രാജലക്ഷ്മിക്കും മകൾക്കും അടച്ചുറപ്പുള്ള വീടായി


ഷാർജ : ബധിരയും മൂകയുമായ രാജലക്ഷ്മിക്കും ഓട്ടിസം ബാധിച്ച എട്ടുവയസ്സുകാരി മകൾ ഗൗരിക്കും അടച്ചുറപ്പുള്ള വീടായി. വീട് നിർമിച്ചുനൽകുന്നത് ഫുജൈറയിലെ വ്യവസായിയായ കായംകുളം പത്തിയൂർ സ്വദേശി സജി ചെറിയാൻ. അദ്ദേഹത്തിന്റെ നാട്ടിലെ പത്തിയൂർ പഞ്ചായത്ത് എരുവ പടിഞ്ഞാറ് തറയിൽപറമ്പിൽ രാജലക്ഷ്മി (43) യുടെയും പരസഹായമില്ലാതെ ഒന്നിനുംകഴിയാത്ത മകൾ ഗൗരിയുടെയും വേദന മാതൃഭൂമി ചാനലിലൂടെയാണ് ലോകമറിഞ്ഞത്. വാർത്ത ശ്രദ്ധയിൽപെട്ട സജി ചെറിയാൻ കുടുംബത്തിനും വീട് നിർമിച്ചുനൽകാൻ തീരുമാനിക്കുകയായിരുന്നു. അദ്ദേഹം തന്നെ നൽകിയ മൂന്നുസെന്റിൽ നിർമിക്കുന്ന വീടിന്റെ പണി അവസാനഘട്ടത്തിലാണ്. രണ്ടുമാസത്തിനുള്ളിൽ വീട് രാജലക്ഷ്മിക്കും മകൾക്കും കൈമാറുമെന്ന് സജി ചെറിയാൻ പറഞ്ഞു.

ജീവിതദുഃഖം ആരോടും പങ്കുവെയ്ക്കാൻ സാധിക്കാതെ കണ്ണീരോടെ കഴിയുകയായിരുന്നു രാജലക്ഷ്മിയും കുടുംബവും. അപ്പോഴാണ് വാർത്തയറിഞ്ഞ് സജി ചെറിയാൻ കൈത്താങ്ങായത്. എരുവ മാവിലേത്ത് സർക്കാർ സ്കൂളിൽ മൂന്നാംക്ലാസിലാണ് ഗൗരി പഠിക്കുന്നത്. ഏതുസമയത്തും ബോധമറ്റുവീഴാവുന്ന ഗൗരിക്ക് സെറിബ്രൽ പാൾസിയും അപസ്മാരവുമുണ്ട്. അതിനാലാണ് അമ്മ മകൾക്ക് കൂട്ടിരിക്കുന്നത്. രാജപ്പന്റെയും വിജയമ്മയുടെയും മകളാണ് രാജലക്ഷ്മി. ഭർത്താവ് രാജലക്ഷ്മിയെ ഉപേക്ഷിച്ചുപോയിരുന്നു.

അടച്ചുറപ്പുള്ള ഒരു വീടായിരുന്നു ഈ കുടുംബത്തിന്റെ സ്വപ്നം. വെള്ളച്ചാലിനോട് ചേർന്ന് 15 അടിയിലധികം താഴ്ചയുള്ള പ്രദേശത്തുള്ള സഹോദരന്റെ ചെറിയ വീട്ടിലാണ് രാജലക്ഷ്മിയും കുടുംബവും കഴിഞ്ഞിരുന്നത്. മകളെ സ്കൂളിലും ആശുപത്രിയിലുമെത്തിക്കാൻ അവർ വളരെയധികം ബുദ്ധിമുട്ടുകയായിരുന്നു. കൂലിപ്പണിക്കുപോയിരുന്ന രാജലക്ഷ്മിയുടെ അച്ഛൻ രാജപ്പൻ അടുത്തിടെ വീണ് എല്ലുപൊട്ടി വാക്കറിന്റെ സഹായത്തിലായി ജീവിതം. അതോടെയാണ് രാജലക്ഷ്മി പൂർണമായും നിസ്സഹായയായത്.

ഒട്ടേറെ ജീവകാരുണ്യപ്രവർത്തനങ്ങൾചെയ്ത സജി ചെറിയാൻ 16 വർഷമായി ഫുജൈറയിലുണ്ട്. ഫുജൈറയിൽ സ്വന്തംചെലവിൽ പള്ളി നിർമിച്ചുനൽകിയും സജി ചെറിയാൻ ശ്രദ്ധിക്കപ്പെട്ടിരുന്നു. രാജലക്ഷ്മിയെ കൂടാതെ കായംകുളത്ത് പത്തിയൂരിൽ വേറെയും ഏഴ് വീടുകൾ നിർധനരോഗികൾക്ക് നിർമിച്ചുനൽകുകയാണ് സജിചെറിയാൻ. അതിനായി 40 സെന്റ് സ്ഥലവും വാങ്ങിയിട്ടുണ്ട്. കോവിഡ് ബാധിച്ചുമരിച്ച പ്രവാസിമലയാളികളുടെ നിർധന കുടുംബത്തെ സഹായിക്കാനുമുള്ള ഒരുക്കത്തിലാണിദ്ദേഹം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..