ജിദ്ദയിൽ മഴതുടരുന്നു: മഴക്കെടുതിയിൽ മരണം രണ്ടായി; വെള്ളക്കെട്ടിൽ കുടുങ്ങി നഗരം


1 min read
Read later
Print
Share

ജിദ്ദ : രണ്ടുദിവസമായി തുടരുന്ന കനത്ത മഴയിൽ ജിദ്ദയിൽ മരണം രണ്ടായി. നഗരത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും വ്യാഴാഴ്ച കൊടുങ്കാറ്റും പേമാരിയും ശക്തമായിരുന്നു. ഒഴുക്കിൽപ്പെട്ട രണ്ടുപേരാണ് മരിച്ചത്. ഒട്ടേറെപ്പേരാണ് മഴയിലും വെള്ളക്കെട്ടിലും കുടുങ്ങിയത്.

നഗരത്തിലെ കിഴക്കൻ പ്രദേശങ്ങളിൽനിന്ന് താഴ്ന്ന മേഖലകളിലേക്ക് മഴവെള്ളം ഒഴുകിയെത്തുകയായിരുന്നു. പ്രധാന റോഡുകളെല്ലാം വെള്ളത്തിനടിയിലാണ്. ഗതാഗതം പുനരാരംഭിക്കുന്നതിന് റോഡുകളിലെയും തെരുവുകളിലെയും വെള്ളവും മാലിന്യവും നീക്കംചെയ്യുന്ന ജോലി തുടരുകയാണ്. 960-ഓളം യന്ത്രസാമഗ്രികൾ ഉപയോഗിച്ച് 2564 തൊഴിലാളികളെ ഇതിനായി വിന്യസിച്ചിട്ടുണ്ട്. ജനജീവിതം സാധാരണനിലയിലാക്കുന്നതിന് ഊർജിതശ്രമം നടത്തിവരികയാണെന്ന് ജിദ്ദ മേയർ അറിയിച്ചു. മഴ വിമാനസർവീസുകളെയും ബാധിച്ചു. പല വിമാനങ്ങളും സമീപ വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിടുകയാണ്. പുറപ്പെടേണ്ട വിമാനങ്ങളും സമയം പുനഃക്രമീകരിക്കുകയാണ്. യാത്രക്കാർ പുതിയ സമയക്രമമറിയാൻ അതാത് വിമാനക്കമ്പനികളുമായി ബന്ധപ്പെടണമെന്ന് ജിദ്ദ കിങ്‌ അബ്ദുൽ അസീസ് എയർപോർട്ട് അതോറിറ്റി അറിയിച്ചു. ജിദ്ദ, ബഹ്റ, മക്ക പ്രവിശ്യയുടെ തീരപ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് മഴ ശക്തമായത്. കാറ്റും മഞ്ഞുവീഴ്ചയും ഇടിമിന്നലും മിക്ക പ്രദേശങ്ങളെയും ഭീതിയിലാഴ്ത്തി. കടലും പ്രക്ഷുബ്ധമായിരുന്നു.

മഴ ശക്തമാകുമെന്ന പ്രവചനത്തെത്തുടർന്ന് പ്രദേശത്തെ സ്കൂളുകൾക്കും സർവകലാശാലകൾക്കും വ്യാഴാഴ്ച അവധി നൽകിയിരുന്നു. മാറ്റിവെച്ച പരീക്ഷകളുടെ തീയതികൾ പിന്നീട് അറിയിക്കുമെന്ന് കിങ് അബ്ദുൽ അസീസ് സർവകലാശാല അറിയിച്ചു. വിവിധ സ്ഥാപനങ്ങൾക്കും അവധി നൽകിയിരിക്കുകയാണ്.

എല്ലാവരും ജാഗ്രതപാലിക്കാനും മഴവെള്ളം കെട്ടിക്കിടക്കുന്ന താഴ്വരകളിൽനിന്ന്‌ മാറിനിൽക്കാനും സിവിൽ ഡിഫൻസ് നേരത്തെ നിർദേശംനൽകിയിരുന്നു. 13 വർഷങ്ങൾക്കുമുമ്പായിരുന്നു രാജ്യത്തെ പിടിച്ചുലച്ച മഴയും വെള്ളപ്പൊക്കവും ഉണ്ടായത്.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..