റോഷാക്കിൽ ദുരൂഹതകളില്ല, മനസ്സിലാകാത്തവർ വീണ്ടും കാണണം -മമ്മൂട്ടി


റോഷാക്ക് സിനിമയുടെ വിജയാഘോഷത്തിൽ പങ്കെടുക്കാൻ ദുബായിലെത്തിയ മമ്മൂട്ടി മാധ്യമപ്രവർത്തകരുമായി സംസാരിക്കുന്നു. ഷറഫുദ്ധീൻ, ഗ്രെയ്സ് ആന്റണി തുടങ്ങിയവർ സമീപം

ദുബായ് : റോഷാക്ക് സിനിമയിൽ ദുരൂഹതകളില്ലെന്നും മനസ്സിലാകാത്തവർക്ക് ഒരുതവണകൂടി കാണാമെന്നും മമ്മൂട്ടി ദുബായിൽ പറഞ്ഞു. സിനിമയുടെ വിജയാഘോഷത്തിൽ പങ്കെടുക്കാനെത്തിയ മെഗാസ്റ്റാർ ദുബായിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.

സിനിമ ഉണ്ടാകുന്നതിനുമുമ്പേ ലോകത്ത് കുറ്റകൃത്യങ്ങൾ ഉണ്ടായിരുന്നു, സിനിമ കണ്ട് ആരും കുറ്റവാളികൾ ആകുന്നില്ല. റോഷാക്ക് വേറിട്ട വഴിയിലൂടെ സഞ്ചരിക്കുന്ന ഒരു സിനിമയാണ്. കഥയ്ക്കും കഥാപാത്രത്തിനുമൊന്നും വലിയ അത്ഭുതങ്ങളില്ല, പക്ഷെ കഥയുടെ സഞ്ചാരപാത വേറെയാണ്. നിർമാണരീതി, ആവിഷ്‌കാരരീതിയെല്ലാം വേറെയാണ്. എല്ലാസിനിമകളും വേറിട്ടതാകണമെന്നാണ് ആഗ്രഹിക്കുന്നത്. പരീക്ഷണ സിനിമകൾ ഉണ്ട്. പ്രേക്ഷകനെ പരീക്ഷിക്കുന്ന സിനിമകളുമുണ്ട്. പ്രമേയപരമായി റോഷാക്ക് ഒരു പരീക്ഷണ സിനിമയാണ്. ചിലതെല്ലാം കൂടുതൽതവണ കണ്ടാണ് നമ്മൾ ഇഷ്ടപ്പെടുന്നത്. പാട്ടുകൾ കേട്ട് കേട്ട് ഇഷ്ടപ്പെടുന്നതുപോലെ ഒന്നിലേറെ തവണ കണ്ടാൽ മികച്ചതായി തോന്നും.

കോവിഡ് ലോക്ഡൗൺ കാലത്ത് ലോകത്താകമാനമുള്ള ആളുകൾ പഴയതും പുതിയതുമായ സിനിമകൾ കണ്ടു. കോവിഡിൽ ലോകത്തെ എല്ലാ സിനിമാപ്രേക്ഷകരും മാറിയിട്ടുണ്ട്, എല്ലായിടത്തും മാറ്റങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. മലയാളസിനിമയും മാറി. ഇത് പ്രേക്ഷരുടെ ആസ്വാദനരീതികൾ മാറ്റി. അത് മനസ്സിലാക്കി കഥാപാത്രങ്ങളെ തേടിനടക്കുന്ന ഒരാളാണ് താനെന്നും മമ്മൂട്ടി പറഞ്ഞു.

സിനിമയിൽ മുഖമാണ് പ്രധാനം, മനുഷ്യന്റെ ഏറ്റവും എക്സ്‌പ്രസീവ് ആയിട്ടുള്ള അവയവമാണ് കണ്ണ്. ആസിഫ് അലിയുടെ കണ്ണുകൾ ഈ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ മികച്ചപ്രകടനം കാഴ്ചവെച്ച എല്ലാവരെയുംപോലെ ആസിഫും വലിയൊരു കൈയടി നേടണം. ബിന്ദു പണിക്കർ, ഡബ്ബിങ് ആർട്ടിസ്റ്റ് ശ്രീജ, കോട്ടയം നസീർ, കീരിക്കാടൻ ജോസ് എന്നിവരും അസാമാന്യ പ്രകടനമാണ് കാഴ്ചവെച്ചത്.

സിനിമ കുറച്ചുപേരെങ്കിലും കണ്ടിട്ട് മതി അതിനെക്കുറിച്ച് നേരിട്ടെത്തി പറയുന്നത് എന്ന് കരുതി. റോഷാക്കിന് ഒരാഴ്ചകൊണ്ട് നല്ല സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമയെ സൂക്ഷ്മമായി നിരീക്ഷിച്ചവരുണ്ട്. സിനിമയുടെ വിജയം ഇതിന് പിന്നിലും മുന്നിലും പ്രവർത്തിച്ച എല്ലാവരിലും സന്തോഷം പകരുന്നുണ്ടെന്നും മമ്മൂട്ടി വിശദീകരിച്ചു.

സിനിമയെ പ്രേക്ഷകർ വലിയൊരു വിജയത്തിലേക്ക് എത്തിച്ചെന്ന് ഗ്രെയ്‌സ് ആന്റണി പറഞ്ഞു. എല്ലാവരും ഇംഗ്ലീഷ് സിനിമകളിൽ മാത്രമേ നടക്കൂവെന്ന് കരുതിയ പല കാര്യങ്ങളും മലയാളസിനിമയിലും ചെയ്തുവരുന്നത് വലിയ മാറ്റത്തിന്റെ തുടക്കമാണ്. മമ്മൂക്കയുടെ കൂടെ അഭിനയിക്കുക എന്നത് ഏറ്റവും മഹത്തരമായ സിനിമാ അനുഭവമാണെന്നും ഗ്രെയ്‌സ് പറഞ്ഞു. മമ്മൂക്കയോടൊപ്പം ആദ്യമായിചെയ്ത പടമാണ്. ഇത്രയും വലിയൊരു സ്വീകാര്യത ലഭിക്കുമെന്ന് കരുതിയില്ലെന്ന് ഷറഫുദ്ധീൻ സന്തോഷം പങ്കുവെച്ചു. താരങ്ങൾക്കൊപ്പം ജോർജ്, ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ചെയർമാൻ അബ്ദുൽസമദ് എന്നിവരും പങ്കെടുത്തു. ദുബായ്, അബുദാബി എന്നിവിടങ്ങളിൽ റോഷാക്ക് സിനിമയുടെ വിജയാഘോഷവും നടന്നു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..