ആഗോള ബഹിരാകാശസംവാദം അബുദാബിയിൽ


സാറ അൽ അമീരി

അബുദാബി : ലോകമെമ്പാടുമുള്ള ബഹിരാകാശ മേഖലയിലെ വിദഗ്ധർ പങ്കെടുക്കുന്ന ആദ്യത്തെ ബഹിരാകാശസംവാദത്തിന് (എ.ഡി.എസ്.ഡി.) അബുദാബിയിൽ തിങ്കളാഴ്ച തുടക്കമായി. ബഹിരാകാശമേഖല നേരിടുന്ന വെല്ലുവിളികൾ ചർച്ചചെയ്യാനും പരിഹാരം കണ്ടെത്താനുമുള്ള വലിയഅവസരമാണ് ഇതെന്ന് പൊതുവിദ്യാഭ്യാസ നൂതന സാങ്കേതിക സഹമന്ത്രിയും യു.എ.ഇ. സ്‌പേസ് ഏജൻസി ചെയർപേഴ്സണുമായ സാറ അൽ അമീരി പറഞ്ഞു.

‘ ബഹിരാകാശ മേഖലയുടെ വികസനത്തിന് ഊന്നൽ നൽകിക്കൊണ്ട് സർക്കാരുകൾ, സ്വകാര്യമേഖല, വിദ്യാഭ്യാസ വിദഗ്ധർ തുടങ്ങിയവരുടെ നേതൃത്വത്തിൽ സമഗ്രമായ കാഴ്ചപ്പാടുകൾ അവതരിപ്പിക്കുന്ന വേദിയാണ് എ.ഡി.എസ്.ഡി. രാജ്യത്തിന്റെ ബഹിരാകാശ മേഖലയിൽ മാതൃകാപരമായ മുന്നേറ്റം നടത്തുന്നതിനായി വിലപ്പെട്ട സംഭാവനകൾ നല്കാൻ സംവാദത്തിന് സാധിക്കും’-സാറ അൽ അമീരി പറഞ്ഞു. ബഹിരാകാശ അവശിഷ്ടങ്ങൾ ഉയർത്തുന്ന വെല്ലുവിളികളെക്കുറിച്ചും അതിനെതിരേ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും അവർ സദസ്സിനോട് സംവദിച്ചു.

ഇന്ത്യ-യു.എ.ഇ. ബഹിരാകാശ സഹകരണം വർധിപ്പിക്കും

അബുദാബി : യു.എ.ഇ.യുമായുള്ള ബഹിരാകാശ സഹകരണം പുതിയ തലങ്ങളിലേക്ക് ഉയർത്താൻ ആഗ്രഹിക്കുന്നതായി ഇന്ത്യൻ ബഹിരാകാശ ശാസ്ത്ര സാങ്കേതികമന്ത്രി ഡോ. ജിതേന്ദ്ര സിങ് പറഞ്ഞു. അബുദാബി ബഹിരാകാശസംവാദത്തിന്റെ ഉദ്ഘാടനവേളയിൽ സദസ്സിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഹോപ്പ് പ്രോബ്, റാഷിദ് റോവർ ചാന്ദ്രദൗത്യം തുടങ്ങി ബഹിരാകാശമേഖലയിൽ യു.എ.ഇ. കൈവരിച്ച നേട്ടങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ഇരുരാജ്യങ്ങളും അതീവപ്രാധാന്യം നൽകുന്ന മേഖലയാണ് ബഹിരാകാശമെന്നും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിൽ യു.എ.ഇ.യുമായുള്ള സഹകരണം വർധിപ്പിക്കാൻ ഇന്ത്യ താത്പര്യപ്പെടുന്നതായും അദ്ദേഹം പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..