അനുസ്മരണദിനത്തോട് അനുബന്ധിച്ച് ദുബായ് പോലീസ് ആസ്ഥാനത്ത് പോലീസ് കമാൻഡർ ഇൻ ചീഫ് ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി, മുതിർന്ന ഉദ്യോഗസ്ഥർ, ജീവനക്കാർ എന്നിവർ ദേശീയ പതാകയ്ക്ക് മുന്നിൽ മൗനമാചരിക്കുന്നു
അബുദാബി : രാജ്യത്തിനുവേണ്ടി വീരമൃത്യുവരിച്ച രക്തസാക്ഷികളുടെ ഓർമകൾക്ക് മുന്നിൽ സ്മരണദിനമായ ബുധനാഴ്ച യു.എ.ഇ. ഭരണാധികാരികൾ പ്രണാമമർപ്പിച്ചു. രാവിലെ 11.30-ന് രാജ്യം ഒരുമിനിറ്റ് മൗനമാചരിച്ചു. അബുദാബി ശൈഖ് സായിദ് ഗ്രാൻഡ് മോസ്കിന് സമീപം വാഹത് അൽ കരാമ രക്തസാക്ഷി സ്മാരകത്തിൽ ബുധനാഴ്ച ഭരണാധികാരികൾ പുഷ്പചക്രം അർപ്പിച്ചു.
രാജ്യത്തെ സംരക്ഷിക്കുന്നതിനായി ജീവൻ ത്യജിച്ച ധീരരെ നന്ദിയോടെയും അഭിമാനത്തോടെയും സ്മരിക്കുന്നുവെന്ന് യു.എ.ഇ.പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ട്വീറ്റ് ചെയ്തു. രക്തസാക്ഷികളുടെ കുട്ടികളെയും കുടുംബത്തെയും എക്കാലവും യു.എ.ഇ. ചേർത്തുപിടിക്കുമെന്നും പ്രതിജ്ഞയെടുത്തു. അന്തരിച്ച സഹോദരൻ ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെയും രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെയും മറ്റ് സ്ഥാപകനേതാക്കളുടെയും സംഭാവനകളെ ആദരവോടെ ഓർക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
രക്തസാക്ഷികൾ യു.എ.ഇ. ജനഹൃദയങ്ങളിൽ എപ്പോഴും ജീവിച്ചിരിക്കുന്നുവെന്ന് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വിറ്ററിൽ കുറിച്ചു. രാജ്യത്തിന്റെ ഉയർച്ചയ്ക്കും മഹത്ത്വത്തിനുമായി രാക്ഷസാക്ഷികൾ നടത്തിയ ധീര പ്രവൃത്തികൾ എന്നും ഓർമിക്കപ്പെടുമെന്ന് ദുബായ് ഉപഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. ഷാർജ, ഉമ്മുൽഖുവൈൻ, അജ്മാൻ, റാസൽഖൈമ, ഫുജൈറ എന്നീ എമിറേറ്റുകളിലെ ഭരണാധികാരികളും രക്തസാക്ഷികളെ അനുസ്മരിച്ചു. 1971 നവംബർ 30-ന് യു.എ.ഇയുടെ ആദ്യരക്തസാക്ഷി സാലെം സുഹൈൽ ബിൻ ഖാമിസിന്റെ സ്മരണാർഥമാണ് യു.എ.ഇ.അനുസ്മരണ ദിനം ആചരിക്കുന്നത്. സ്മാരകദിനം ബുധനാഴ്ചയാണെങ്കിലും വ്യാഴാഴ്ചയാണ് രാജ്യത്ത് പൊതുഅവധി പ്രഖ്യാപിച്ചിരിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..