ദുബായ് : സാങ്കേതികതടസ്സങ്ങളെത്തുടർന്ന് ബുധനാഴ്ച നടത്താനിരുന്ന യു.എ.ഇ.യുടെ ചാന്ദ്രദൗത്യമായ റാഷിദ് റോവർ വിക്ഷേപണം വ്യാഴാഴ്ചയിലേക്ക് മാറ്റിവെച്ചു. വ്യാഴാഴ്ച യു.എ.ഇ. സമയം ഉച്ചയ്ക്ക് 12.37-ന് വിക്ഷേപണം നടക്കുമെന്ന് മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ (എം.ബി.ആർ.എസ്.സി) അറിയിച്ചു. ലോഞ്ച് വെഹിക്കിളിനായി നടത്തേണ്ടിയിരുന്ന പ്രീ ഫ്ളൈറ്റ് ചെക്ക് ഔട്ടുകൾ പൂർത്തിയാകാഞ്ഞതാണ് കാലതാമസത്തിന് കാരണമെന്ന് ബന്ധപ്പെട്ടവർ ട്വീറ്റ് ചെയ്തു. നേരത്തേ നവംബർ 22-നായിരുന്നു വിക്ഷേപണം നടത്താൻ തീരുമാനിച്ചിരുന്നത്. പിന്നീടത് നവംബർ 28-ലേക്കും തുടർന്ന് 30-ലേക്കും മാറ്റിവെക്കുകയായിരുന്നു. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അറബ് ലോകത്തെത്തന്നെ ആദ്യ ചാന്ദ്രദൗത്യം മറ്റു തടസ്സങ്ങളൊന്നുമില്ലെങ്കിൽ വ്യാഴാഴ്ച നടക്കുമെന്നാണ് പ്രതീക്ഷ. വിക്ഷേപണങ്ങൾ വൈകുന്നതിന് ഒട്ടേറെ ഘടകങ്ങളുണ്ട്. പ്രതികൂല കാലാവസ്ഥയും സാങ്കേതിക തകരാറുകളുമെല്ലാം വിക്ഷേപണം തടസ്സപ്പെടുത്തിയേക്കാമെന്ന് അമിറ്റി ദുബായ് സാറ്റലൈറ്റ് ഗ്രൗണ്ട് സ്റ്റേഷൻ പ്രോജക്ട് ഡയറക്ടർ ശരത് രാജ് പറഞ്ഞു.
വിവിധ സാമൂഹികപേജുകളിലൂടെ ദൗത്യം തത്സമയം പ്രക്ഷേപണംചെയ്യും. ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽനിന്നാണ് റാഷിദ് റോവറിന്റെ കുതിപ്പ്. അടുത്തവർഷം ഏപ്രിലിൽ റാഷിദ് ദൗത്യം പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷ. ജപ്പാൻ ആസ്ഥാനമായുള്ള ഐ സ്പേസ് ഇൻക് (ഇസ്പേസ്) ആണ് റാഷിദ് റോവറിന്റെ വിക്ഷേപണത്തിന് പിന്നിൽ. ഐ സ്പേസാണ് ഹകുട്ടോ ആർ മിഷൻ വൺ എന്ന ജാപ്പനീസ് ലാൻഡർ നിർമിച്ചത്. വിജയകരമായാൽ ചന്ദ്രനിൽ പേടകമിറക്കുന്ന നാലാമത്തെ രാജ്യമായി യു.എ.ഇ. മാറും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..