ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമാഫോസ ലുലുവിലെ ഭക്ഷ്യമേള ഉദ്ഘാടനംചെയ്യുന്നു. മന്ത്രിമാരായ അഹമ്മദ് ബിൻ അഖീൽ അൽ ഖത്തീബ്, ഇബ്രാഹിം പട്ടേൽ, താൻഡി മോഡിസ്, ലുലു സൗദി ഡയറക്ടർ ഷെഹീം മുഹമ്മദ്, ലുലു ദക്ഷിണാഫ്രിക്ക ഡയറക്ടർ സാബു ജോർജ് തുടങ്ങിയവർ സമീപം
ജിദ്ദ : ദക്ഷിണാഫ്രിക്കയിൽ ലോജിസ്റ്റിക്‌സ് ഹബ്ബ് ആരംഭിക്കാനൊരുങ്ങി ലുലു ഗ്രൂപ്പ്. സൗദി അറേബ്യയിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമാഫോസ ജിദ്ദ ലുലു ഹൈപ്പർ മാർക്കറ്റ് സന്ദർശിക്കാനെത്തിയപ്പോഴാണ് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനമുണ്ടായത്. ദക്ഷിണാഫ്രിക്കൻ ഉത്പന്നങ്ങളെ സൗദി അറേബ്യയിലും മറ്റ് ഗൾഫ് രാജ്യങ്ങളിലും പരിപോഷിപ്പിക്കുന്ന ലുലു ഗ്രൂപ്പിനെ പ്രസിഡന്റ് സന്ദർശനവേളയിൽ അഭിനന്ദിച്ചു. ജൊഹാനസ്ബർഗിൽ അത്യാധുനിക ലോജിസ്റ്റിക്‌സ് ഹബ്ബ് ആരംഭിക്കുന്നതിനുള്ള അംഗീകാരം ലുലു ഗ്രൂപ്പിനു നൽകുന്നതായും ലുലു സൗദി ഡയറക്ടർ ഷെഹീം മുഹമ്മദിനെ പ്രസിഡന്റ് അറിയിച്ചു. 2024-നുള്ളിൽ ലോജിസ്റ്റിക്‌സ് ഹബ്ബ് പ്രാവർത്തികമാക്കുന്നതിനുള്ള എല്ലാ സഹായസഹകരണങ്ങളും സർക്കാർ നൽകുമെന്നും റമാഫോസ പറഞ്ഞു.
ദക്ഷിണാഫ്രിക്കൻ ഉത്പന്നങ്ങളെ സൗദി അറേബ്യയിൽ പരിചയപ്പെടുത്തുന്ന ‘പ്രൗഡ്‌ലി വിത്ത് സൗത്ത് ആഫ്രിക്കൻ ഭക്ഷ്യമേള’ സിറിൽ റമാഫോസ ഉദ്ഘാടനം ചെയ്തു. 40-ലേറെ വരുന്ന വിവിധതരം പഴം, പച്ചക്കറികൾ, ടിൻ ഫുഡ്, മുൻനിര ദക്ഷിണാഫ്രിക്കൻ ബ്രാൻഡുകളായ നാൻഡോസ്, വെസ് ഫാലിയ, റൂയി ബോസ് ടീ, ഡ്യൂ ലാൻഡ് ജ്യൂസുകൾ എന്നിങ്ങനെ വൈവിധ്യങ്ങളായ ഉത്‌പന്നങ്ങളാണ് മേളയിലുള്ളത്. ഉന്നത ഗുണമേന്മയുള്ള ദക്ഷിണാഫ്രിക്കൻ ഉത്പന്നങ്ങൾ സൗദിയിലും മറ്റു ഗൾഫ് രാജ്യങ്ങളിലും കൂടുതലായി ലഭ്യമാക്കിയിട്ടുണ്ടെന്നും കാർഷിക വിപണനമേഖലയിൽ ഇന്ത്യാ-ദക്ഷിണാഫ്രിക്ക, സൗദി-ദക്ഷിണാഫ്രിക്ക ബന്ധം കൂടുതൽ ഊഷ്മളമാകാൻ ഇത് സഹായിക്കുമെന്നും ഷെഹിം മുഹമ്മദ് പറഞ്ഞു.
സൗദി വിനോദസഞ്ചാര മന്ത്രി അഹമ്മദ് ബിൻ അഖീൽ അൽ ഖത്തീബ്, ദക്ഷിണാഫ്രിക്കൻ വ്യവസായവ്യാപാര മന്ത്രി ഇബ്രാഹിം പട്ടേൽ, പ്രതിരോധ മന്ത്രി താൻഡി മോഡിസ് ഉൾപ്പെടെയുള്ളവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ ക്ഷണമനുസരിച്ച് രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായാണ് പ്രസിഡന്റ് സിറിൽ റമാഫോസ സൗദി അറേബ്യയിലെത്തിയത്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..