അഹമ്മദ് ബിൻ റക്കദ് അൽ അമേരി
ഷാർജ : വായന, സംസ്കാരം, സർഗാത്മകത എന്നിവ വളർത്താനുള്ള മേഖലയിലെ ഏറ്റവുംവലിയ ഉത്സവമായ ഷാർജാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ (എസ്.ഐ.ബി.എഫ്.) ഒരുക്കങ്ങൾ പൂർത്തിയായതായി ഷാർജ ബുക്ക് അതോറിറ്റി (എസ്.ബി.ഐ.) ചെയർമാൻ അഹമ്മദ് ബിൻ റക്കദ് അൽ അമേരി അറിയിച്ചു. ഷാർജ റിസർച്ച് ടെക്‌നോളജി ആൻഡ് ഇന്നൊവേഷൻ പാർക്കിൽ നടത്തിയ പത്രസമ്മേളനത്തിലാണ് റക്കദ് അൽ അമേരി ഇക്കാര്യമറിയിച്ചത്. പുസ്തകമേളയുടെ മറ്റ് വിശദാംശങ്ങളും സംഘാടകർ പങ്കുവെച്ചു.
ഷാർജ എക്സ്‌പോ സെന്ററിൽ നവംബർ രണ്ടുമുതൽ 13 വരെയാണ് പുസ്തകോത്സവം. ‘വാക്ക് പ്രകാശിക്കട്ടെ’ എന്ന പ്രമേയത്തിലുള്ള പുസ്തകോത്സവത്തിന്റെ 41-ാമത് പതിപ്പാണിത്. 95 രാജ്യങ്ങളിൽനിന്നുള്ള 2213 പ്രസാധകർ ഇത്തവണയെത്തും. 57 രാജ്യങ്ങളിൽനിന്നുള്ള എഴുത്തുകാർ, ചിന്തകർ, അതിഥികൾ ഉൾപ്പെടെ 129 പേരും പുസ്തകോത്സവത്തിൽ സാന്നിധ്യമറിയിക്കും. 15 ലക്ഷത്തിലേറെ ശീർഷകങ്ങളിലുള്ള പുസ്തകങ്ങളാണ് ഇത്തവണ പ്രദർശിപ്പിക്കുക. പുസ്തകോത്സവം നടക്കുന്ന 12 ദിവസങ്ങളിലായി 1047-ഓളം സാംസ്കാരികപ്രവർത്തനങ്ങൾക്കും ഷാർജ എക്സ്‌പോ സെന്റർ വേദിയാകും. മുതിർന്നവർക്കുള്ള ശില്പശാലകൾ ഉൾപ്പെടെ ആറ് പുതിയ പരിപാടികളുമുണ്ടാകും. ഇറ്റലിയാണ് ഇത്തവണത്തെ അതിഥിരാജ്യം. ഇറ്റാലിയൻ എഴുത്തുകാരിൽ ശ്രദ്ധേയരായ വിയോള ആർഡോൺ, ലൂയിഗി ബാലേരിനി, അലസ്സാൻഡ്രോ ബാരിക്കോ, ഫ്രാൻസെസ്ക കൊറാവോ എന്നിവർ പുസ്തകമേളയിൽ സാന്നിധ്യമറിയിക്കും. 17-ഓളം ഇറ്റാലിയൻ സാംസ്കാരികപരിപാടികളും അരങ്ങേറും. ഇതിൽ കുട്ടികൾക്കായി പ്രത്യേക പരിപാടികളുമുണ്ടാകും. 10 രാജ്യങ്ങളിൽനിന്നുള്ള പ്രസാധകരുടെ ആദ്യപങ്കാളിത്തമാണ് പുസ്തകോത്സവത്തിന്റെ പ്രത്യേകത.
