഒരു കൂട്ടം സംയുക്ത പദ്ധതികൾ സ്ഥാപിക്കുന്നതിന് സാമ്പത്തിക സമിതി രൂപവത്‌കരിച്ചതുമെല്ലാമായിരുന്നു സംയുക്തസമിതിയുടെ ഏറ്റവും പ്രധാനപ്പെട്ട നേട്ടങ്ങൾ. ഒമാന്റെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര പങ്കാളികളിൽ ഒന്നാണ് യു.എ.ഇ.

കഴിഞ്ഞ വർഷം യു.എ.ഇ.യും ഒമാനും തമ്മിലുള്ള എണ്ണയിതര വ്യാപാര വിനിമയത്തിന്റെ അളവ് 46 ബില്യൺ ദിർഹമായിരുന്നു. 2020 നെ അപേക്ഷിച്ച് ഒമ്പത് ശതമാനമായിരുന്നു വളർച്ച. കഴിഞ്ഞ അഞ്ച് വർഷത്തെ കണക്കെടുത്താൽ ഇരു രാജ്യങ്ങളുടെയും വ്യാപാരത്തിലെ ശരാശരി വളർച്ച ഏകദേശം 10 ശതമാനത്തോളമായിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..