യു.എ.ഇ. ചാന്ദ്രദൗത്യം അടുത്തമാസം


മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്റർ

ദുബായ് : യു.എ.ഇ.യുടെ ചാന്ദ്രദൗത്യം റാഷിദ് റോവറിന്റെ വിക്ഷേപണം നവംബർ ഒമ്പതിനും 15-നുമിടയിൽ നടക്കുമെന്ന് മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ ഡയറക്ടർ ജനറൽ സലേം അൽ മർറി പറഞ്ഞു.

ഒരു മാസത്തിനകം ബഹിരാകാശ വിക്ഷേപണം നടത്തും. ഫ്ളോറിഡയിൽ ഇയാൻ ചുഴലിക്കാറ്റ് രൂക്ഷമായി വീശിയടിച്ചത് വിക്ഷേപണത്തെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഫ്ളോറിഡയിലെ കേപ് കനാവറൽ സ്പേസ് ഫോഴ്‌സ് സ്റ്റേഷനിലെ സ്പേസ് ലോഞ്ച് കോംപ്ലക്സ് 40-ൽനിന്നാണ് വിക്ഷേപണം. ഹകുട്ടോ ആർ മിഷൻ വൺ എന്ന ജാപ്പനീസ് ലാൻഡറിലാണ് റാഷിദിനെ ചന്ദ്രോപരിതലത്തിൽ എത്തിക്കുക. ചന്ദ്രോപരിതലത്തിൽനിന്നും ലഭ്യമാകുന്ന വയർലെസ് കമ്യൂണിക്കേഷൻ സേവനങ്ങളിലൂടെയാണ് ഇമിറാത്തി എൻജിനിയർമാർ റോവറുമായി ബന്ധപ്പെടുക. ചന്ദ്രന്റെ വടക്കുകിഴക്കൻഭാഗം പര്യവേക്ഷണം നടത്താനാണ് റോവർ ലക്ഷ്യമിടുന്നത്.ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം റാഷിദ് റോവർ വികസിപ്പിക്കുന്നതിനുള്ള ടീമിനെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തു.

ചന്ദ്രനിലേക്കുള്ള ആദ്യദൗത്യമായ റാഷിദ് റോവർ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്ന സംഘത്തിന് നന്ദി അറിയിക്കുന്നു. ആവശ്യമായ എല്ലാ പരിശോധനകളും റോവർ ഔദ്യോഗികമായി പൂർത്തിയാക്കി. ചന്ദ്രോപരിതലത്തിലേക്കുള്ള ആദ്യ അറബ് ദൗത്യം വിജയത്തിലേക്ക് അടുക്കുകയാണെന്നും ശൈഖ് ഹംദാൻ ട്വീറ്റ് ചെയ്തു. അറബ് ലോകത്തെ ആദ്യ ചാന്ദ്രദൗത്യമാണ് യു.എ.ഇ.യുടെ റാഷിദ് റോവർ.

സ്വപ്നതടാകം എന്നർഥമുള്ള ലാക്‌സ് സോംനിയോറം എന്ന ഭാഗത്തായിരിക്കും ചന്ദ്രനിൽ റാഷിദ് ഇറങ്ങുകയെന്ന് എമിറേറ്റ്‌സ് ലൂണാർ മിഷൻപദ്ധതി മാനേജർ ഡോ.ഹമദ് അൽ മർസൂഖി അറിയിച്ചിരുന്നു. സ്വപ്‌നതടാകം പ്രാഥമിക ലോഞ്ചിങ് സൈറ്റാണ്. മറ്റ് മൂന്നു സ്ഥലങ്ങൾകൂടി അടിയന്തരഘട്ടത്തിൽ ഉപയോഗിക്കാനായി തിരഞ്ഞെടുത്തിട്ടുണ്ടെന്നാണ് വിവരം.

ശൈഖ് റാഷിദ് ബിൻ സായിദ് അൽ മക്തൂമിന്റെ പേരിലാണ് യു.എ.ഇ.യുടെ ആദ്യ ചാന്ദ്രദൗത്യം അറിയപ്പെടുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..