ഷാർജ ബ്രോഡ്കാസ്റ്റിങ് അതോറിറ്റി ഡയറക്ടർ ജനറൽ മുഹമ്മദ് ഖലാഫ്, ദുബായിലെ ഇറ്റലി കോൺസൽ ജനറൽ ഗ്യൂസെപ്പാ ഫിനോഷിയാരോ, എസ്.ഐ.ബി.എഫ്. ജനറൽ കോ-ഓർഡിനേറ്റർ ഖൗല അൽ മുജൈനി, എസ്.ബി.എ.യിലെ പബ്ലിഷേഴ്‌സ് സർവീസ് ഡയറക്ടർ മൻസൂർ അൽ ഹസ്സനി, എമിറേറ്റ്‌സ് പബ്ലിഷേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് അലി ബിൻ ഹതേം തുടങ്ങിയവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ഷാർജ അന്താരാഷ്ട്ര പുസ്തകമേള ലോകത്തെ ആയിരക്കണക്കിന് പ്രസാധകരെയും നൂറുകണക്കിന് എഴുത്തുകാരെയും ഒരുമിച്ച് കൊണ്ടുവരുന്ന അദ്‌ഭുതപ്രതിഭാസമാണെന്ന് അഹമ്മദ് ബിൻ റക്കദ് അൽ അമേരി പറഞ്ഞു. വിവിധഭാഷകളിലുള്ള ലക്ഷക്കണക്കിന് പുസ്തകങ്ങളും ഒരുകുടക്കീഴിൽ കാണാനും ആവശ്യമുള്ളവ സ്വന്തമാക്കാനും പറ്റിയ അവസരമാണിത്. 41 വർഷങ്ങൾക്ക് മുൻപ് സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി നട്ടുപിടിപ്പിച്ച അറിവിന്റെ ഫലമാണിത്. ചെറിയതോതിൽ ആരംഭിച്ച മേള ഇന്ന് 2213 പ്രസാധകരെ സ്വാഗതംചെയ്യുന്ന ചരിത്രസംഭവമായി മാറി. ലോകത്തിലെ ഏറ്റവുംവലിയ പുസ്തകമേളയായി കഴിഞ്ഞവർഷം ഷാർജ അന്താരാഷ്ട്ര പുസ്തകമേള അംഗീകരിക്കപ്പെട്ടിരുന്നുവെന്നും റക്കദ് അൽ അമേരി ഓർമിച്ചു. ഒരു മാതൃകാ സാംസ്കാരികപദ്ധതിയാണ് പുസ്തകോത്സവമെന്നും അഭിമാനകരമായ അന്താരാഷ്ട്രപരിപാടിയുടെ ഭാഗമാകുന്നതിൽ സന്തോഷമുണ്ടെന്നും മുഹമ്മദ് ഖലാഫ് പറഞ്ഞു.
അന്താരാഷ്ട്രപ്രസാധകരിൽ ഇന്ത്യ മുന്നിൽ
അന്താരാഷ്ട്രതലത്തിൽ മാതൃഭൂമി ബുക്സ് ഉൾപ്പെടെ 112 പ്രസാധകസ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ഇന്ത്യയാണ് മുന്നിൽ. ഇതിൽ ഏറെയും മലയാളത്തിൽനിന്നാണ്. 61 പ്രസാധകരുമായി യു.കെ. രണ്ടാമതുണ്ട്. 339 പ്രസാധകസ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ അറബ് പ്രസാധകരുടെ പട്ടികയിൽ വിൽപ്പനയിലും പ്രദർശനത്തിലും മുന്നിലുള്ളത് യു.എ.ഇ.യാണ്. 306 പ്രസാധകസ്ഥാപനങ്ങളുമായി ഈജിപ്ത്, ലെബനൻ 125, സിറിയ 95 എന്നിവ രണ്ടും മൂന്നും സ്ഥാനത്തുണ്ട്. ക്യൂബ, കോസ്റ്ററീക്ക, ലൈബീരിയ, ഫിലിപ്പീൻസ്, അയർലൻഡ്, മാൾട്ട, മാലി, ജമൈക്ക, ഐസ്‌ലൻഡ്, ഹംഗറി എന്നിവയുൾപ്പെടെ 10 രാജ്യങ്ങളിൽനിന്നുള്ള പ്രസാധകരുടെ ആദ്യപങ്കാളിത്തവും ഇത്തവണയുണ്ട്. 41 വർഷത്തെ ചരിത്രത്തിലാദ്യമായി 18,000 ചതുരശ്രമീറ്റർ വിസ്തൃതിയിലാണ് 15 ലക്ഷത്തിലേറെ ശീർഷകങ്ങളിലുള്ള പുസ്തകങ്ങളുടെ പ്രദർശനവും വിൽപ്പനയും. ഇതിൽ 1298 അറബ് പ്രസാധകരും 915 അന്താരാഷ്ട്രപ്രസാധകരുമെത്തുമെന്ന് മൻസൂർ അൽ ഹസ്സനി വെളിപ്പെടുത്തി.
