ദുബായിലെ ഏറ്റവുംവലിയ ഹിന്ദു ക്ഷേത്രം തുറന്നു


Caption

ദുബായ് : ജബൽ അലിയിൽ നിർമിച്ച ഏറ്റവുംവലിയ ഹിന്ദുക്ഷേത്രം ചൊവ്വാഴ്ച ഭക്തർക്ക് സമർപ്പിച്ചു. യു.എ.ഇ. സഹിഷ്ണുത സഹവർത്തിത്വ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ വിളക്ക് കൊളുത്തി ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. പ്രധാന പ്രാർഥനാഹാളിലായിരുന്നു ചടങ്ങുകൾ നടന്നത്. ശൈഖ് നഹ്യാനോടൊപ്പം ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ, കമ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റിയുടെ (സി.ഡി.എ.) സോഷ്യൽ റെഗുലേറ്ററി ആൻഡ് ലൈസൻസിങ്‌ ഏജൻസി സി.ഇ.ഒ. ഡോ. ഒമർ അൽ മുത്തന്ന, ക്ഷേത്രം ട്രസ്റ്റി രാജു ഷ്രോഫ്, കമ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റി ഡയറക്ടർ ജനറൽ അഹമ്മദ് അബ്ദുൾ കരീം ജുൽഫർ എന്നിവർ സംബന്ധിച്ചു.

വിവിധ നയതന്ത്ര ഉദ്യോഗസ്ഥർ, മതനേതാക്കൾ, ബിസിനസ്സ് ഉടമകൾ, ഇന്ത്യൻ കമ്യൂണിറ്റി അംഗങ്ങൾ എന്നിവരുൾപ്പെടെ 200-ലേറെ പ്രമുഖർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു. 2012-ൽ തുറന്ന ഗുരുദ്വാരയോട് ചേർന്നാണ് പുതിയക്ഷേത്രം. ഇത് യു.എ.ഇയിലെ ഹിന്ദുസമൂഹത്തിന്റെ മതപരമായ അഭിലാഷങ്ങൾ നിറവേറ്റുമെന്ന് സഞ്ജയ് സുധീർ പറഞ്ഞു. മഹാമാരിയിലും ദുബായ് ഗവൺമെന്റിന്റെ പിന്തുണകാരണം നിർമാണമൊന്നും തടസ്സപ്പെട്ടിരുന്നില്ലെന്നും യു.എ.ഇയിലെ ഇന്ത്യക്കാരുടെ സ്വപ്ന സാക്ഷാത്കാരമാണ് ക്ഷേത്രമെന്ന് ഷ്രോഫ് വ്യക്തമാക്കി. കഴിഞ്ഞ സെപ്റ്റംബറിൽ ഏകദേശം 200,000 ആളുകൾ ക്ഷേത്രം സന്ദർശിച്ചതായി ഷ്രോഫ് വിശദീകരിച്ചു.യു.എ.ഇ മുന്നോട്ടുവെക്കുന്ന സഹിഷ്ണുതയും മതേതരചിന്തയും അന്വർഥമാക്കി സിഖ് ഗുരുദ്വാരയോടും ക്രിസ്ത്യൻ പള്ളികളോടും ചേർന്നാണ് പുതിയക്ഷേത്രം നിർമിച്ചിരിക്കുന്നത്.

പരമശിവനാണ് മുഖ്യപ്രതിഷ്ഠ. സ്വാമി അയ്യപ്പൻ, ഗുരുവായൂരപ്പൻ തുടങ്ങി ആകെ പതിനാറ് പ്രതിഷ്ഠകളുണ്ട്. സിഖ് മത വിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ് സാഹിബും പ്രത്യേക പ്രതിഷ്ഠയായി ക്ഷേത്രത്തിലുണ്ട്. 900 ടണ്ണിലേറെ സ്റ്റീൽ, 6000 ക്യൂബിക് മീറ്റർ കോൺക്രീറ്റ്, 1500 ചതുരശ്രമീറ്റർ മാർബിൾ എന്നിവയാണ് ക്ഷേത്ര നിർമാണത്തിന് ഉപയോഗിച്ചത്. പ്രധാന പ്രാർഥനാഹാൾ 5000 ചതുരശ്രയടിയാണ്. ഒരേസമയം 1500 പേരെ ഉൾക്കൊള്ളും. രണ്ട് നിലകളിലാണ് ക്ഷേത്രം. പുതിയ ക്ഷേത്രവും ഏഴ് പള്ളികളും ഉൾപ്പെടെ ജബൽ അലിയിൽ നിലവിൽ ഒമ്പത് ആരാധനാലയങ്ങളുണ്ട്. പുതിയ ക്ഷേത്രത്തിലേക്കുള്ള പ്രവേശനത്തിന് hindutempledubai.com വഴി ഓൺലൈൻ ബുക്കിങ് നടത്തണം. ദിവസവും രാത്രി 7.30 ന് പ്രത്യേക പ്രാർതഥന നടക്കും. ദിവസവും രാവിലെ 6.30 മുതൽ രാത്രി 8.30 വരെ ക്ഷേത്രം തുറന്നിരിക്കും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..