ദുബായ് : യു.എ.ഇ. യുടെ 51-ാമത് ദേശീയദിനത്തോട് അനുബന്ധിച്ച് വിവിധ എമിറേറ്റുകളിലെ ഭരണാധികാരികൾ ജനങ്ങൾക്ക് ആശംസകൾ നേർന്നു. മാനുഷിക മൂല്യങ്ങൾ, മതധാർമികത, സാംസ്കാരിക പൈതൃകം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിന് ഉത്സാഹവും മഹത്തായ അഭിലാഷമുള്ളതുമായ ഒരു രാജ്യത്തിന്റെ പിറവിക്ക് സാക്ഷ്യം വഹിച്ച ദിനമാണ് ദേശീയദിനമെന്ന് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പറഞ്ഞു.
ഇമിറാത്തി ജനത യൂണിയനിലുള്ള തങ്ങളുടെ വിശ്വാസം ഉറപ്പിക്കുന്ന ദിനമാണ് ദേശീയദിനമെന്ന് സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി വ്യക്തിമാക്കി. 1971 ഡിസംബർ രണ്ടിന് യു.എ.ഇ.സ്ഥാപിതമായതിനുശേഷം ജനങ്ങളുടെ ദീർഘനാളത്തെ ആഗ്രഹം ഉണർത്തിക്കൊണ്ട് ശോഭനമായ ഭാവിക്ക് തുടക്കമിട്ടെന്ന് സുപ്രീം കൗൺസിൽ അംഗവും ഉമ്മുൽഖുവൈൻ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ല വ്യക്തമാക്കി.
ഗൾഫ് മേഖല നേരിടുന്ന എല്ലാത്തരം വെല്ലുവിളികളെയും തരണം ചെയ്യാൻ യു.എ.ഇ. യെ പ്രാപ്തമാക്കിയ അഞ്ച് പതിറ്റാണ്ടിന്റെ നിശ്ചയദാർഢ്യമാണ് 51-ാമത് ദേശീയദിനം ഉയർത്തിക്കാട്ടുന്നതെന്ന് സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ശർഖി പറഞ്ഞു. സ്ഥാപക പിതാക്കൻമാരുടെ ശക്തമായ ഇച്ഛാശക്തിയും നിശ്ചയദാർഢ്യവും അഭിമാനത്തോടെ സ്മരിക്കാനുള്ള രാജ്യത്തിന്റെ ചരിത്രത്തിലെ സുപ്രധാന നിമിഷമാണ് യു.എ.ഇ. യുടെ സ്ഥാപകവാർഷികമെന്ന് സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിൻ സഖർ അൽ ഖാസിമിയും വ്യക്തമാക്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..