പ്രസാധകസമ്മേളനം ഈ മാസം 30 മുതൽ
ഒക്ടോബർ 30 മുതൽ നവംബർ ഒന്നുവരെയാണ് ഷാർജ എക്സ്‌പോ സെന്ററിൽ 12-മത് പ്രസാധകസമ്മേളനം നടക്കുക. 30-ലേറെ പ്രഭാഷകർ പങ്കെടുക്കും. എട്ട് പാനൽചർച്ചകളുമുണ്ടാകും. പ്രസിദ്ധീകരണമേഖല നേരിടുന്ന എല്ലാവിധ പ്രശ്നങ്ങളും വെല്ലുവിളികളും ചർച്ചയാകും. അറബ് ലോകത്തെ ഡിജിറ്റൽപ്രസിദ്ധീകരണങ്ങളുടെ ഭാവിയും ഓഡിയോബുക്കുകൾ വിപണിയിലെത്തിക്കുന്നത് സംബന്ധിച്ചുള്ള ചർച്ചകളുമുണ്ടാകും.
ദേശീയ ലൈബ്രറി സമ്മേളനം
രണ്ടുദിവസങ്ങളിലായി നടക്കുന്ന ദേശീയ ലൈബ്രറി സമ്മേളനത്തിന്റെ രണ്ടാം പതിപ്പ് നവംബർ ആറ്, ഏഴ് തീയതികളിലായി നടക്കും. അമേരിക്കൻ ലൈബ്രറി അസോസിയേഷന്റെ പങ്കാളിത്തത്തോടെയായിരിക്കും ഷാർജ എക്സ്‌പോ സെന്ററിൽ സമ്മേളനം നടക്കുക. 30 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും.
ഷാർജ ഇന്റർനാഷണൽ ലൈബ്രറി കോൺഫറൻസ്
അമേരിക്കൻ ലൈബ്രറി അസോസിയേഷന്റെ സഹകരണത്തോടെ നടക്കുന്ന ഷാർജ ഇന്റർനാഷണൽ ലൈബ്രറി കോൺഫറൻസിന്റെ ഒമ്പതാമത് പതിപ്പ് നവംബർ എട്ടുമുതൽ 10 വരെ നടക്കും. കൂടാതെ യു.എസിലെയും വിവിധ ലൈബ്രറികളെയും പ്രതിനിധീകരിക്കുന്ന ലൈബ്രേറിയന്മാരും പങ്കെടുക്കും.
പ്രകാശനത്തിന് 350 മലയാളം പുസ്തകങ്ങൾ
നാട്ടിൽനിന്നും പ്രവാസത്തിൽനിന്നുമായി 350-ലേറെ മലയാളം പുസ്തകങ്ങൾ ഇത്തവണ പ്രകാശനത്തിനുണ്ടാകുമെന്നാണ് വിവരം. പ്രസാധകർക്ക് പ്രത്യേകസമയം അനുവദിച്ചതിന് പുറമെയും പ്രകാശനത്തിന് സമയംചോദിച്ചുവരുന്നവരുടെ തിരക്കുണ്ടെന്ന് അധികൃതർ വെളിപ്പെടുത്തി. ഇന്ത്യൻപ്രസാധകരുടെ സ്റ്റാളുകളുള്ള ഏഴാംനമ്പർ ഹാളിലെ റൈറ്റേഴ്‌സ് ഫോറത്തിലാണ് ഒട്ടുമിക്ക പ്രകാശനങ്ങളും നടക്കുക. വിവിധ സ്റ്റാളുകൾക്ക് മുന്നിലായും പ്രകാശനം നടക്കും. പുസ്തകമേളയുടെ അതിഥികളായെത്തുന്ന എഴുത്തുകാരെ കൂടാതെ പ്രസാധകരും അതിഥികളെ മേളയിലെത്തിക്കും.
