ജിദ്ദയുടെ ആകാശം മൂടിക്കെട്ടിയനിലയിൽ
ജിദ്ദ : മക്കയിലും സമീപപ്രദേശങ്ങളിലും വെള്ളിയാഴ്ച കനത്തമഴ പെയ്തു. മഴയെത്തുടർന്നുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താൻ സൗദി സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ് പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചു.
വെള്ളിയാഴ്ചയുണ്ടായ കനത്ത മഴയിൽ നാശനഷ്ടമുണ്ടായവർക്ക് നഷ്ടപരിഹാരം നൽകാനുള്ള അപേക്ഷകൾ കമ്മിറ്റികൾ സ്വീകരിക്കുമെന്ന് ഡയറക്ടറേറ്റ് അറിയിച്ചു. അതേസമയം പേമാരിയിൽ മരണങ്ങളോ പരിക്കോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
മക്കയിലെ കെട്ടിടങ്ങളിൽ മഴവെള്ളം കയറുന്നതും കാറുകൾ ഒലിച്ചുപോകുന്നതുമായ വിവിധ വീഡിയോകളും ചിത്രങ്ങളും സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
വെള്ളിയാഴ്ച മക്കയിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. മക്ക മേഖലയിലെ ദുരന്തനിവാരണ അതോറിറ്റി അത്യാവശ്യത്തിനല്ലാതെ താമസക്കാരോട് പുറത്തിറങ്ങരുതെന്നും മുന്നറിയിപ്പ് നൽകി.
താമസക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ മഴവെള്ളം കെട്ടിക്കിടക്കുന്ന പ്രദേശങ്ങളിലേക്ക് ഇറങ്ങരുതെന്നും നിർദേശിച്ചിരുന്നു.
വെള്ളിയാഴ്ച പുലർച്ചെ ഹറം പരിസരത്തും മക്കയുടെ വിവിധ ഭാഗങ്ങളിലും ഇടിയും കാറ്റോടുകൂടി കനത്തമഴയാണ് പെയ്തത്. ചില ഡിസ്ട്രിക്ടുകളിൽ മഴയെത്തുടർന്ന് റോഡുകളിലെല്ലാം വെള്ളക്കെട്ടുണ്ടായി. വാഹനങ്ങൾക്ക് കേടുപാട് സംഭവിച്ചു.
നിർത്തിയിട്ട ചില വാഹനങ്ങൾ ഒഴുക്കിൽപ്പെട്ടു. മരങ്ങൾ കടപുഴകിവീണു. പലസ്ഥലങ്ങളിലും മാലിന്യപ്പെട്ടികൾ ഒലിച്ചുപോയിരുന്നു. വെള്ളിയാഴ്ച രാത്രി ഒൻപതു മണിവരെയും കനത്തമഴ നീണ്ടുനിന്നു. രാവിലെ മുതൽതന്നെ ആകാശം മേഘാവൃതമായിരുന്നു.
മഴജാഗ്രതാ നിർദേശം ലഭിച്ചതുകൊണ്ട് ബന്ധപ്പെട്ട വകുപ്പുകൾ വേണ്ട മുൻകരുതൽ എടുത്തിരുന്നു. വിമാനയാത്രക്കാരോട് യാത്രാസമയത്തിൽ മാറ്റമുണ്ടോയെന്ന് ഉറപ്പുവരുത്താൻ വിമാനക്കമ്പനികളുമായി ആശയവിനിമയം നടത്താൻ ജിദ്ദ കിങ് അബ്ദുൽ അസീസ് വിമാനത്താവള അധികൃതർ ആവശ്യപ്പെട്ടിരുന്നു.
ചില വിമാനങ്ങൾ വൈകിയതായും അധികൃതർ അറിയിച്ചിരുന്നു. മദീന, അൽവജ്ഹ്, തബൂക്ക് എന്നിവിടങ്ങളിലും വെള്ളിയാഴ്ച മഴപെയ്തു.
ഷാർജയിലും ഫുജൈറയിലും മഴ
ഷാർജ : യു.എ.ഇ.യുടെ വിവിധഭാഗങ്ങളിൽ വെള്ളിയാഴ്ച മഴ ലഭിച്ചതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഷാർജ, ഫുജൈറ എന്നിവിടങ്ങളിലാണ് മഴ കാര്യമായി ലഭിച്ചത്.
അടുത്ത രണ്ടുദിവസങ്ങളിലും മഴ തുടരുമെന്നാണ് വിവരം. അന്തരീക്ഷം പൊതുവേ മേഘാവൃതമായിരിക്കും. ചിലസമയങ്ങളിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാകേന്ദ്രം അറിയിച്ചു. വാഹനമോടിക്കുന്നവർ അതീവജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..