രാജ്യം നാളെ ഒരേ മനസ്സോടെ അണിനിരക്കും


ദുബായ് : രാഷ്ട്രരൂപവത്കരണത്തിന്റെ 51 ആണ്ടുകൾ പിന്നിടുന്ന ഡിസംബർ രണ്ട് വ്യാഴാഴ്ച സ്വദേശികളും പ്രവാസികളുമെല്ലാം ഒരേ മനസ്സോടെ അണിനിരക്കും. ഡിസംബർ രണ്ട് യു.എ.ഇ.യിൽ ജീവിക്കുന്നവർക്കെല്ലാം ആഘോഷത്തിന്റെ ദിവസമാണ്. ലോകത്തിനുമുന്നിൽ വലിയനേട്ടങ്ങൾ എത്തിപ്പിടിച്ചാണ് യു.എ.ഇ. നിലകൊള്ളുന്നത്.

വിദ്യാഭ്യാസം, ആരോഗ്യം, ശാസ്ത്രസാങ്കേതിക വിദ്യ എന്നിവയിലെല്ലാം ലോകത്തിലെ മറ്റേത് രാഷ്ട്രത്തോടും ചേർന്നുനിൽക്കുന്ന വികസനമാണ് യു.എ.ഇ.യിൽ നടന്നുവരുന്നത്. 1971 ഡിസംബർ രണ്ടിന് അബുദാബി, ദുബായ്, ഷാർജ, അജ്മാൻ, ഫുജൈറ, ഉമ്മുൽഖുവൈൻ എന്നീ എമിറേറ്റുകളെ യുണൈറ്റഡ് അറബ് എമിറേറ്റ് എന്ന ഒരുപേരിൽ ചേർത്തുനിർത്തുമ്പോൾ മണൽക്കൂനകളും കടൽത്തീരങ്ങളും മാത്രമായുള്ള ഒരു മേഖലയായിരുന്നു ഇത്. തൊട്ടടുത്തവർഷം ഫെബ്രുവരി 10-ന് റാസൽഖൈമകൂടി യു.എ.ഇ.ക്ക് കീഴിലെത്തുകയും ഏഴ് എമിറേറ്റുകൾ ഒരു പതാകയ്ക്ക് കീഴിലാവുകയും ചെയ്തു. ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനെന്ന ദീർഘദർശിയായ നേതാവിന്റെ നേതൃത്വത്തിൽ യു.എ.ഇ. പിന്നീട് സാധ്യതകൾ തേടിയുള്ള പ്രയാണത്തിലായിരുന്നു.

ജനങ്ങൾക്ക് ആവശ്യമുള്ളതെല്ലാം കൈക്കുമ്പിളിൽ നൽകുന്ന മഹത്തായ രാജ്യവും അതിന്റെ ദീർഘദർശികളായ ഭരണാധികാരികളും ലോകത്ത് മറ്റെവിടെയും കാണില്ല. എല്ലാവർക്കും സുരക്ഷിതത്വവും മികച്ച ജീവിതസൗകര്യങ്ങളും നൽകുന്ന നാട് എന്ന വിശേഷണം വേറെയും. രാജ്യത്തെ ജനങ്ങളുടെ സുരക്ഷ മാത്രമല്ല, രാജ്യത്തേക്ക് എത്തുന്ന സന്ദർശകരുടെ ജീവിതത്തിനുകൂടി യു.എ.ഇ. ഭരണനേതൃത്വത്തിന്റെ കരുതലുണ്ട്. യു.എ.ഇ. ദേശീയദിനം എന്നത് ഓരോ മലയാളിയുടെയുംകൂടി ആഘോഷമാണ്.

ദേശീയദിനം: സൗജന്യ പാർക്കിങ്, ഗതാഗതപ്പിഴയിളവ്

: ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി വിവിധ എമിറേറ്റുകളിൽ മൂന്നുദിവസത്തെ സൗജന്യ പാർക്കിങ് പ്രഖ്യാപിച്ചു. ദുബായിൽ ഡിസംബർ ഒന്ന് (വ്യാഴം) മുതൽ ഡിസംബർ മൂന്ന് (ശനി) വരെ വൻകിട കെട്ടിടങ്ങൾക്ക് സമീപമുള്ള പാർക്കിങ്ങുകൾ ഒഴികെ മറ്റെല്ലാ പൊതു പാർക്കിങ്ങുകളും സൗജന്യമായിരിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.) അറിയിച്ചു. സമാനദിവസങ്ങളിൽ അബുദാബി, ഷാർജ എന്നീ എമിറേറ്റുകളിലും പൊതു പാർക്കിങ് സൗജന്യമായിരിക്കും. വ്യാഴം മുതൽ ഞായർ വരെ എമിറേറ്റിലെ പൊതുപാർക്കിങ് സ്ഥലങ്ങളും ഡാർബ് ടോൾ ഗേറ്റുകളും സൗജന്യമായി ഉപയോഗിക്കാമെന്ന് അബുദാബി നഗരസഭാ ഗതാഗത വകുപ്പിന്റെ ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്ററിന്റെ (ഐ.ടി.സി.) അറിയിപ്പിലുണ്ട്. മവാഖിഫ് നിയന്ത്രണങ്ങൾ അനുസരിക്കണമെന്നും നിരോധിത മേഖലകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്നും ഐ.ടി.സി. ഡ്രൈവർമാരെ ഓർമിപ്പിച്ചു. ഷാർജയിൽ നീല അടയാള ചിഹ്നങ്ങളുള്ള പണമടച്ചുള്ള പാർക്കിങ് മേഖലകൾ ഒഴികെ മറ്റ് പൊതു പാർക്കിങ്ങുകൾ സൗജന്യമായിരിക്കും.

പൊതുഗതാഗത സമയക്രമങ്ങളിൽ മാറ്റം

: ദേശീയദിന അവധിദിനങ്ങളിൽ ഉപഭോക്തൃ സേവനകേന്ദ്രങ്ങൾക്ക് അവധിയായിരിക്കും. പൊതുഗതാഗത സംവിധാനങ്ങളുടെ സമയക്രമത്തിലും ആർ.ടി.എ. മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. നവംബർ 30 (ബുധൻ) മുതൽ ഡിസംബർ മൂന്ന് വരെ മെട്രോയുടെ ചുവപ്പ്, പച്ച ലൈനുകൾ രാവിലെ അഞ്ച് മണി മുതൽ പിറ്റേദിവസം പുലർച്ചെ ഒരു മണിവരെ പ്രവർത്തിക്കും. ഡിസംബർ നാലിന് (ഞായർ) രണ്ട് ലൈനുകളിലും രാവിലെ എട്ട് മുതൽ അർധരാത്രി 12 വരെ മെട്രോ സേവനം നടത്തും. ദുബായ് ട്രാം നവംബർ 30 മുതൽ ഡിസംബർ മൂന്ന് വരെ രാവിലെ ആറ്്‌ മണി മുതൽ പിറ്റേന്ന് പുലർച്ചെ ഒരു മണി വരെയും ഡിസംബർ നാലിന് രാവിലെ ഒൻപത് മണി മുതൽ ഒരു മണി വരെയും പ്രവർത്തിക്കുമെന്ന് ആർ.ടി.എ. അറിയിച്ചു. ഡിസംബർ ഒന്ന് മുതൽ നാല് വരെ രാവിലെ ആറു മുതൽ പിറ്റേന്ന് പുലർച്ചെ ഒരു മണി വരെ പൊതുബസുകളും സർവീസ് നടത്തും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..