കുട്ടികൾക്കായി 623 പരിപാടികൾ
രാജ്യങ്ങളിൽനിന്നുള്ള 45 പ്രൊഫഷണലുകളും വിദഗ്ധരും നേതൃത്വംനൽകുന്ന 623 പരിപാടികൾ കുട്ടികൾക്കായുണ്ടാകും. കുട്ടികൾക്കായി പ്രത്യേക വായനമുറികളും കളിസ്ഥലവും ഒരുക്കുന്നുണ്ട്. 22 കലാകാരന്മാർ അണിനിരക്കുന്ന 120 ലേറെ സംഗീതനാടക പരിപാടികൾ മേളയുടെ ആകർഷണങ്ങളിലൊന്നാണ്. കുക്കറികോർണറിൽ ഇന്ത്യയടക്കം ഒമ്പത് രാജ്യങ്ങളിൽനിന്നുള്ള എട്ട് ഷെഫുമാർ 30 പാചകപരിപാടികൾക്ക് നേതൃത്വംനൽകും. വിക്കി റത്‌നാനിയാണ് ഇന്ത്യയിൽനിന്നെത്തുന്ന പാചകവിദഗ്ധൻ. 16 വിഷയങ്ങളിൽ ശില്പശാലകൾ ഉൾപ്പെടെ 188 പരിപാടികൾ കോമിക് കോർണറിൽ നടക്കും. നാല് റോമിങ് ഷോകളും ഉണ്ടാകും. ഏഴ് രാജ്യങ്ങളിൽനിന്നുള്ള 10 വിദഗ്ധർ അവതരിപ്പിക്കുന്ന 30 ശില്പശാലകൾ സാമൂഹികമാധ്യമങ്ങളിലൂടെ നടക്കും.
മഞ്ജുവാരിയരും ഉഷാ ഉതുപ്പുമെത്തും
ജയസൂര്യ, മഞ്ജുവാരിയർ, ഉഷാ ഉതുപ്പ്, അബ്ദുസ്സമദ് സമദാനി, ടി.എസ്. കല്യാണരാമൻ, എം.എം. ഹസൻ, സി.വി. ബാലകൃഷ്ണൻ, സുനിൽ പി. ഇളയിടം, ജി.ആർ. ഇന്ദുഗോപൻ അടക്കം ഒട്ടേറെ പ്രമുഖരെത്തും. ഇന്ത്യൻവംശജയായ കനേഡിയൻ കവയിത്രി റുപി കൗർ, കാർട്ടൂണിസ്റ്റും എഴുത്തുകാരനുമായ ലിങ്കൺ പിയേഴ്‌സ്, ബ്രിട്ടീഷ് എഴുത്തുകാരൻ പികോ അയ്യർ, അമേരിക്കൻ എഴുത്തുകാരൻ ഡി.ജെ. പാമർ, ഓസ്‌ട്രേലിയൻ ഫാഷൻ ഇല്ലസ്‌ട്രേറ്റർ മേഗൻ ഹെസ്, ദീപക് ചോപ്ര എന്നിവർ പങ്കെടുക്കും. ഇമിറാത്തി അറബ് സാഹിത്യമേഖലയിൽനിന്ന് സുൽത്താൻ അൽ അമീമി, കവി ഖുലൂദ് അൽ മുഅല്ല, ഇബ്രാഹിം അൽ ഹാഷിമി, സയീദ് അൽ ഹങ്കി, ഡോ. ഹമദ് ബിൻ സാറെ, അസ്മ അൽ ഹമ്മാദി, ഡോ. ഐഷ അൽ ഷംസി തുടങ്ങിയവരുണ്ടാകും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..