ലോക സൈക്കിൾയാത്രികൻ ഫായിസ് അലി ദുബായിൽ


തിരുവനന്തപുരത്തുനിന്ന് ലണ്ടനിലേക്ക് സൈക്കിളിൽ യാത്രചെയ്യുന്ന കോഴിക്കോട് സ്വദേശി ഫായിസ് അഷ്‌റഫ് അലി ദുബായിലെത്തിയപ്പോൾ

ദുബായ് : കേരളത്തിൽനിന്ന് ലണ്ടനിലേക്ക് സൈക്കിളിൽ ഒരു സ്വപ്നയാത്ര! കേൾക്കുമ്പോൾ അദ്ഭുതം തോന്നാം. എന്നാൽ സംഭവം സത്യമാണ്. കോഴിക്കോട് തലക്കുളത്തൂർ സ്വദേശി ഫായിസ് അഷ്‌റഫ് അലിയുടെ (34) ആ സ്വപ്നയാത്ര ഇപ്പോൾ ദുബായിലെത്തി. 35 രാജ്യങ്ങളിലൂടെ 30,000 കിലോമീറ്റർ സഞ്ചരിച്ച് 450 ദിവസംകൊണ്ട് സൈക്കിളിൽ ലണ്ടനിൽ എത്തുകയാണ് ഈ യുവാവിന്റെ ലക്ഷ്യം.

ഓഗസ്റ്റ് 15-ന് തിരുവനന്തപുരത്തുനിന്നാണ് യാത്രതുടങ്ങിയത്. ഇന്ത്യയുടെ 75-ാമത് സ്വാതന്ത്ര്യദിനാഘോഷം ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ലോകരാജ്യങ്ങൾ പരസ്പരസ്നേഹത്തിൽ വർത്തിക്കണമെന്ന സ്നേഹസന്ദേശത്തോടെ ഹൃദയത്തിൽനിന്ന് ഹൃദയത്തിലേക്ക് എന്ന മുദ്രാവാക്യവുമായാണ് ലണ്ടൻ യാത്ര. ഇതിനുപുറമേ ലോകസമാധാനം, സീറോ കാർബൺ, ആരോഗ്യ പരിപാലനത്തെക്കുറിച്ചും മയക്കുമരുന്നിനെതിരേയുമുള്ള ബോധവത്കരണം തുടങ്ങിയ സന്ദേശങ്ങളും ഉയർത്തിപിടിക്കുന്നുണ്ട്. ടീം ഇക്കോ വീലേഴ്‌സിന്റെ നേതൃത്വത്തിൽ റോട്ടറി ഇന്റർനാഷണലിന്റെ പിന്തുണയുമുണ്ട്. അമേരിക്കൻ കമ്പനിയുടെ സർലേഡിസ്ക്‌ ട്രക്കർ സൈക്കിളിലാണ് സഞ്ചാരം. യു.എ.ഇ. ആസ്ഥാനമായ ട്രാവൽ ആൻഡ് ലഗേജ് ആക്‌സസറീസ് കമ്പനിയാണ് സൈക്കിൾ സ്പോൺസർ ചെയ്തത്.പാകിസ്താൻ, ചൈന എന്നീ രാജ്യങ്ങളിലെ വിസ ലഭിക്കാത്തതിനാൽ ഈ രാജ്യങ്ങൾ ഒഴിവാക്കിയാണ് യാത്ര. തിരുവനന്തപുരത്തുനിന്നും മുംബൈവരെ സൈക്കിളിൽ സഞ്ചരിച്ച് വിമാനമാർഗമാണ് ഒമാനിലെത്തിയത്. അവിടെനിന്നുമാണ് സൈക്കിളിൽ യു.എ.ഇയിലെത്തിയത്. യു.എ.ഇ.യിലെ റോഡുകളിൽ ഇന്ത്യൻ പതാകയേന്തിയ സൈക്കിളിലാണ് ഫായിസിന്റെ യാത്ര. ഇവിടെനിന്ന് അടുത്തദിവസങ്ങളിൽത്തന്നെ സൗദി അറേബ്യയിലേക്ക് യാത്രതിരിക്കും. തുടർന്ന് ഖത്തർ, ബഹ്‌റൈൻ, കുവൈത്ത്‌, ഇറാഖ്, ഇറാൻ, ജോർജിയ, തുർക്കി, ബൾഗേറിയ, റൊമാനിയ, മൊൾഡോവ, യുക്രൈൻ, പോളണ്ട്, ചെക്ക്‌ റിപ്പബ്ലിക്ക്‌, സ്ലൊവാക്യ, ഹംഗറി, സെർബിയ, ക്രൊയേഷ്യ, ഓസ്ട്രിയ, ഇറ്റലി, സ്വിറ്റ്‌സർലൻഡ്, ജർമനി, നെതർലൻഡ്‌സ്, ബെൽജിയം, ലക്സംബർഗ്, ഫ്രാൻസ് എന്നിവിടങ്ങളിലൂടെ രണ്ട് ഭൂഖണ്ഡങ്ങൾ താണ്ടിയാണ് ഫായിസ് ലണ്ടനിൽ എത്തിച്ചേരുക. 2024 മാർച്ചിൽ ലക്ഷ്യം പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷ. ഖത്തർ ലോകകപ്പ് മത്സരങ്ങൾ കാണാനുള്ള ഹയാ കാർഡ് ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്.

എൻജിനിയറായ ഫായിസിന് സൈക്കിൾയാത്രകൾ ഹരമായിട്ട് വർഷങ്ങളായി. അഞ്ച് വർഷത്തോളം സൗദി, യു.എ.ഇ. എന്നിവിടങ്ങളിൽ എൻജിനിയറായി ജോലിചെയ്തു. പിതാവിന്റെ ആരോഗ്യനില മോശമായതിനെത്തുടർന്ന് ജോലി ഉപേക്ഷിച്ച് നാട്ടിലെത്തി. പിന്നീട് വിപ്രോ കമ്പനിയിൽ ചേർന്നു. ജോലി രാജിവെച്ചാണ് ഇപ്പോൾ ഉലകംചുറ്റൽ. സാഹസിക പ്രേമിയായ ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനെ നേരിൽക്കാണാൻ വലിയ ആഗ്രഹമുണ്ടെന്നും യാത്രയുടെ ഭാഗമായി വീണ്ടും യു.എ.ഇയിലെത്താൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്നും ഫായിസ് പറഞ്ഞു. സൈക്കിളിൽ ലോകംചുറ്റുന്നത് പുതുമയുള്ള കാര്യമല്ല ഫായിസിന്. 2019-ൽ കോഴിക്കോട്ടുനിന്ന് സിങ്കപ്പൂരിലേക്കായിരുന്നു ആദ്യയാത്ര. നേപ്പാൾ, ഭൂട്ടാൻ, മ്യാൻമാർ, തായ്‌ലാൻഡ്, മലേഷ്യ വഴി 104 ദിവസംകൊണ്ട് 8000 കിലോമീറ്റർ സഞ്ചരിച്ചായിരുന്നു സിങ്കപ്പൂരിലെത്തിയത്. സൈക്കിളിൽ ലോകംചുറ്റാനുള്ള ആഗ്രഹങ്ങൾ പൂർത്തിയാക്കാൻ ഭാര്യ ഡോ. അസ്മിൻ ഫായിസും മക്കളായ ഫഹ്സിൻ ഒമറും ഇസിൻ നഹേലും വലിയ പ്രോത്സാഹനമാണ് നൽകുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..