ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വേൾഡ്സ് കൂളസ്റ്റ് വിന്റർ കാമ്പയിൻ പുതിയ പതിപ്പിന്റെ പ്രഖ്യാപനവേളയിൽ
അജ്മാൻ : ‘വേൾഡ്സ് കൂളസ്റ്റ് വിന്റർ’ കാമ്പയിന്റെ പുതിയ പതിപ്പ് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പുറത്തിറക്കി. ‘നമ്മുടെ പൈതൃകം’ എന്ന ആശയത്തിലാണ് ഈവർഷം കാമ്പയിൻ നടക്കുക. അജ്മാൻ അൽ സോറ നാച്വറൽ റിസർവിൽ ശൈഖ് മുഹമ്മദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവിട്ടത്. അജ്മാനിലെ ചെങ്കോട്ട, മാസ്ഫൗട്ട് പർവതങ്ങൾ, അൽ മനാമ താഴ്വരകൾ തുടങ്ങിയ സുപ്രധാന ലക്ഷ്യസ്ഥാനങ്ങളിൽനിന്നാണ് കാമ്പയിൻ ആരംഭിക്കുകയെന്ന് ശൈഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു.
അജ്മാൻ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമിയുടെ നേതൃത്വത്തിൽ എമിറേറ്റിലെ വിനോദസഞ്ചാരമേഖല കുതിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക സാങ്കേതികവിദ്യ, വിനോദസഞ്ചാരം, നിർമാണം, പുനരുപയോഗ ഊർജം തുടങ്ങിയ മേഖലകളിൽ നിക്ഷേപങ്ങൾ നടത്താനുള്ള സംയോജിത ദേശീയവേദിക്കും മന്ത്രിസഭായോഗത്തിൽ ശൈഖ് മുഹമ്മദ് അംഗീകാരം നൽകി. നിക്ഷേപ അവസരങ്ങൾ വർധിപ്പിക്കാൻ പുതിയപദ്ധതി സഹായകരമാകുമെന്നാണ് പ്രതീക്ഷ. ലോകത്തിലെ ഏറ്റവുംവലിയ ശൈത്യകാല വിനോദസഞ്ചാര കാമ്പയിന്റെ കഴിഞ്ഞപതിപ്പിൽ ആഭ്യന്തര വിനോദസഞ്ചാര മേഖലയിൽ 36 ശതമാനം വളർച്ച കൈവരിച്ചിട്ടുണ്ട്. ഗ്രാമങ്ങൾ, താഴ്വരകൾ, പർവതങ്ങൾ തുടങ്ങിയവയിലൂടെ യു.എ.ഇ.യുടെ സൗന്ദര്യം ഉയർത്തിക്കാട്ടുകയാണ് ലക്ഷ്യമെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..