അജ്മാൻ തുറമുഖ അധികൃതരുമായി മന്ത്രി അഹമ്മദ് ദേവർകോവിൽ കൂടിക്കാഴ്ച നടത്തി


മന്ത്രി അഹമ്മദ് ദേവർകോവിൽ അജ്മാൻ തുറമുഖ അധികൃതരുമായി കൂടിക്കാഴ്ച നടത്തുന്നു

അജ്മാൻ : കേരള തുറമുഖ, പുരാവസ്തുവകുപ്പുമന്ത്രി അഹമ്മദ് ദേവർകോവിൽ അജ്മാൻ പോർട്ട് ആൻഡ് കസ്റ്റംസ് അധികൃതരുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിലെ ലോജിസ്റ്റിക്‌സ് രംഗത്തുള്ള വളർച്ചയും സംസ്ഥാനത്തിലെ പുതിയ ഷിപ്പിങ് വ്യവസായ സാഹചര്യങ്ങളും കൂടിക്കാഴ്ചയിൽ മന്ത്രി പോർട്ട് ആൻഡ് കസ്റ്റംസ് അധികൃതരോട് വിശദമാക്കി. കേരളവും യു.എ.ഇ.യും തമ്മിലുള്ള പതിറ്റാണ്ടുകളുടെ വ്യവസായ സൗഹാർദവും പുതിയ സാമ്പത്തിക നിക്ഷേപ സാഹചര്യവും ചർച്ചയിൽ പ്രതിപാദിച്ചുവെന്ന് മന്ത്രി പറഞ്ഞു. ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് പ്രത്യേകിച്ച് മലയാളികൾക്ക് യു.എ.ഇ. നൽകുന്ന സുരക്ഷിത തൊഴിൽസാഹചര്യത്തെ മന്ത്രി അഹമ്മദ് ദേവർകോവിൽ പ്രകീർത്തിച്ചു. അജ്മാൻ പോർട്ട് ചെയർമാൻ ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ലാഹ് ബിൻ സുൽത്താൻ അൽ നുഐമിയും മറ്റു ഉന്നത ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുത്തു. തുടർന്ന് അജ്മാൻ മ്യൂസിയം സന്ദർശിച്ച മന്ത്രി പുരാവസ്തുശേഖരം ചുറ്റിക്കണ്ടു.

അജ്മാൻ എമിറേറ്റ്‌സ് കോടതിയുടെ ചെയർമാനും എക്‌സിക്യുട്ടീവ് കൗൺസിൽ അംഗവുമായ ശൈഖ് ഡോ. മാജിദ് ബിൻ സഈദ് അൽ നുഐമി, അജ്മാൻ പൗരത്വ മന്ത്രാലയത്തിന്റെ ഡയറക്ടർ ജനറൽ ശൈഖ് അബ്ദുല്ല ബിൻ മാജിദ് ബിൻ സഈദ് അൽ നുഐമി എന്നിവരുമായും മന്ത്രി ചർച്ചനടത്തി. യു.എ.ഇ.യുടെ പുരോഗമന, വികസനത്തിന് കരുത്തുപകരുന്ന മലയാളികളുടെ സേവനങ്ങൾക്ക് ഇരുവരും മന്ത്രിയോട് നന്ദിപറഞ്ഞു. രാജ്യത്തിന്റെ ദേശീയദിനത്തോടനുബന്ധിച്ച് ജയിലുകളിൽനിന്നും മോചിപ്പിക്കുന്ന തടവുകാരിൽ ക്രിമിനൽ പശ്ചാത്തലമില്ലാത്ത മലയാളികളെകൂടി ഉൾപ്പെടുത്തണമെന്ന് ചർച്ചയിൽ മന്ത്രി അധികൃതരോട് അഭ്യർഥിച്ചു. കേരള മാരിടൈം ബോർഡ് ചെയർമാൻ എൻ.എസ്. പിള്ള, സി.ഇ.ഒ. ടി.പി. സലിംകുമാർ, ബോർഡ് മെമ്പർ കാസിം ഇരിക്കൂർ, മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.പി. അൻവർ സാദത്ത്, യു.ടി. മുഹമ്മദ് ഷമീർ, സാമൂഹിക പ്രവർത്തകരായ രാകേഷ്, പ്രഘോഷ് അനിരുദ്ധ്, സാജിഫ് അഷ്റഫ് അലി, ഷബീർ ഇസ്മയിൽ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..